ഈയിടെ, തിരുവനന്തപുരത്ത് ഒരു സിനിമ തിയറ്ററില്‍ ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റുനില്‍ക്കാന്‍ വിസമ്മതിച്ചതിന് ആറ് ചെറുപ്പക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിയമപ്രകാരമുള്ള മറ്റ് വകുപ്പുകള്‍ക്കൊപ്പം രാജ്യദ്രോഹക്കുറ്റവും അവര്‍ക്കെതിരെ ചുമത്തി. ഇവരില്‍ ഒരാളായ എം സല്‍മാനെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. സെപ്തംബര്‍ അഞ്ചിന്, ജില്ലാ സെഷന്‍സ് കോടതി ഈ യുവാവിന് ജാമ്യം നിഷേധിച്ചു. കിരാതമായ ഈ വകുപ്പ് ഹീനമായി ഉപയോഗിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയുടെ കാലത്തുതന്നെ രാജ്യദ്രോഹക്കുറ്റം ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെയോ രാജഭരണത്തിന്റെയോ അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടുക എന്നതാണ് രാജ്യദ്രോഹം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. കുപ്രസിദ്ധമായ ഈ വകുപ്പ് സ്വാതന്ത്ര്യസമരസേനാനികള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ വന്‍തോതില്‍ ഉപയോഗിച്ചിരുന്നു. ഗാന്ധിജി, ബാലഗംഗാധര തിലകന്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും അവരെ ദീര്‍ഘകാലത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയുംചെയ്തു. അതുകൊണ്ടാണ് ഗാന്ധിജി രാജ്യദ്രോഹനിയമത്തെ “പൗരസ്വാതന്ത്ര്യം അടിച്ചമര്‍ത്താനായി ആവിഷ്കരിച്ച ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാഷ്ട്രീയവകുപ്പുകളിലെ രാജകുമാരന്‍’ എന്ന് വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ വകുപ്പാണ് രാജ്യദ്രോഹക്കുറ്റം. അഭിപ്രായപ്രകടനസ്വാതന്ത്ര്യം സംബന്ധിച്ച് 1951ല്‍ പാര്‍ലമെന്റില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ഇങ്ങനെ പറഞ്ഞു: “എന്റെ അഭിപ്രായത്തില്‍ ഈ വകുപ്പ് അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടതും നിന്ദ്യവുമാണ്, നാം പാസാക്കുന്ന ഒരു നിയമത്തിലും ഇതിന് സ്ഥാനം ലഭിക്കരുത്’. ഈ കൊളോണിയല്‍കാല നിയമത്തിന് കുപ്രസിദ്ധമായ ചരിത്രം ഉണ്ടായിരുന്നിട്ടും, രാജ്യത്തെ നിയമവ്യവസ്ഥയില്‍ ഇത് ഇടം നേടരുതെന്ന് പ്രഥമ പ്രധാനമന്ത്രി പരസ്യമായി പ്രസ്താവിച്ചിട്ടും 124എ വകുപ്പ് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ ഭാഗമായി തുടര്‍ന്നു.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള ദശകങ്ങളില്‍ ഈ വകുപ്പ് ആയിരക്കണക്കിന് ആളുകള്‍ക്കെതിരെ പ്രയോഗിച്ചു. ഏതെങ്കിലും കോണ്‍ഗ്രസ് ഭരണകര്‍ത്താവോ തുടര്‍ച്ചയായി വന്ന ഏതെങ്കിലും സര്‍ക്കാരുകളോ ഹീനമായ ഈ വകുപ്പിനെ നിയമത്തില്‍നിന്ന് ഒഴിവാക്കാന്‍ തയ്യാറായില്ല.