ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഗഗന്‍യാന്‍ ടി വി – ഡി വണ്‍ (TV-D1) കുതിച്ചുയര്‍ന്നപ്പോള്‍ അത് രാജ്യത്തിന്റെ ബഹിരാകാശചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി. ആ അപൂര്‍വനിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ.

രണ്ട് മണിക്കൂറിനിടെ രണ്ടുതവണ മാറ്റിവച്ചശേഷമാണ് ഗഗന്‍യാന്‍ ക്രൂ മോഡ്യൂള്‍ ലോഞ്ചിന് സജ്ജമായത്. ഐഎസ്ആര്‍ഒ പുതുതായി വികസിപ്പിച്ച വിക്ഷേപണവാഹനം എല്‍പിഎസ്എസ് ആണ് (Liquid propelled single stage Test Vehicle) ഗഗന്‍യാന്‍ വിക്ഷേപണത്തിന് ഉപയോഗിച്ചത്.

രാവിലെ 8 മണിക്ക് നിശ്ചയിച്ചിരുന്ന വിക്ഷേപണം രണ്ട് മണിക്കൂര്‍ വൈകിയാണ് നടന്നത്. ആദ്യം കാലാവസ്ഥയും പിന്നീട് സാങ്കേതിക തകരാറുമാണ് തടസം സൃഷ്ടിച്ചത്.

പത്തുമണിക്ക് സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് ചരിത്രം കുറിച്ച ലോഞ്ച്.

പരിഷ്കരിച്ച വികാസ് എന്‍ജിനാണ് വിക്ഷേപണവാഹനത്തില്‍ ഘടിപ്പിച്ചിരുന്നത്. ക്രൂ മോഡ്യൂള്‍, ക്രൂ എസ്കേപ് സിസ്റ്റം എന്നിവ പ്രധാന പേലോഡുകളായി.

മനുഷ്യനെ വഹിച്ച ബഹിരാകാശത്തേക്ക് പോകുമ്പോള്‍ എന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടായാല്‍ സഞ്ചാരികളെ സുരക്ഷിതരായി വിക്ഷേപണവാഹനത്തില്‍ നിന്ന് മാറ്റുകയും അപകടമില്ലാതെ ഭൂമിയില്‍ എത്തിക്കുകയും ചെയ്യുന്നതിന്റെ പരീക്ഷണമാണ് നടന്നത്.

വിക്ഷേപണവാഹനം 17 കിലോമീറ്റര്‍ ഉയരത്തിലെത്തിയപ്പോള്‍ ക്രൂ മോഡ്യൂള്‍ സുരക്ഷിതമായി വേര്‍പെടുത്തി

ക്രൂ എസ്കേപ് സിസ്റ്റം പ്രവര്‍ത്തിച്ചതോടെ ക്രൂ മോഡ്യൂള്‍ തിരികെ ഭൂമിയിലേക്ക്.

ഭൂമിയില്‍ നിന്നുള്ള ഉയരം 16.7 കിലോമീറ്ററായി കുറഞ്ഞപ്പോള്‍ ഡ്രോഗ് പാരഷൂട്ട് നിവര്‍ന്നു

ഭൂമിക്ക് 2.5 കിലോമീറ്റര്‍ അടുത്തെത്തിയപ്പോള്‍ ഗഗന്‍യാന്‍ ക്രൂ മോഡ്യൂളിലെ പ്രധാനപാരഷൂട്ടുകള്‍ നിവര്‍ന്നു.

ഒടുവില്‍ നിശ്ചയിച്ച സമയത്ത് ക്രൂ മോഡ്യൂള്‍ സുരക്ഷിതമായി സമുദ്രോപരിതലത്തില്‍ പതിച്ചു. സെക്കന്റില്‍ 8.5 മൈല്‍ എന്ന നിലയില്‍ വേഗം കുറച്ചാണ് ക്രൂ മോഡ്യൂള്‍ കടലില്‍ വീണത്.

കടലില്‍ പൊങ്ങിക്കിടക്കാനുള്ള ഫ്ലോട്ടേഷന്‍ സിസ്റ്റം പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ റിക്കവറി ഷിപ്പുകള്‍ മോഡ്യൂളിനടുത്തേക്ക്. ഐഎസ്ആര്‍ഒയ്ക്ക് ചരിത്രവിജയം

LEAVE A REPLY

Please enter your comment!
Please enter your name here