ന്യൂഡൽഹി: ഇന്ത്യയെ പിടിച്ചുലച്ച സമരമായിരുന്നു കഴിഞ്ഞ വർഷം ന്യൂഡൽഹി അതിർത്തിയിൽ നടന്ന കർഷക പ്രക്ഷോഭം. കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ കാർഷിക നയങ്ങൾക്കെതിരായ സമരമായി പഞ്ചാബിൽ തുടങ്ങിയ പ്രക്ഷോഭം പതിയെ ശക്തിയാർജിക്കുകയായിരുന്നു. രക്തച്ചൊരിച്ചിലും മരണവും വരെ കണ്ട സമരത്തിനൊടുവിൽ കർഷകരുടെ ആവശ്യങ്ങൾക്ക് മോദിയുടെ കൂട്ടരും വഴങ്ങുകയായിരുന്നു. അന്ന് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു മിക്ക കർഷക നേതാക്കളും ഇക്കഴിഞ്ഞ ഉത്തർപ്രദേശ്, പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഇറങ്ങിയത്.

എന്നാൽ ഇതിൽ മിക്ക നേതാക്കന്മാർക്കും കെട്ടിവച്ച പണം പോലും നഷ്ടമായ അവസ്ഥയാണ്. കരിമ്പ് കർഷകർക്ക് വലിയ പ്രാധാന്യമുള്ള പശ്ചിമ ഉത്തർപ്രദേശിൽ പോലും ബി ജെ പി നടത്തിയ തേരോട്ടം സാധാരണ കർഷകർ തങ്ങളുടെ നേതാക്കന്മാരെ കാര്യമായി പരിഗണിച്ചിട്ടില്ലെന്നതിന് തെളിവാണ്. പഞ്ചാബിലും സ്ഥിതി വിഭിന്നമല്ല. പഞ്ചാബിലെ സംരാലയിൽ മത്സരിച്ച പ്രമുഖ കർഷക നേതാവായ ബൽബീ‌ർ സിംഗ് രാജ്‌വാല തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആറാം സ്ഥാനത്താണ് എത്തിയത്. ഉത്തർപ്രദേശിൽ ബി ജെ പി ആയിരുന്നെങ്കിൽ പഞ്ചാബിൽ കർഷകരുടെ ഇടയിൽ നിന്നും വോട്ടുകൾ സ്വന്തമാക്കിയത് ആം ആദ്മി പാർട്ടിയായിരുന്നു.

ബൽബീർ സിംഗിന്റേത് ഒറ്റപ്പെട്ട തിരഞ്ഞെടുപ്പ് ഫലം അല്ല. സംസ്ഥാനത്ത് മത്സരിച്ച ഭൂരിപക്ഷം കർഷക നേതാക്കന്മാരും തിരഞ്ഞെടുപ്പിൽ കെട്ടിവച്ച പണം നഷ്ടപ്പെട്ട അവസ്ഥയിലാണ്. പഞ്ചാബ് തിരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റൊരു കർഷക നേതാവായ ഗുർണം സിംഗ് ചദുനിയുടെ അവസ്ഥയും വ്യത്യസ്തമല്ല. സ്വന്തം പാ‌ർട്ടി രൂപീകരിച്ച ശേഷമാണ് ഗുർണം സിംഗ് മത്സരത്തിന് ഇറങ്ങിയത്.

എന്നാൽ ന്യൂഡൽഹിയിലെ കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കർഷക നേതാക്കന്മാർക്ക് പിന്തുണ നൽകില്ലെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. സംയുക്ത കിസാൻ മോർച്ചയുടെ ഈ നിലപാടും ഇവർക്ക് ദോഷകരമായി സംഭവിച്ചെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here