ലക്നൗ: പശുക്കളുടെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. അഭിനവ് ആംബുലൻസ് എന്ന പേരിൽ ഇരുപത്തിനാല് മണിക്കൂർ ആംബുലൻസ് സേവനമാണ് പശുക്കൾക്കായി സർക്കാർ നടപ്പിലാക്കുന്നത്. ഡിസംബർ മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ഇതോടെ കുറ‌ഞ്ഞ സമയത്തിനുള്ളിൽ തന്നെ പശുക്കൾക്ക് അവശ്യ ചികിത്സ നൽകാനാകും. 515 നവീകരിച്ച ആംബുലൻസുകളാണ് ഇതിനായി സജ്ജീകരിക്കുന്നത്.

 

ആംബുലൻസുകളിൽ ഒരു മ‌ൃഗഡോക്ടറും രണ്ട് മൃഗാശുപത്രി സ്റ്റാഫുകളും ഉണ്ടാകും. ആംബുലൻസ് സേവനങ്ങൾ വേണ്ടവിധം നടപ്പിലാക്കുന്നതിനായി ഒരു കാൾ സെന്ററും രൂപീകരിക്കും. മറ്റ് മൃഗങ്ങളെ വളർത്തുന്നവർക്കും ആംബുലൻസിന്റെ സേവനം തേടാവുന്നതാണ്.

 

ഇതോടൊപ്പം പശുക്കളെ വളർത്തുന്നവർക്ക് പശുക്കളുടെ വിവിധ ബ്രീഡുകൾ മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനവും സർക്കാർ നടപ്പിലാക്കുന്നു. മൂന്ന് തവണ സൗജന്യ ബീജ സങ്കലനത്തിനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കുന്നത്. എംബ്രിയോ ട്രാൻസ്പ്ളാന്റ് എന്ന സാങ്കേതിക വിദ്യയിലൂടെ നൂറ് ശതമാനം ബീജ സങ്കലനം സാദ്ധ്യമാകുന്നു. ബരാബാങ്കി ജില്ലയിലാണ് ഈ സാങ്കേതിക വിദ്യ ആദ്യമായി പരീക്ഷിച്ചത്. ഇത് ഫലം കണ്ടതോടെയാണ് മറ്റ് ജില്ലകളിലും ഈ സാങ്കേതിക വിദ്യ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്.

 

515 ആംബുലൻസുകൾ അഭിനവ് ആംബുലൻസ് പദ്ധതിക്കായി തയ്യാറായതായി സംസ്ഥാന ഫിഷറീസ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി അറിയിച്ചു. ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാകുമെന്നും ഇതോടൊപ്പം കാൾ സെന്ററുകളും രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here