ന്യൂ ഡൽഹി:  പിസിസി അധ്യക്ഷസ്ഥാനത്തു നിന്നുള്ള നവ്‌ജ്യോത്സിംഗ് സിദ്ദുവിന്റെ രാജി കോൺഗ്രസ്  അംഗീകരിച്ചേക്കും. പഞ്ചാബിൽ  സിദ്ദുവിന് പകരം പുതിയ അധ്യക്ഷനെ തേടുകയാണ് പാർട്ടി. സിദ്ദുവിന്റെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഉന്നതവൃത്തങ്ങൾ  പ്രതികരിച്ചു.

ഈ മാസം 28നാണ് സിദ്ദു രാജിക്കത്ത് ഹൈക്കമാൻഡിന് അയച്ചുകൊടുത്തത്. അതിനു ശേഷം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുമായി ചർച്ചയ്ക്ക് സിദ്ദു തയ്യാറായി. ഡി ജി പി, അഡ്വക്കേറ്റ് ജനറൽ തുടങ്ങിയവരെ മാറ്റണമെന്ന നിലപാടിൽ സിദ്ദു ഉറച്ചുനിൽക്കുകയായിരുന്നു. സിദ്ദുവിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പും ചരൺജിത് സിംഗ് നൽകി. അതിനുശേഷം രണ്ട് വട്ടം ചരൺജിത് സിംഗ് ഹൈക്കമാൻഡുമായി ചർച്ച നടത്തി. സിദ്ദുവിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ല എന്നുള്ള നിലപാടാണ് ഹൈക്കമാൻഡ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് സിദ്ദുവിന്റെ രാജി അംഗീകരിക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളതെന്ന് പാർട്ടി ഉന്നതവൃത്തങ്ങൾ പറയുന്നു.

താൻ പാർട്ടിക്ക് വഴങ്ങുമെന്ന സന്ദേശമാണ് സിദ്ദു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. പദവി പ്രശ്‌നമല്ലെന്നും രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കുമൊപ്പമുണ്ടായിരിക്കുമെന്നും സിദ്ദു ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, മുഖ്യമന്ത്രി സ്ഥാനം തെറിച്ചതിന് പിന്നാലെ  പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബിലെ ഭരണ അസ്ഥിരത ചൂണ്ടിക്കാട്ടി  അമരീന്ദർസിംഗ് രംഗത്തത്തിയിരുന്നു. പാക് പ്രധാനമന്ത്രിയുമായി അടുപ്പമുള്ള സിദ്ദു ദേശ വിരുദ്ധനാണെന്നും, തീവ്രവാദ ശക്തികൾക്ക് നുഴഞ്ഞു കയറാനുള്ള സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്നും അമരീന്ദർ തുറന്നടിച്ചു. കഴിഞ്ഞ ദിവസം അമിത്ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലുമായും നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം അമരീന്ദർസിംഗ് ചൂണ്ടിക്കാട്ടി.  ഡിജിപി എ ജി നിയമനങ്ങൾ രാഷ്ട്രീയ ലാഭത്തിനായി സർക്കാർ  അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന പരാതിയും അമരീന്ദർ സിംഗ് ഉന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here