ന്യൂഡൽഹി: ഇന്ത്യ-ചെെന അതിർത്തി പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ ചെെനീസ് അതിർത്തി മേഖലയിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത ഭാരത് ഡ്രോണുകൾ ഇന്ത്യൻ സേനയ്ക്ക് കെെമാറി. ഇതിലൂടെ കിഴക്കൻ ലഡാക്കിലെ ഉയർന്ന നിയന്ത്രണ പ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും കൃത്യമായ നിരീക്ഷണം നടത്തനാകും.ലഡാക്കിൽ അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശങ്ങളിൽ ചെെനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യൻ സെെന്യത്തിന് അത്യാധുനിക ഡ്രോണുകൾ ആവശ്യമാണ്. ഇതിനായി ഡി.ആർ.ഡി.ഒ ഭാരത് ഡ്രോണുകൾ വികസിപ്പിച്ചു നൽകിയിട്ടുണ്ടുന്നും സേനാ വ‌ൃത്തങ്ങൾ അറിയിച്ചു.

ചെറുതും ആക്രമണകാരിയുമാണ് ഭാരത് ഡ്രോണുകൾ .കൃത്യതയോടെ ഏത് സ്ഥലത്ത് സ‌‌ഞ്ചരിക്കാനും സ്വയം തീരുമാനങ്ങളെടുക്കാനുമുളള കഴിവും ഇതിനുണ്ട്. ശത്രുക്കളെ കണ്ടെത്താനും അതിനനുസരിച്ച് നടപടിയെടുക്കാനും സഹായിക്കുന്ന കൃത്രിമബുദ്ധിയും ഈ ഡ്രോണുകൾക്കുണ്ട്. ഏത് കഠിന കാലാവസ്ഥയെയും അതിജീവിക്കാനുളള കഴിവും ഭാരത് ഡ്രോണുകൾക്കുണ്ട്.തത്സമയ വീഡിയോ പ്രക്ഷേപണം നൽകുക, വിപുലമായ രാത്രി കാഴ്ച (നെെറ്റ് വിഷൻ) വനങ്ങളിൽ ഒളിച്ചിരിക്കുന്ന ആളുകളെ കണ്ടെത്തുക തുടങ്ങി നിരവധി സവിശേഷതകളാണ് ഭാരത് ഡ്രോണുകൾക്കുളളത്. ഡ്രോണുകൾക്ക് കൂട്ടത്തോടെ പ്രവർത്തിക്കാനാകുമെന്നതും മറ്റൊരു പ്രതൃേകതയാണ്. റഡാറുകളിൽ പെടാത്ത തരത്തിലാണ് ഡ്രോണുകൾ നിർമിച്ചിരിക്കുന്നത്.

ഡി.ആർ.ഡി.ഒയുടെ ചണ്ഡിഗഡ് ആസ്ഥാനമായുള്ള ലബോറട്ടറിയിലാണ് ഭാരത് സീരീസ് ഡ്രോണുകൾ വികസിപ്പിച്ചെടുത്തത്. ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും വേഗമേറിയതും ഭാരം കുറഞ്ഞതുമായ നിരീക്ഷണ ഡ്രോണുകളുടെ പട്ടികയിൽ ഭാരത് ഡ്രോണുകൾ ഉൾപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here