ന്യൂഡൽഹി: കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട വിമതനേതാക്കൾ ഭാവിനീക്കങ്ങൾ ആസൂത്രണം ചെയ്യാൻ‌ വീണ്ടും യോഗം ചേരും. പ്രവർത്തകസമിതി യോഗത്തിനുശേഷവും പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്തുവന്നത്‌ വിമതപക്ഷത്തിന്‌ ആത്മവിശ്വാസം പകരുന്നുണ്ട്‌.

പ്രവർത്തകസമിതി യോഗം ചേർന്ന തിങ്കളാഴ്‌ച രാത്രി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ ഗുലാംനബി ആസാദിന്റെ വസതിയിൽ കത്തയച്ചവരിൽ ഒരു വിഭാഗം ഒത്തുചേർന്നിരുന്നു. ആനന്ദ്‌ ശർമ, മുകുൾ വാസ്‌നിക്‌, മനീഷ്‌ തിവാരി, ശശി തരൂർ, കപിൽ സിബൽ എന്നിവരാണ്‌ പങ്കെടുത്തത്‌.

ദേശീയതലത്തിൽ കോൺഗ്രസിന്റെ പുനരുജ്ജീവനംമാത്രമാണ്‌ ലക്ഷ്യമെന്ന നിലപാടിലാണ്‌ വിമതപക്ഷം. ആറുമാസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ കണ്ടെത്താൻ എഐസിസി ചേരാനും ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കുന്നതിന്‌ പ്രത്യേക സമിതിക്ക്‌ രൂപം നൽകാനുമുള്ള തീരുമാനങ്ങൾ വിജയമായാണ്‌ ഇവർ കാണുന്നത്‌. കത്തയച്ചവർക്കെതിരായി അച്ചടക്കനടപടിക്ക്‌ ആവശ്യം ഉയർന്നെങ്കിലും സോണിയ തയ്യാറാകാതിരുന്നതും നേട്ടമായി‌.

പ്രവർത്തകസമിതി യോഗത്തിന്‌ തലേന്ന്‌ കത്ത്‌ മാധ്യമങ്ങൾക്ക്‌ ചോർത്തിനൽകിയത്‌ കുടുംബഭക്തരാണെന്ന്‌ വിമതർ കാണുന്നു. കത്ത്‌ അയച്ച സമയവും അത്‌ ചോർന്നതും ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ കടന്നാക്രമണം. കൂട്ടായ ആക്രമണമുണ്ടായിട്ടും കത്തിലെ ഉള്ളടക്കത്തിൽ അവർ ഉറച്ചുനിന്നത്‌ രാഹുൽ ബ്രിഗേഡിനെ ഞെട്ടിച്ചു‌. കത്തിൽ ഒപ്പുവച്ചിട്ടില്ലെങ്കിലും പി ചിദംബരം അടക്കമുള്ള മുതിർന്ന നേതാക്കൾ വിമതപക്ഷത്തോട്‌ അനുഭാവം പുലർത്തുംവിധമാണ്‌ യോഗത്തിൽ സംസാരിച്ചത്‌.

സോണിയയെ സഹായിക്കാനായി രൂപീകരിക്കുന്ന സമിതി പൂർണമായും രാഹുൽ ബ്രിഗേഡിന്റെ നിയന്ത്രണത്തിലാകില്ലെന്ന്‌ ഉറപ്പുവരുത്താനാകും വിമതപക്ഷം ആദ്യം ശ്രമിക്കുക. ഒപ്പം എത്രയുംവേഗം എഐസിസി വിളിക്കാനുള്ള സമർദവും ശക്തിപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here