അടുത്തിടെയായി ഈ വകുപ്പ് ദുരുപയോഗംചെയ്യുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ എടുത്തുകാട്ടാന്‍ കഴിയും. നാലുവര്‍ഷം മുമ്പ്, ഛത്തീസ്ഗഡില്‍ ദരിദ്രര്‍ക്കിടയില്‍ സേവനം അനുഷ്ഠിച്ചുവന്ന ഡോ. ബിനായക് സെന്നിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഒടുവില്‍, ബിനായക് സെന്നിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് കണ്ടെത്തിയ സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു; പരമാവധി പറഞ്ഞാല്‍ സെന്നിനെ മാവോയിസ്റ്റ് അനുഭാവി എന്നുമാത്രം വിശേഷിപ്പിക്കാമെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കി. ഒരാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെങ്കില്‍ അയാള്‍ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചതിന് തെളിവ് വേണമെന്ന് അഞ്ച് പതിറ്റാണ്ട് മുമ്പുതന്നെ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍, രാഷ്ട്രീയമായ എതിരഭിപ്രായമോ സര്‍ക്കാരിനോ പൊതു അധികാരകേന്ദ്രങ്ങള്‍ക്കോ എതിരായി പരസ്യ വിമര്‍ശമോ പ്രകടിപ്പിക്കുന്ന എല്ലാവര്‍ക്കും നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസും സര്‍ക്കാരുകളും ഈ വകുപ്പിനെ ദുരുപയോഗിക്കുന്നത് ആവര്‍ത്തിക്കുകയാണ്. ദേശീയതയുടെ ഔദ്യോഗിക ഭാഷ്യത്തോട് യോജിപ്പ് പ്രകടിപ്പിക്കാത്തവര്‍ക്ക് എതിരായി രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ഇവരെ ദേശവിരുദ്ധരായും രാജ്യദ്രോഹികളായും മുദ്രയടിക്കുകയും ചെയ്യുന്നു. അടുത്ത കാലത്ത് കാര്‍ട്ടൂണിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം എതിരായി രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ജയിലില്‍ അടയ്ക്കുകയുംചെയ്തു.

കശ്മീരി സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചതിന് അരുന്ധതി റോയിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. അഴിമതിക്കെതിരായ കാര്‍ട്ടൂണുകള്‍ വരച്ച മുംബൈയിലെ അസിം ത്രിവേദിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു. കൂടംകുളം ആണവനിലയത്തിനെതിരായ പ്രകടനത്തില്‍ പങ്കെടുത്ത 3,500 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു.2012ല്‍ മംഗളൂരുവില്‍, ആദിവാസി വിദ്യാര്‍ഥി വിത്തല മലേക്കുടിയയെയും അച്ഛനെയും രാജ്യദ്രോഹം, സര്‍ക്കാരിനെതിരെ യുദ്ധം നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റുചെയ്തു. സിപിഐ എം ശക്തമായിത്തന്നെ ഈ കേസ് ഏറ്റെടുത്തു, ഇവര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി തള്ളി; മറ്റ് വകുപ്പുകളുടെ അടിസ്ഥാനത്തില്‍ വിചാരണ തുടരുന്നു.

ഇതിലേറെ അസംബന്ധം, മീററ്റിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ പഠിക്കുകയായിരുന്ന 67 കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരെ ഇക്കൊല്ലം ആദ്യം രാജ്യദ്രോഹക്കുറ്റം ചുമത്തിയതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ ആഹ്ലാദം പ്രകടിപ്പിച്ചുവെന്നതായിരുന്നു അവര്‍ ചെയ്ത കുറ്റം. വന്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കെതിരായ കേസ് പിന്‍വലിച്ചു. എന്നാല്‍ അവരെ സര്‍വകലാശാലയില്‍നിന്ന് പുറത്താക്കി. പൊലീസ് മാത്രമല്ല ഈ വകുപ്പ് ദുരുപയോഗം ചെയ്യുന്നത്; കോടതികള്‍പോലും തെറ്റായ പ്രവണതകള്‍ക്ക് വഴങ്ങുന്നു. ബിനായക് സെന്‍ കേസ് ഇതിനുള്ള ഏറ്റവും വ്യക്തമായ ഉദാഹരണമാണ്.

