ഭോപാൽ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ.യ്ക്കെതിരേ ‘ഇന്ത്യ’സഖ്യം ശക്തമാക്കുമെന്ന് പ്രതിപക്ഷം ആവർത്തിച്ചുപറയുന്നുണ്ടെങ്കിലും നിയമസഭാതിരഞ്ഞെടുപ്പുകളിൽ കാര്യങ്ങൾ നേരെ വിപരീതമാണ്. 230 സീറ്റുള്ള മധ്യപ്രദേശിൽ 92 ഇടത്ത്‌ ഭരണകക്ഷിയായ ബി.ജെ.പി.മാത്രമല്ല കോൺഗ്രസിന്റെ എതിരാളികൾ, ‘ഇന്ത്യ’ സഖ്യകക്ഷികളുടെ സ്ഥാനാർഥികളുമുണ്ട്.

സീറ്റുവിഭജനചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സഖ്യകക്ഷികൾ കോൺഗ്രസിനെതിരേ വാളെടുത്തതും സ്വന്തം സ്ഥാനാർഥികളെ കളത്തിലിറക്കിയതും. അതിൽ സമാജ്‍വാദി പാർട്ടിമുതൽ സി.പി.എം. വരെയുണ്ട്. രണ്ടുപതിറ്റാണ്ടായി ഭരണത്തിലുള്ള ബി.ജെ.പി. സർക്കാരിനെതിരായ വികാരം അനുകൂലമാവുമെന്ന പ്രതീക്ഷയോടെയാണ് കോൺഗ്രസ് മത്സരരംഗത്തിറങ്ങുന്നത്. അതിന് മങ്ങലേൽപ്പിക്കുന്നതാണ് സ്വന്തം പാളയത്തിൽത്തന്നെയുള്ള പട.

92 സീറ്റിൽ 26 ഇടത്ത് ഒന്നല്ല, രണ്ട് ‘ഇന്ത്യ’ സഖ്യകക്ഷികളാണ് കോൺഗ്രസിനെതിരേ മത്സരിക്കുന്നത്-എസ്.പി.യും ആം ആദ്മി പാർട്ടിയും. മൂന്നിടത്ത് ആം ആദ്മി പാർട്ടിയുടെയും ജെ.ഡി.-യു.വിന്റെയും സ്ഥാനാർഥികൾ കോൺഗ്രസിന്റെ എതിരാളികളാണ്.


കോൺഗ്രസിന്റെ സഖ്യകക്ഷികളിൽ എ.എ.പി.യാണ് കൂടുതൽ സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്-70 സീറ്റിൽ. 43 സ്ഥാനാർഥികളുമായി എസ്.പി. തൊട്ടുപിന്നാലെയുണ്ട്. ജെ.ഡി.-യു.വിന്റെ 10 സ്ഥാനാർഥികളാണ് കളത്തിലുള്ളത്. സി.പി.എം. നാലിടത്ത് മത്സരിക്കുന്നു. 92 സീറ്റിൽ 15 ഇടത്തെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിയ വോട്ടുവ്യത്യാസത്തിനാണ് തോറ്റത്. ഇവിടെയൊക്കെ ഇക്കുറി സഖ്യകക്ഷികൾ നേടുന്ന വോട്ട് നിർണായകമായിരിക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 52 സീറ്റിൽ മത്സരിച്ച എസ്.പി. ഒരു സീറ്റിൽ ജയിച്ചിരുന്നു. ആം ആദ്മിക്ക് അക്കൗണ്ട് തുറക്കാനായില്ല; 0.66 ശതമാനം വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജെ.ഡി.-യു. മത്സരിച്ചിരുന്നില്ല.

അഭിപ്രായസർവേകൾ മധ്യപ്രദേശിൽ ഒപ്പത്തിനൊപ്പം എന്നാണ് പ്രവചിക്കുന്നത്. കടുത്ത മത്സരം നേരിടുന്ന സീറ്റുകളിൽ സഖ്യകക്ഷിസ്ഥാനാർഥികളുടെ സാന്നിധ്യം കോൺഗ്രസിൻറെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. ഒക്ടോബർ 27-ന് പുറത്തുവന്ന ഇന്ത്യ ടി.വി.-സി.എൻ.എക്സ് അഭിപ്രായവോട്ടെടുപ്പിൽ ബി.ജെ.പി. 115 സീറ്റും കോൺഗ്രസ് 110 സീറ്റും നേടുമെന്നാണ് പ്രവചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here