കൊൽക്കത്ത : മോഷ്ടിച്ച സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാത്തതിനാൽ ഉടമയ്ക്ക് തന്നെ തിരികെ നൽകി മാതൃകയായി യുവാവ്. സെപ്റ്റംബർ 4ന് പശ്ചിമ ബംഗാളിലെ കിഴക്കൻ ബർദ്‌വാൻ ജില്ലയിലെ ജമാൽപൂരിലാണ് സംഭവം. ഒരു മധുര പലഹാര കടയിൽ സാധനം വാങ്ങാനെത്തിയതായിരുന്നു ഫോണിന്റെ ഉടമസ്ഥൻ. 45,000 രൂപ വരുന്ന മൊബൈൽ ഫോൺ ഇയാൾ അബദ്ധത്തിൽ കടയിൽ മറന്നുവച്ചു പോയി. ഉടൻ തന്നെ കടയുടെ കൗണ്ടറിൽ നിന്നും ഈ ഫോൺ 22 വയസുള്ള യുവാവ് മോഷ്ടിക്കുകയായിരുന്നു. ആദ്യം കടയിൽ തിരക്കി ചെന്നെങ്കിലും അവിടെ നിന്നും ഫോണും മോഷണം പോയെന്ന് മനസിലാക്കിയ ഫോണിന്റെ ഉടമസ്ഥൻ പൊലീസിൽ പരാതി നൽകി. ഫോണിലേക്ക് വിളിച്ചു നോക്കാൻ ശ്രമിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു.

എങ്കിലും ഉടമസ്ഥൻ മറ്റൊരു ഫോൺ വഴി തന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചു കൊണ്ടേയിരുന്നു. ഇതിനിടെ സ്വിച്ച് ഓഫ് മാറുകയും ചെയ്തു. തുടർന്ന് ഉടമസ്ഥൻ വീണ്ടും തന്റെ ഫോണിലേക്ക് വിളി തുടർന്നു. ഒടുവിൽ ഏതാനും ദിവസങ്ങൾക്ക് ശേഷം മോഷ്ടാവ് ആ കോൾ എടുക്കുകയും തനിക്ക് ഈ ഫോൺ പ്രവർത്തിപ്പിക്കാൻ അറിയില്ലെന്നും തിരിച്ചു തരാൻ ആഗ്രഹിക്കുന്നതായും പറഞ്ഞു. വൈകാതെ തന്നെ പൊലീസിന്റെ സഹായത്തോടെ ഉടമ മോഷ്ടാവിന്റെ വീട്ടിലെത്തി ഫോൺ വാങ്ങുകയായിരുന്നു. താൻ ചെയ്തത് തെറ്റായെന്നും തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം ഉള്ളതായും മോഷ്ടാവ് പറഞ്ഞു. തനിക്ക് പരാതിയൊന്നുമില്ലെന്ന് ഫോണിന്റെ ഉടമ അറിയിച്ചതോടെ ഇയാൾക്കെതിരെ നിയമപടി പൊലീസ് സ്വീകരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here