സല്‍മാന് ജാമ്യം നിഷേധിക്കവെ, അയാളുടെ പ്രവൃത്തി ദേശവിരുദ്ധമാണെന്നും കുറ്റം കൊലപാതകത്തേക്കാള്‍ ഗുരുതരമാണെന്നും കോടതി പ്രസ്താവിച്ചതായി റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുള്ള പരാമര്‍ശമാണ് കോടതി നടത്തിയതെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ വകുപ്പിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെ സുപ്രീംകോടതി നല്‍കിയിട്ടുള്ള വിശദീകരണത്തിന്റെ നഗ്നമായ ലംഘനമാണിത്. രാഷ്ട്രീയ വിമര്‍ശത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും എതിരായ ആയുധമായും ദേശീയതയെക്കുറിച്ചുള്ള ഏകാധിപത്യസങ്കല്‍പ്പം അടിച്ചേല്‍പ്പിക്കാനുള്ള ഉപകരണമായും രാജ്യദ്രോഹക്കുറ്റം എന്ന വകുപ്പിനെ ഉപയോഗിക്കുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും എതിരായ കടന്നാക്രമണങ്ങളുടെ ഭാഗമാണിത്.

രണ്ട് കോളേജ് മാഗസിനുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ഥികളെ നരേന്ദ്രമോഡിയെ “അപകീര്‍ത്തിപ്പെടുത്തുന്ന’ രീതിയില്‍ അവതരിപ്പിച്ചുവെന്ന് ആരോപിച്ച് കേരളത്തില്‍ പൊലീസ് അറസ്റ്റുചെയ്തപ്പോഴും ഇതേ ഔദ്യോഗിക അസഹിഷ്ണുതയാണ് പ്രകടമായത്. ഈ സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കിലും മറ്റ് വകുപ്പുകള്‍പ്രകാരം കേസെടുത്തു.ഐടി നിയമത്തിലെ 66എ വകുപ്പിന്റെ പ്രയോഗമാണ് ജനാധിപത്യ അവകാശങ്ങള്‍ക്കുനേരെ നടക്കുന്ന മറ്റൊരു ആക്രമണം. രാഷ്ട്രീയ-സാമൂഹ്യ വിമര്‍ശം നടത്തുന്ന ഏതു വ്യക്തിക്കെതിരായും വകതിരിവില്ലാതെ കേസെടുക്കാനും അറസ്റ്റുചെയ്യാനും പര്യാപ്തമായ വകുപ്പാണിത്. മഹാരാഷ്ട്രയില്‍ ബാല്‍ താക്കറെയുടെ ശവസംസ്കാരദിവസം ബന്ദ് ആചരിച്ചതിനെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ച രണ്ട് സ്കൂള്‍ വിദ്യാര്‍ഥിനികളെ അറസ്റ്റുചെയ്തു. ഭരണാധികാരികളായ രാഷ്ട്രീയനേതാക്കളെ വിമര്‍ശിച്ചതിന് ഒരു ഡസനിലേറെ കേസുകളില്‍ ആളുകളെ അറസ്റ്റുചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 124എ വകുപ്പ് തുടരുന്ന കാലത്തോളം തെറ്റായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഇത് ഉപയോഗിക്കപ്പെടും. അതുകൊണ്ട് രാജ്യദ്രോഹക്കുറ്റത്തെതന്നെ നിയമത്തില്‍നിന്ന് ഒഴിവാക്കണം. അതുപോലെ, ഇന്റര്‍നെറ്റിലെ അഭിപ്രായപ്രകടനസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാനും സോഷ്യല്‍ മീഡിയയെ സ്വേച്ഛാധിപത്യ രീതിയില്‍ അടിച്ചമര്‍ത്തുന്നത് തടയാനും ഐടി നിയമത്തിലെ 66എ വകുപ്പ് ഭേദഗതി ചെയ്യുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here