ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട്, ഐ.സി.എസ്.ഇ പത്ത്,ഐ.എസ്.ഇ പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളുടെ ഗ്രേഡ്,​ സ്കൂളുകളിൽ നേരത്തേ നടത്തിയ രണ്ടു ടേം പരീക്ഷകളും മോഡൽ പരീക്ഷയും ഉൾപ്പെടെ മൂന്നു പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കും.

എല്ലാ പരീക്ഷയും എഴുതിക്കഴിഞ്ഞവർക്ക് ഈ പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തിലും. ഇതു സംബന്ധിച്ച സി.ബി.എസ്.ഇ വിജ്ഞാപനം സുപ്രീംകോടതി അംഗീകരിച്ചു. ഐ.സി.എസ്.ഇയും വിജ്ഞാപനം ഒരാഴ്ചയ്ക്കകം ഇറക്കും.എല്ലാ വിഭാഗത്തിലെയും ഫല പ്രഖ്യാപനം ജൂലായ് 15നകം നടത്തും.കേരളത്തിൽ സി.ബി.എസ്.ഇ പത്താം ക്ളാസിലെയും,12-ാം ക്ലാസ് സയൻസ് വിഭാഗത്തിലെയും പരീക്ഷകൾ നേരത്തേ പൂർത്തിയായതിനാൽ, ഗ്രേഡ് അതിലെ മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലാവും. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലെ മെയിൻ പരീക്ഷകളും കഴിഞ്ഞു.

ഇനി രണ്ട് പരീക്ഷകളാണ് ബാക്കി. ഈ പരീക്ഷകൾ റദ്ദാക്കുമെങ്കിലും ജൂലായ് 15നകം ഫലം വരുന്നതിനാൽ, ഇക്കൊല്ലത്തെ പ്ലസ് വൺ, ഡിഗ്രി,പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിനും പ്രശ്നമുണ്ടാവില്ലഗ്രേഡിന് പുതിയ മാനദണ്ഡം അംഗീകരിച്ചതിനെ തുടർന്ന്, ശേഷിച്ച പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദനേഷ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് തീർപ്പാക്കി. സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതികളിൽ നിലനിൽക്കുന്ന കേസുകളും തീർപ്പാക്കിയതായി കോടതി അറിയിച്ചു.

ഗ്രേഡ് നിർണ്ണയം ഇങ്ങനെ

 പ്ലസ് ടു: മൂന്നു പരീക്ഷയിൽ കൂടുതൽ എഴുതിയവർക്ക് മികച്ച മാർക്ക് കിട്ടിയ മൂന്ന് പരീക്ഷയിലെ ശരാശരി ഗ്രേഡിന്റെ അടിസ്ഥാനത്തിൽ,റദ്ദാക്കിയ പരീക്ഷകൾക്ക് ഗ്രേഡ്.
 മൂന്നു പരീക്ഷ മാത്രം എഴുതിയവർക്ക് മികച്ച മാർക്ക് കിട്ടിയ രണ്ട് പരീക്ഷകളുടെ ശരാശരി ഗ്രേഡിന്റെ അടിസ്ഥാനത്തിൽ
 വടക്കു കിഴക്കൻ ഡൽഹിയിലെ കലാപത്തെത്തുടർന്ന് ഒന്നോ രണ്ടോ പരീക്ഷ മാത്രം എഴുതിയവർക്ക് ഇന്റേണൽ / പ്രോജക്ട്, അസസ്‌മെന്റ്/ പ്രാക്ടിക്കൽ പരീക്ഷകളുടെ അടിസ്ഥാനത്തിൽ.
 സാഹചര്യം മെച്ചപ്പെട്ടാൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ വീണ്ടും പരീക്ഷയെഴുതാം.
 പുന:പരീക്ഷ ആവശ്യമെങ്കിൽ ഫലം വന്ന് 15 ദിവസത്തിനുള്ളിൽ അറിയിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here