ഹിമാചൽ പ്രദേശിൽ എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചു. രാജ്യസഭാ തിഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തതിനെത്തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

പാര്‍ട്ടി വിപ്പ് ലംഘിച്ചതിലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. അതേസമയം രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഹൈക്കമാൻഡ് അയച്ച നിരീക്ഷകര്‍ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിനിടെ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു എംഎൽഎമാർക്ക് ഒരുക്കിയ വിരുന്നില്‍ നിന്നും മന്ത്രി വിക്രമാദിത്യ സിങ് വിട്ടുനിന്നു.

15 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത്  ബജറ്റ് പാസാക്കി ഓപ്പറേഷന്‍ താമര പരാജയപ്പെടുത്തിയ സുഖു സര്‌‍‍ക്കാരിന്റെ അടുത്ത പടിയായിരുന്നു രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തവരെ അയോഗ്യരാക്കല്‍. സുധീർ ശർമ,രാജേന്ദ്ര റാണ, രവി താക്കൂർ,  ദേവേന്ദ്ര ഭൂട്ടോ, ചേതന്യ ശർമ്മ,  ഇന്ദ്ര ലഖൻപാൽ എന്നിവരെയാണ് പാർട്ടി വിപ്പ് ലംഘിച്ച് ബജറ്റ് സമ്മേളനത്തിൽ നിന്നും മാറി നിന്നതിന് സ്പീക്കര്‍ അയോഗ്യരാക്കിയത്.

ഇതോടെ കോണ്‍ഗ്രസിന്‍റെ അംഗബലം 40ല്‍ നിന്ന് 34 ആയി കുറഞ്ഞു. 68 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 35 പേരുടെ പിന്തുണയാണ്. സുഖു സര്‍ക്കാര്‍ തുലാസിലാണ്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യമുണ്ടായാല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടവര്‍ക്ക് വോട്ടവകാശം കിട്ട‌ിയാല്‍ സര്‍ക്കാര്‍ വീഴും. അതേസമയം  രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഹൈക്കമാൻഡ് അയച്ച നിരീക്ഷകരായ ഡി കെ ശിവകുമാർ, ഭൂപേഷ് ബഗൽ, ഭൂപീന്ദർ ഹൂഡ എന്നിവർ എല്ലാ എംഎല്‍എമാരെയും കേട്ടശേഷം അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് റിപ്പോർട്ട് സമർപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിപദം നൽകാമെന്നും വകുപ്പുകളിൽ ഇടപെടില്ലെന്നും ഹൈക്കമാൻഡ് മന്ത്രി വിക്രമാദിത്യ സിങിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇതിനിടെ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു എംഎൽഎമാർക്ക് വസതിയിൽ വിരുന്നൊരുക്കി. വിക്രമാദിത്യ സിങ് അടക്കം മൂന്ന് എംഎല്‍എമാര്‍ മറ്റു തിരക്കുകള്‍ ചൂണ്ടിക്കാട്ടി വിരുന്നിന് എത്തിയില്ല. മുഖ്യമന്ത്രി മാറ്റം ആവശ്യപ്പെട്ട 20 എംഎല്‍എമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കുമെന്നാണ് സുഖുവിന്റെ ഉറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here