മുംബൈ: നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ ഏക് നാഥ് ഷിൻഡെ 10 ശിവസേന എംഎൽഎമാരുമായി ഗുജറാത്തിലെ സൂറത്തിലുള്ള ഒരു റിസോർട്ടിലേക്ക് മാറിയതായി റിപ്പോർട്ട്. ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസത്തിൻറെ പേരിൽ മുംബൈയിൽ നിന്ന് മാറി നിൽക്കുന്ന ഏക് നാഥ് ഷിൻഡെയുമായി ശിവസേന നേതൃത്വത്തിന് ബന്ധപ്പെടാനാകുന്നില്ലെന്നാണ് വിവരം. ഷിൻഡെയുടെ ഫോൺ ‘പരിധിക്ക് പുറത്താണ്’. എൻ സി പി- കോൺഗ്രസ്- ശിവസേന സഖ്യമായ മഹാവികാസ് അഘാഡി സർക്കാരിന് തലവേദനയാകുകയാണ് ഏക്‌നാഥ് ഷിൻഡെയുടെ ഈ നീക്കം. ഒറ്റയടിക്ക് 11 എംഎൽഎമാർ കൂറുമാറിയാൽ എന്ത് ചെയ്യും ?

കഴിഞ്ഞ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മൂന്ന് വീതം ശിവസേന – കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തിരുന്നു. അടുത്ത നീക്കം പ്രഖ്യാപിക്കാൻ ഏക് നാഥ് ഷിൻഡെ അൽപസമയത്തിനകം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. ഉച്ചയോടെ വാർത്താസമ്മേളനം വിളിക്കുമെന്നാണ് ഷിൻഡെയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിൻഡെ. താനെ മേഖലയിൽ ശിവസേനയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചയാൾ കൂടിയാണ് ഷിൻഡെ. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിൻഡെ, 2014-ൽ മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്നു. ബിജെപിയുമായി വഴിപിരിഞ്ഞ ശേഷം പ്രതിപക്ഷനേതൃപദവി വിശ്വാസത്തോടെ പാർട്ടി ഏൽപിച്ചതും ഷിൻഡെയെത്തന്നെ. പിന്നീട് എൻസിപി – കോൺഗ്രസ് – സഖ്യം മഹാവികാസ് അഘാഡി സർക്കാർ രൂപീകരിച്ചപ്പോൾ നഗരവികസന, പൊതുമരാമത്ത് വകുപ്പാണ് ഷിൻഡെയ്ക്ക് നൽകിയത്.

തന്നെ ഒതുക്കാനാണ് ഉദ്ധവിൻറെ നേതൃത്വത്തിൽ ശ്രമിക്കുന്നതെന്ന വികാരം ശക്തമായിത്തന്നെ ഷിൻഡെയുടെ വൃത്തങ്ങളിലുണ്ട്. അതിനാൽത്തന്നെ നേതൃത്വവുമായി കഴിഞ്ഞ കുറച്ച് കാലമായി ഭിന്നിപ്പിലായിരുന്നു ഷിൻഡെ. നിലവിൽ എൻസിപി- കോൺഗ്രസ് കക്ഷികളുടെയും, മറ്റ് ചെറുകക്ഷികളുടെയും പിന്തുണ ചേർത്താൽ 169 പേരുടെ പിന്തുണയാണ് മഹാവികാസ് അഘാഡി സർക്കാരിനുള്ളത്. ഷിൻഡെയുടെ മകൻ ഡോ. ശ്രീകാന്ത് ഷിൻഡെ കല്യാണിൽ നിന്നുള്ള എം പിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here