കൊച്ചി: ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടര്‍17 ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്. വൈകിട്ട് അഞ്ച് മണിക്ക്, ഡല്‍ഹിയില്‍ കൊളംബിയ ഘാനയേയും, മുംബൈയില്‍ ന്യൂസീലന്‍ഡ് തുര്‍ക്കിയേയും നേരിടുന്നതോടെ ഇന്ത്യ ലോകകപ്പ് ചരിത്രത്തിന്റെ ഭാഗമാകും. രാത്രി എട്ടു മണിക്ക് അമേരിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമല്‍സരം. മുംബൈയിലെ രണ്ടാം മല്‍സരത്തില്‍ പാരഗ്വായ് മാലിയെ നേരിടും.

ഉറങ്ങുന്ന സിംഹത്തിന് ഫിഫ സമ്മാനിച്ച ആ ആവേശപ്പന്ത് ഇന്ന് മുതല്‍ ഉരുണ്ടുതുടങ്ങുകയാണ്. ഇനിയുള്ള 23 ദിനങ്ങള്‍ ലോകം ഇന്ത്യയില്‍ നിന്നുള്ള ഫുട്‌ബോള്‍ വാര്‍ത്തകള്‍ക്കായി കാതോര്‍ക്കും.

കുറച്ചു ദിവസത്തേക്ക് രാജ്യതലസ്ഥാനം ഇന്ത്യയുടെ ഫുട്‌ബോള്‍ തലസ്ഥാനമാവുകയാണ്. കൊളംബിയ ഘാന ആദ്യപോരാണ് ഉദ്ഘാടനമല്‍സരമെങ്കിലും, ഇന്ത്യ ലോകവേദിയില്‍ അരങ്ങേറുന്നത് കാണാനാണ് അക്ഷമയോടെയുള്ള കാത്തിരിപ്പ്. അമേരിക്ക കരുത്തരാണെങ്കിലും പ്രതീക്ഷയുടെ ബൂട്ടു കെട്ടുകയാണ് നമ്മുടെ യുവസൈന്യം. സ്വന്തം മണ്ണില്‍ പന്ത് തട്ടുന്നതിന്റെ ആനുകൂല്യവും വിദേശ പരിശീലനങ്ങള്‍ നല്‍കിയ ആത്മവിശ്വാസവും ഊര്‍ജമാക്കിക്കൊണ്ട്. ഡല്‍ഹിക്കൊപ്പം തന്നെ വൈകിട്ട് അഞ്ച് മണിക്ക് മുംബൈയിലും ലോകകപ്പ് പന്തുരുളും

ഗ്രൂപ്പ് ബിയിലെ പോരാട്ടങ്ങളാണ് നവിമുംബൈയില്‍ അരങ്ങേറുന്നത്. നാളെയ്‌ക്കൊരു മെസി, അല്ലങ്കില്‍ നെയ്മര്‍. ഭാവിയുടെ താരങ്ങളുടെ വാര്‍പ്പുമാതൃകയായതിനാല്‍ ഈ ടൂര്‍ണമെന്റിലെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുന്നുണ്ട് ലോകം.

 

LEAVE A REPLY

Please enter your comment!
Please enter your name here