ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റീസേർച്ചിന്റെ(ഐ.സി.എം.ആർ) കൊവിഡ് വാക്സിനായ ‘കൊവാക്സിൻ’ ആഗസ്റ്റ് 15 മുതൽ ജനങ്ങൾക്ക് നൽകിതുടങ്ങരുതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥൻ. വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ പോലും ആരംഭിച്ചിട്ടില്ല എന്നാണ് താൻ മനസിലാക്കുന്നതെന്നും സൗമ്യ വ്യക്തമാക്കുന്നു.ഇക്കാര്യത്തെക്കുറിച്ച് വാക്സിൻ നിർമാണത്തിലെ പങ്കാളിയായ ഭാരത് ബയോടെക്കുമായി താൻ ബന്ധപ്പെട്ടിരുന്നു എന്നും അവർ പറഞ്ഞു.

മാദ്ധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് ഡോ സ്വാമിനാഥൻ ഇക്കാര്യം പറഞ്ഞത്. വാക്സിന്റെ കാര്യത്തിൽ വേഗമെന്നത് പ്രാധാന്യമുള്ള കാര്യം തന്നെയാണെന്നും എന്നാൽ അതിനായി ശാസ്ത്രീയതയും നൈതികതയും അടിയറ വയ്ക്കാൻ പാടില്ലെന്നും സൗമ്യ സ്വാമിനാഥൻ പറയുന്നു.ആഗസ്റ്റ് 15ന്‌ തന്നെ കൊവിഡ് വാക്സിൻ പൊതുജനങ്ങളുടെ ആവശ്യത്തിനായി പുറത്തിറക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയുടെ വാക്കുകളിലും തനിക്ക് ആശങ്കയുള്ളതായി ഡോ. സ്വാമിനാഥൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തുമെന്നാണ് താൻ കരുതുന്നതെന്നും അവർ പറഞ്ഞു.

ഐ.സി.എം.ആർ മേധാവിയായി ഭാർഗവ സ്ഥാനമേറ്റെടുക്കും മുൻപ് അതേ പദവി അലങ്കരിച്ചിരുന്നയാൾ കൂടിയാണ് ഡോ. സ്വാമിനാഥൻ. കൊവിഡ് വാക്സിന്റെ ഏറ്റവും പ്രധാനമായ മൂന്നാം ഘട്ട പരീക്ഷണം വർഷങ്ങൾ എടുത്തുകൊണ്ടും 20,000-30,000 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുമാണ് പൂർത്തിയാക്കുന്നതെന്നും ഡോ. സൗമ്യ സ്വാമിനാഥൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.ലോകത്താകമായി നിർമാണഘട്ടത്തിലിരിക്കുന്ന വാക്സിനുകളിൽ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് മൂന്നാം ഘട്ട പരീക്ഷണത്തിൽ എത്തിനിൽക്കുന്നതെന്നും അവർ പറയുന്നു. ക്ലിനിക്കൽ ഘട്ടത്തിലുള്ളത് 17 മുതൽ 18 വാക്സിനുകൾ മാത്രമാണ്. കൂടാതെ, ഭാഗ്യമുണ്ടെങ്കിൽ മാത്രം, അടുത്ത വർഷത്തിന്റെ തുടക്കത്തിൽ മാത്രമാകും ആവശ്യമായ അളവിൽ ലോകത്ത് കൊവിഡ് വാക്സിൻ പുറത്തിറങ്ങുക എന്നും ഡോ. സ്വാമിനാഥൻ പറയുന്നു.

കൊവിഡ് വാക്സിൻ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് തന്നെ ഐ.സി.എം.ആർ പുറത്തിറക്കുന്നത്, പ്രധാനമന്ത്രി മോദിയു സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ അത് പ്രഖ്യാപിക്കാനാണെന്നും അതുവഴി രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു.എന്നാൽ, വാക്സിൻ നിർമാണവും അതിന്റെ പ്രഖ്യാപനവും ചുവപ്പുനാടയിൽ കുടുങ്ങാതിരിക്കാൻ വേണ്ടിയാണ് ഈ തീയതി തന്നെ ‘കൊവാക്സിൻ’ പുറത്തിറക്കണമെന്ന തീരുമാനം വന്നതെന്നാണ് ഐ.സി.എം.ആർ മേധാവി വിശദീകരിക്കുന്നത്. വാക്സിന്റെ മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയലുകൾക്ക് ഡ്രഗ്സ് കൺട്രോളർ ഒഫ ഇന്ത്യ അനുമതി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here