നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്തെ കള്ളപ്പണ വേട്ടയില്‍ പിടിക്കപ്പെടുന്നത് കോടിക്കണക്കിന് രൂപ. ഇതുവരെ കണക്കില്‍പ്പെടാത്ത 3,300 കോടി രൂപ കണ്ടെടുത്തതായും ഇതില്‍ 92 കോടി രൂപ രണ്ടായിരത്തിന്റേതാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. റെയ്ഡില്‍ പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളുടെ മൂല്യം 500 കോടി രൂപ വരും.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ട് മുതല്‍ നടത്തിയത് 734 റെയ്ഡുകളാണെന്നും ധനമന്ത്രാലയം അറിയിച്ചു. കള്ളപ്പണം സൂക്ഷിച്ചെന്ന വിവരത്തെ തുടര്‍ന്ന് സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് നാലായിരത്തോളം നോട്ടിസുകള്‍ അയച്ചിട്ടുണ്ട്. അനധികൃത സമ്പാദ്യത്തിന്റെ പേരില്‍ 220 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ഇന്നലെ ചെന്നൈ, മുംബൈ വിമാനത്താവളങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ കോടികളാണു പിടിച്ചെടുത്തത്. ഇന്നലെ രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ ഹവാല ഇടപാടുകാരില്‍ നിന്ന് 1.34 കോടി രൂപയാണ് പിടികൂടിയത്. 2000ന്റെ പുതിയ നോട്ടുകളാണ് പിടികൂടിയത്. 7,000 രൂപയുടെ യു.എസ് ഡോളറും പിടിച്ചെടുത്തവയില്‍ പെടും. സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
മുംബൈ വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പോകാനിരുന്ന യാത്രക്കാരനില്‍ നിന്ന് 28 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിന്ന് 29.98 ലക്ഷം രൂപയുമായി രണ്ടുപേരും ഉത്തര്‍പ്രദേശിലെ സംഭാലില്‍ 20 ലക്ഷത്തിന്റെ പുതിയ നോട്ടുമായി രണ്ടുപേരും അറസ്റ്റിലായി.  
അതേസമയം തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി പി.രാമമോഹന റാവുവിന്റെ മകന്‍ വിവേകിന്റെ തിരുവാണ്‍മിയൂരിലുള്ള വീട്ടില്‍ ഇന്നലെയും പരിശോധന നടന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള ആറു കമ്പനികളെക്കുറിച്ചുള്ള വിവരങ്ങളും ആദായനികുതി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വസതികളിലും ഇന്നലെ റെയ്ഡ് നടന്നു.
ചെന്നൈ പല്ലാവരത്തുള്ള ഐ.എ.എസ് ഉദ്യോഗസ്ഥന്‍ നാഗരാജിന്റെ വീട്ടില്‍ നിന്ന് ഒന്നരക്കോടി രൂപയും രണ്ടുകിലോ സ്വര്‍ണവും പിടിച്ചെടുത്തു. കഴിഞ്ഞദിവസം അറസ്റ്റിലായ വ്യവസായി ശേഖര്‍ റെഡ്ഢിയുടെ കൂട്ടാളികളായ പ്രേംകുമാര്‍, രത്‌നം എന്നിവരെ  ഇന്നലെ അറസ്റ്റ് ചെയ്തു.  
ഇന്നലെ രാത്രി അസമിലെ നഗാവോണ്‍ ജില്ലയിലെ ബാരാബസാറില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 2.35 കോടി രൂപ പിടിച്ചെടുത്തു. ഇതില്‍ 2.29 കോടി രൂപയും 2000ന്റെ നോട്ടുകളാണ്. ഇതുമായി ബന്ധപ്പെട്ട് വ്യവസായികളായ അമൂല്യദാസ്, തപന്‍ ദാസ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കില്‍ 500 കോടിയുടെ നിക്ഷേപമുള്ളതായി കണ്ടെത്തി. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അന്വേഷണം തുടങ്ങിയിട്ടുണ്ട്. നോട്ട് നിരോധനം പ്രഖ്യാപിച്ച രാത്രിയിലാണ് ഇത്രയും തുക ബാങ്കില്‍ എത്തിയത്. ഗുജറാത്തിലെ മന്ത്രി ശങ്കര്‍ഭായ് ചൗധരി ചെയര്‍മാനായ ജില്ലാ സഹകരണ ബാങ്കിലെ 200 കോടി രൂപയുടെ നിക്ഷേപത്തെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here