രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടുനിരോധന നടപടിക്കു ശേഷം ഡിസംബര്‍ 30 വരെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടില്ലെന്ന ധനമന്ത്രാലയത്തിന്റെ വാദവും തെറ്റ്. ഇക്കാലയളവില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി അന്വേഷണ ഏജന്‍സികള്‍ പിടികൂടിയത് 78.31 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍. ഇതില്‍ പ്രധാനമന്ത്രിയുടെ മെയ്ക് ഇന്‍ ഇന്ത്യാ അവാര്‍ഡ് വാങ്ങിയ യുവ വ്യവസായി ഉള്‍പ്പെടെ 19 പേരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു മുമ്പാകെയാണ് കേന്ദ്ര ധനമന്ത്രാലയം ഇത്തരമൊരു അവകാശവാദം ഉന്നയിച്ചത്. നവംബര്‍ എട്ടിനും ഡിസംബര്‍ 30നും ഇടയില്‍ രാജ്യത്ത് എവിടെയും കള്ളനോട്ടുകള്‍ ഒരു ഏജന്‍സിയും പിടികൂടിയിട്ടില്ലെന്നും എന്നാല്‍ ഡിസംബര്‍ നാലുവരെ 474.37 കോടിയുടെ പഴയതും പുതിയതുമായ നോട്ടുകള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തതായും ധനമന്ത്രാലയം അറിയിച്ചു.

എന്നാല്‍ നവംബര്‍ 22നു തെലങ്കാനയില്‍ നിന്നു 2,22,310 രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘവും 25നു ഹൈദ്രാബാദില്‍ നിന്നും 3.81 ലക്ഷത്തിന്റെ വ്യാജനോട്ടുമായി നാലുപേരും പിടിയിലായിരുന്നു. ഡിസംബര്‍ രണ്ടിനു പ്രധാനമന്ത്രിയുടെ മെയ്ക് ഇന്‍ ഇന്ത്യാ അവാര്‍ഡ് ജേതാവും യുവ വ്യവസായിയുമായ അഭിനവ് വര്‍മയുള്‍പ്പെടെ 42 ലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്നുപേരാണ് വലയിലായത്. തുടര്‍ന്ന് ഡിസംബര്‍ 10നു പഞ്ചാബില്‍ നിന്നു 4.15 ലക്ഷത്തിന്റെ വ്യാജനോട്ടുമായി നാലു പേരും 26നു ഗുജറാത്തിലെ രാജ്‌ക്കോട്ടില്‍ 26.10 ലക്ഷത്തിന്റെ കള്ളനോട്ടുമായി രണ്ടുപേരും പൊലീസിന്റെ പിടിയിലായിരുന്നു.കേവലം മാദ്ധ്യമവാര്‍ത്തകളായ ‘പിടിച്ചെടുക്കല്‍’ മാത്രമാണ് 78.31 ലക്ഷമെന്നത്. പുറത്തറിയാത്ത കള്ളനോട്ട് വിതരണങ്ങളും അറസ്റ്റുകളും കൂടി കണക്കാക്കിയാല്‍ ഇത് കോടി രൂപ കവിയും. അതേസമയം, പിടിയിലാവരില്‍ നിന്നെല്ലാം പുതിയ 2000, 500 രൂപ നോട്ടുകളുടെ കള്ളനോട്ടുകളാണ് പൊലീസ് കണ്ടെടുത്തത്.

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തില്‍ നിന്നാണ് 2,22,310 രൂപയുടെ കള്ളനോട്ടുകളുമായി ആറുപേരെ പിടികൂടിയത്. നോട്ടു നിരോധനത്തിനു ശേഷം പ്രതികള്‍ ചെറിയ തുകയുടെ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്തുവരികയായിരുന്നു. പിന്നീട് 2000 രൂപ നോട്ടുകളും അച്ചടിച്ചു. എന്നാല്‍ ഇത് വിതരണം ചെയ്യാന്‍ സാധിക്കുംമുമ്പ് പൊലീസിന്റെ കൈകളിലായി. രഹസ്യവിവരത്തെ തുടര്‍ന്നു പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികള്‍ കുടുങ്ങിയത്.

