ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയിലക്ക് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് സി ഫോര്‍ സര്‍വേ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ് സീറ്റ് നിലയിലും വോട്ട് വിഹിതത്തിലും വര്‍ധനവുണ്ടാക്കുമെന്ന് പറയുന്നത്.

സിഫോര്‍ സര്‍വേ അനുസരിച്ച് കോണ്‍ഗ്രസ് 46 ശതമാനം വോട്ട് വിഹിതത്തോടെ 126 സീറ്റുമായി അധികാരം നിലനിര്‍ത്തും. 2013 ല്‍ 122 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇത്തവണ ബിജെപിയും നില മെച്ചപ്പെടുത്തുമെന്നാണ് സര്‍വേ പറയുന്നത്. 31 ശതമാനം വോട്ട് വിഹിതം നേടുന്ന ബിജെപി 70 സീറ്റുകളില്‍ വിജയിക്കും. 2013ല്‍ 40 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചിരുന്നത്. അതേസമയം ജനതാദള്‍ എസിന് ഇത്തവണ വോട്ടുവിഹിതത്തിലും സീറ്റെണ്ണത്തിലും വലിയ കുറവ് വരുമെന്നാണ് സിഫോര്‍ സര്‍വേ പറയുന്നത്.

ജനതാദള്‍ എസ് 16 ശതമാനം വോട്ടാണ് ഇത്തവണ നേടുക. 2013 ല്‍ 40 സീറ്റ് നേടിയ സ്ഥാനത്ത് ഇത്തവണ ലഭിക്കുക 27 സീറ്റ് മാത്രമാകും. മറ്റുള്ളവര്‍ക്ക് ഒരു സീറ്റുമാത്രമാണ് പ്രവചിച്ചിരിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത പുരുഷന്‍മാരില്‍ 44 ശതമാനവും സ്ത്രീകളില്‍ 48 ശതമാനവും കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. ബിജെപിക്ക് 33 ശതമാനം പുരുഷന്‍മാരും 29 ശതമാനം സ്ത്രീകളും വോട്ട് ചെയ്യുമെന്ന് പറഞ്ഞു. 17 ശതമാനം പുരുഷന്‍മാരും എട്ട് ശതമാനം സ്ത്രീകളും ജനതാദള്‍ എസിന് വോട്ട് ചെയ്യും. 18 മുതല്‍ 50 വയസിന് മുകളില്‍ ഉള്ള വോട്ടര്‍മാരില്‍ വരെ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെന്നും സര്‍വേയില്‍ പറയുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയെയാണ് ആളുകള്‍ക്ക് കൂടുതല്‍ താല്‍പര്യം. 46 ശതമാനം ആളുകളും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു. ബിജെപി മുഖ്യമന്ത്രിയായി ഉയര്‍ത്തി കാട്ടുന്ന മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് 26 ശതമാനം ആളുകള്‍ മാത്രമാണ് പിന്തുണ നല്‍കിയത്. ജനതാദള്‍ എസിന്റെ എച്ച്.ഡി. കുമാര സ്വാമിക്ക് 13 ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

നിലവിലെ കോണ്‍ഗ്രസ് ഭരണത്തില്‍ 21 ശതമാനം ആളുകള്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. 54 ശതമാനം ആളുകളും ചെറിയ പ്രശ്‌നങ്ങളുണ്ടെങ്കിലും സന്തുഷ്ടരാണ്. 25 ശതമാനം ആളുകള്‍ ഭരണത്തില്‍ അതൃപ്തരാണ്. സര്‍വേയില്‍ പങ്കെടുത്ത ബിപിഎല്‍ പട്ടികയിലുള്ള 65 ശതമാനം ആളുകളും കോണ്‍ഗ്രസ് ഭരണത്തില്‍ തൃപ്തരാണ്. 64 ശതമാനം കര്‍ഷകരും, ദളിതരില്‍ 74 ശതമാനവും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു.

മാര്‍ച്ച് ഒന്നുമുതല്‍ 25 വരെ 154 നിയമസഭാ മണ്ഡലങ്ങളിലെ 22,357 വോട്ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. നഗരമേഖകളിലെ 326 പ്രദേശങ്ങള്‍, ഗ്രാമീണമേഖലകളിലെ 977 കേന്ദ്രങ്ങള്‍ എന്നിവകൂടാതെ 2368 പോളിങ് ബൂത്തുകളും അടിസ്ഥാനപ്പെടുത്തിയാണ് സര്‍വ്വേ ഫലം തയ്യാറാക്കിയിട്ടുള്ളതെന്നാണ് സിഫോര്‍ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here