ബിഹാറില്‍ നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം സര്‍ക്കാരുണ്ടാക്കാന്‍ നീക്കം ശക്തമാക്കുമ്പോള്‍ അട്ടിമറി സാധ്യത തള്ളാതെ റിപ്പോര്‍ട്ടുകള്‍. സഖ്യ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും കോണ്‍ഗ്രസിന്‍റെ 10 എംഎല്‍എമാര്‍ ബിജെപി നേതൃത്വമായി ചര്‍ച്ച നടത്തുന്നതായും സൂചനകളുണ്ട്. ബിഹാറില്‍ കോണ്‍ഗ്രസിനുള്ളത് 19 എം.എല്‍.എമാരാണ്. അതേസമയം വാതിലുകള്‍ അടച്ചിട്ടില്ലെന്ന് ബിജെപി നേതാവ് സുശീല്‍ മോദിയും പ്രതികരിച്ചു. കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും സുശീല്‍ മോദി പറഞ്ഞു. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഞായറാഴ്ചയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

മുന്നണിയിലെടുക്കാന്‍ നിതീഷ് മുഖ്യമന്ത്രി പദവി ഒഴിയണമെന്ന കര്‍ശന ഉപാധി ബിജെപി മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കണം; ചുരുങ്ങിയത് ലോക്സഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും. ഇതാണ് നിതീഷിന്‍റെ ആവശ്യം. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനവും മന്ത്രിസഭയില്‍ മേല്‍ക്കൈയും നല്‍കും. ബിജെപിയുടെ താല്‍പര്യം അനുസരിച്ച് ലോക്സഭാ സീറ്റുവിഭജനവും നടത്താം. നിതീഷ് തന്‍റെ ഈ നിലപാട് ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. സുശീല്‍ മോദി ഉപമുഖ്യമന്ത്രിയായേക്കും. നാളെയും മറ്റെന്നാളും ബിഹാര്‍ ബിജെപി നിര്‍വാഹക സമിതിയോഗം ചേരും. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് ധാവ്ടെ പങ്കെടുക്കും. ബിജെപി ബിഹാര്‍ അധ്യക്ഷന്‍ സമ്രാട്ട് ചൗധരിയും മുന്‍ ഉപമുഖ്യമന്ത്രി രേണു ദേവിയും ഇന്നലെ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

റിപ്പബ്ലിക് ദിനാഘോഷപരിപാടിയില്‍ നിതീഷും ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജ്വസി യാദവും പ്രകടിപ്പിച്ച അകല്‍ച്ച മുന്നണിയിലെ ഭിന്നതകളുടെ അടയാളപ്പെടുത്തലായി. രാജ്ഭവനിലെ അറ്റ് ഹോം പരിപാടിയില്‍ നിതീഷും ബിജെപി നേതാക്കളും ഉൗഷ്മളസൗഹൃദം പങ്കിട്ടപ്പോള്‍ തേജസ്വി വിട്ടുനിന്നു. വിട്ടുനിന്നതിനെക്കുറിച്ച് തേജസ്വിയോട് തന്നെ ചോദിക്കൂവെന്നായിരുന്നു നിതീഷിന്‍റെ പ്രതികരണം. ആര്‍ജെഡിയും ജെഡിയും സ്വന്തം എംഎല്‍എമാരുമായും മന്ത്രിമാരുമായും പ്രത്യേകം ചര്‍ച്ച നടത്തി. അതിനിടെ, ബിജെപിക്കൊപ്പമുള്ള ജിതന്‍ റാം മാഞ്ചിയെ ഒപ്പം നിര്‍ത്താന്‍ ആര്‍ജെഡി ശ്രമിക്കുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ വിടില്ലെന്ന് ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here