ന്യൂഡൽഹി: ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി. ഇന്നു ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം അറിയിച്ചത്. മണ്ഡല പുനർനിർണ്ണയം പൂർത്തിയാക്കിയ ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ജമ്മു കാശ്മീരിന് സംസ്ഥാന പദവി നൽകണമെന്ന ആവശ്യമാണ് യോഗത്തിൽ പൊതുവായി ഉയർന്നത്.

ജമ്മുകാശ്മീരിൽ നിന്നുള്ള എട്ട് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 14 നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ ഉണ്ടായിരുന്നു.

കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നാണ് കാശ്മീർ താഴ്വരയിലെ പാർട്ടികളുടെ ഗുപ്കർ സഖ്യം ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യം കോടതിയുടെ പരിഗണനയിലാണെന്നും കോടതി തീരുമാനമെടുക്കട്ടേ എന്നുമാണ് കേന്ദ്രം പ്രതികരിച്ചത്.

ജമ്മുവിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് പുത്തൻ പ്രതീക്ഷ നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശ്മീർ യുവാക്കൾക്ക് അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി ജമ്മു കാശ്മീരിനെ വിഭജിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതിന് മണ്ഡല പുനക്രമീകരണം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പ് നടത്തിയതുപോലെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here