ബംഗ്ലാദേശ് സ്വദേശി ഉള്‍പ്പെടെയുള്ള നാലു വിദ്യാര്‍ത്ഥികളാണ് 3.81 ലക്ഷത്തിന്റെ വ്യാജനോട്ടുമായി ഹൈദ്രാബാദില്‍ നിന്നും പിടിയിലായത്. തുടര്‍ന്ന്, യുവ വ്യവസായിയും മെയ്ക്ക് ഇന്‍ ഇന്ത്യ അവാര്‍ഡ് ജേതാവുമായ അഭിനവ് വര്‍മയെ കൂടാതെ ബന്ധു വിശാഖ് വര്‍മ, റിയല്‍ എസ്റ്റേറ്റ് വ്യാപാരി സുമന്‍ നാഗ്പാല്‍ എന്നിവരുമടങ്ങിയ സംഘത്തില്‍ നിന്നാണ് പഞ്ചാബ് പൊലീസ് പുതിയ 2000 രൂപയുടെ 42 ലക്ഷം രൂപ മൂല്യമുള്ള നോട്ടുകള്‍ പിടിച്ചെടുത്തത്. ആളുകളില്‍ നിന്നും പഴയ 500, 1000 രൂപ നോട്ടുകള്‍ വാങ്ങി വ്യാജനോട്ടുകള്‍ നല്‍കി വരികയായിരുന്നു ഇവര്‍.
കഴിഞ്ഞ വര്‍ഷത്തെ ദേശീയ സയന്‍സ് കോണ്‍ഗ്രസില്‍വച്ചാണ് അഭിനവ് വര്‍മയ്ക്ക് മേയ്ക്ക് ഇന്‍ ഇന്ത്യ അവാര്‍ഡ് ലഭിച്ചത്. അന്ധര്‍ക്കു സഹായകമാകുന്ന സെന്‍സറുകള്‍ വികസിപ്പിച്ചെടുത്തതായിരുന്നു പുരസ്‌കാരത്തിനുള്ള കാരണം. കള്ളപ്പണക്കാരില്‍ നിന്നു പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിച്ച് 30 ശതമാനം കമ്മീഷന്‍ ഈടാക്കിയായിരുന്നു ഇവര്‍ വ്യാജനോട്ടുകള്‍ വിതരണം ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞിരുന്നു. ഒരേ സീരിയല്‍ നമ്പറിലുള്ളതായിരുന്നു പിടിച്ചെടുത്ത നോട്ടുകളെല്ലാം. ഇതോടൊപ്പം, നോട്ടുകള്‍ കൈമാറാന്‍ ഉപയോഗിച്ചിരുന്ന ഓഡി കാറും പൊലീസ് പിടിച്ചെടുത്തിരുന്നു.

പഞ്ചാബിലെ സാന്‍ഗ്രൂരിലെ രാമപുരയില്‍ നിന്നാണ് 4.15 ലക്ഷത്തിന്റെ വ്യാജ നോട്ടുകളുമായി നാലുപേര്‍ വലയിലായത്. ഹര്‍ഭജന്‍ ദാസ്, ജസ് വീര്‍ സിങ്, ജെയ്‌ദേവ്, ഭഗവാന്‍ ദാസ് എന്നിവരാണ് വ്യാജ നോട്ടുകള്‍ ഉണ്ടാക്കാനുള്ള പ്രിന്ററും സ്‌കാനറുമായി അറസ്റ്റിലായത്. ഡിസംബര്‍ 26നു രഹസ്യ വിവരത്തെ തുടര്‍ന്ന് ഗുജറാത്തിലെ രാജ്‌കോട്ടിലെ ഹനുമാന്‍ മധി പ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ 26.10 ലക്ഷത്തിന്റെ കള്ളനോട്ടുമായി അറസ്റ്റിലാവുന്നത്.

അഹമ്മദാബാദ് സ്വദേശികളായ ഹൃദയ് ജഗാനി, ലക്ഷ്മണ്‍ ചൗഹാന്‍ എന്നിവരില്‍ നിന്നാണ് കാറിന്റെ സ്പീക്കര്‍ ബോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ വ്യാജനോട്ടുകള്‍ കണ്ടെടുത്തത്.

അതേസമയം, നോട്ടുനിരോധന ശേഷം ആദ്യമായി കള്ളനോട്ട് പുറത്തിറങ്ങിയത് പ്രധാനമന്ത്രിയുടെ ഗുജറാത്തിലാണ് എന്നതാണ് മറ്റൊരു സത്യം. ബോദക്‌ദേവ് പ്രദേശത്തെ പാന്‍ഷോപ്പ് ഉടമ വാന്‍ഷ് ബാരറ്റാണ് 2000 രൂപയുടെ വ്യാജ നോട്ടുണ്ടാക്കി ഒന്നാമനായത്. നവംബര്‍ 22നാണ് ഇത് പുറംലോകമറിഞ്ഞത്. ബോദക്‌ദേവിന്റെ കടയിലെ പ്രിന്ററില്‍ തന്നെയായിരുന്നു നോട്ടിന്റെ ജനനം.

ഇതോടെ ധനമന്ത്രാലയത്തിന്റെ വാദം ശുദ്ധ നുണയാണെന്നു തെളിയുകയാണ്. മുമ്പ് നോട്ടുനിരോധന ശേഷം 2016 നവംബര്‍ ഉള്‍പ്പെടുന്ന പാദവര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടായെന്ന് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദം ശുദ്ധ നുണയാണെന്ന വാര്‍ത്ത നാരദാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നികുതി വരുമാനത്തില്‍ ഇക്കാലളവില്‍ 26.2% വര്‍ധനവുണ്ടായി എന്നായിരുന്നു അരുണ്‍ ജയറ്റ്‌ലി പറഞ്ഞത്. എന്നാല്‍ 18% മാത്രമാണ് വരുമാന വര്‍ധനവെന്നും ഒക്ടോബറിലേതിനേക്കാള്‍ നവംബറില്‍ 14.6 ശതമാനം നികുതി വരുമാനത്തിന്റെ കുറവാണുണ്ടായതെന്നും വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ നാരദാ ന്യൂസ് വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് കള്ളപ്പണം സംബന്ധിച്ചും വസ്തുതാ വിരുദ്ധമായ വാദവുമായി ധനമന്ത്രാലയം രംഗത്തെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here