ന്യൂഡൽഹി: മോസ്കോയിലെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്നിക് 5 വാക്സീന്റെ കാര്യത്തിൽ റഷ്യ ഇന്ത്യയ്ക്കു മുന്നിൽ വച്ചിരിക്കുന്നത് 2 നിർദേശങ്ങൾ. 1. വ്യാവസായിക ഉൽപാദനത്തിൽ സഹായിക്കണം. 2. ഈ വാക്സീൻ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ഭാഗമാക്കണം. ഉൽപാദന കാര്യത്തിൽ പ്രധാനപ്പെട്ട ഇന്ത്യൻ കമ്പനികളുമായി ആശയവിനിമയം നടത്തി സന്നദ്ധത അറിയിച്ചെങ്കിലും വാക്സീൻ ഇന്ത്യയിൽ ഉപയോഗിക്കണമെങ്കിൽ മൂന്നാം ഘട്ട പരീക്ഷണം നിർബന്ധമാണെന്നു കേന്ദ്രം മറുപടി നൽകി.

അടിയന്തര ഘട്ടത്തിൽ മരുന്നുകളും വാക്സീനും പരീക്ഷണ നടപടി പൂർത്തിയാകും മുൻപ് ഉപയോഗിക്കാനാകുമെങ്കിലും അതു വേണ്ട എന്നാണു നിലപാട്. സമാനരീതിയിൽ ഓക്സ്ഫഡ് വികസിപ്പിച്ച വാക്സീനും ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് നിർദേശിച്ചിരുന്നത്. ആദ്യ ഘട്ട ഫലങ്ങളിലെ വിവരങ്ങൾ റഷ്യ കൈമാറിയിട്ടുണ്ട്. അവിടെയും മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായിരുന്നില്ല. കൂടുതൽ പേരിൽ നടക്കുന്ന മൂന്നാം ഘട്ട പരീക്ഷണത്തിലാണു വാക്സീന്റെ ഫലപ്രാപ്തി, പ്രതിരോധശേഷി ലഭിക്കുന്ന കാലയളവ് തുടങ്ങിയവ നിർണയിക്കാനാവുക.

മൂന്നാം ഘട്ട പരീക്ഷണം കഴിയാതെ ഉപയോഗത്തിലേക്കു കടക്കാനാകില്ലെന്നു നിതി ആയോഗ് അംഗവും ഇന്ത്യയുടെ വാക്സീൻ സമിതി അധ്യക്ഷനുമായ ഡോ. വി.കെ. പോൾ പറഞ്ഞു.

ആരു വികസിപ്പിച്ചാലും ഇന്ത്യ വേണ്ടി വരും!

ആരു വാക്സീൻ വികസിപ്പിച്ചാലും ഉൽപാദനത്തിൽ ഇന്ത്യ നിർണായകമാകും. ലോകത്തെ പ്രധാന വാക്സീൻ ഉൽപാദക കമ്പനികളിൽ നല്ലൊരു ഭാഗം ഇന്ത്യയിലാണ്. സീറം ഇൻസ്റ്റിറ്റ്യൂ‌ട്ടിനു മാത്രം പ്രതിമാസം 7 – 10 കോടി ഡോസ് നിർമിക്കാൻ ശേഷിയുണ്ട്. ഇവരടക്കം എല്ലാ കമ്പനികളോടും ഉൽപാദന ശേഷി വർധിപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയാണ് വാക്സീൻ ഉൽപാദന രംഗത്തുള്ള മറ്റൊരു പ്രധാന രാജ്യം.

ഇതിനിടെ, സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഓക്സ്ഫഡ് വാക്സീൻ മൂന്നാംഘട്ട പരീക്ഷണം വൈകാതെ തുടങ്ങും.

വാസ്കീൻ പ്രതിജ്ഞയുമായി കമ്പനികൾ

ന്യൂഡൽഹി: പരീക്ഷണം വിജയമായെന്നു ബോധ്യപ്പെട്ടാൽ മാത്രമേ വാക്സീൻ ലഭ്യമാക്കൂവെന്ന പ്രതിജ്ഞയുമായി ലോകത്തെ 9 പ്രധാന ഉൽപാദക കമ്പനികൾ. ഓക്സ്ഫഡ് വാക്സീൻ ഉടമകളായ അസ്ട്രാസെനക്ക അടക്കമുള്ള കമ്പനികളുടെ സിഇഒമാരാണു വാക്സീൻ പ്രതിജ്ഞയെടുത്തത്. ജോൺസൺ ആൻഡ് ജോൺസൺ, മൊഡേന, നോവാക്സ്, സനോഫി, ഗ്ലാക്സോ, സ്മിത്ക്ലിൻ തുടങ്ങിയ കമ്പനികളും ഇക്കൂട്ടത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here