ചെന്നൈ: രാജ്യത്തെ ആദ്യത്തെ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ വസീര്‍എക്സിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. വസീര്‍എക്സിന്റെ പ്ലാറ്റ്ഫോം വഴി വന്‍തോതില്‍ കള്ളപണം വെളുപ്പിക്കല്‍ നടന്നുവെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൈനീസ് പൗരന്‍മാരടക്കമുള്ളവരുടെ ഇടപാടുകള്‍ സംശയകരമാണെന്നും ഇഡി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ ഇടപാടുകാരുടെ പണം സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചു.

മുംബൈ ആസ്ഥാനമായുള്ള വസീര്‍എക്സിനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്‍കിയത്. ചൈനീസ് കമ്പനികള്‍ നടത്തുന്ന ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ അന്വേഷിക്കുന്ന ഇഡി വിഭാഗമാണ് കമ്പനി ഡയറക്ടര്‍മാരായ നിശാല്‍ ഷെട്ടിക്കും സമീര്‍ മഹാത്രയ്ക്കും നോട്ടിസ് നല്‍കിയത്. കമ്പനി വിദേശനാണയ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്നാണു പ്രധാന ആരോപണം. കൂടാതെ കമ്പനി പ്ലാറ്റ്ഫോം വഴി കള്ളപണം വെളുപ്പിക്കല്‍ നടത്തിയതായും നോട്ടിസിലുണ്ട്.

കമ്പനി വഴി 57 കോടി രൂപ ചൈനീസ് ക്രിപ്റ്റോ കറന്‍സിയായ ടെതറിലേക്ക് മാറ്റിയത് ഇഡി കണ്ടെത്തി. കൂടാതെ മറ്റൊരു രാജ്യാന്തര ക്രിപ്റ്റോ കറന്‍സിയിലേക്കും ഇന്ത്യന്‍ രൂപ മാറ്റിയതും സ്ഥിരീകരിച്ചു. എന്നാല്‍ ഇതുവരെ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് വസീര്‍എക്സ് കമ്പനി അറിയിച്ചു. ഇടപാടുകളെല്ലാം സുതാര്യമാണെന്നും ആരുടെയും പണം നഷ്ടമാകില്ലെന്നും കമ്പനി ട്വീറ്റ് ചെയ്തു. ഉപഭോക്താക്കള്‍ക്കു സ്വതന്ത്രമായി ക്രിപ്റ്റോ കറന്‍സി ഇടപാട് നടത്താനും ഇവ ഇന്ത്യന്‍ രൂപയിലേക്കു മാറ്റാനും സൗകര്യം നല്‍കുന്നതാണ് വസീര്‍എക്സ് കമ്പനിയുടെ സേവനം. 2780 കോടി രൂപയുടെ ഇടപാടാണ് ഇന്ത്യയുടെ സ്വന്തം ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചെന്ന അവകാശവാദമുള്ള കമ്പനിയുടേത്.

LEAVE A REPLY

Please enter your comment!
Please enter your name here