അയോദ്ധ്യ: ദീപാവലിയോടനുബന്ധിച്ച് ദീപപ്രഭയാൽ വിസ്‌മയങ്ങൾ തീർക്കാനൊരുങ്ങുകയാണ് അയോദ്ധ്യ. 5,51,000 വിളക്കുകൾ തെളിയിച്ച് ഗിന്നസ് ബുക്കിൽ റെക്കോർഡ് സ്ഥാപിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ക്ഷേത്രനഗരിയിലെ 28ഓളം കടവുകളിലാണ് ഇവ സ്ഥാപിക്കുക. കൊവിഡ് നിയന്ത്രണങ്ങളോടെയാകും ആഘോഷം.മുൻപ് സരയൂ നദിക്കരയിൽ 4,10,000 വിളക്കുകൾ കൊളുത്തി സ്ഥാപിച്ച റെക്കോർഡ് തിരുത്താനാണ് അയോദ്ധ്യ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിന് നേതൃത്വമേകും. 2017ൽ യോഗി സർക്കാർ അധികാരമേ‌റ്റ ശേഷം എല്ലാവർഷവും അയോദ്ധ്യയിൽ ദീപോത്സവം ആഘോഷിക്കാറുണ്ട്.അയോദ്ധ്യയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളും റാം മനോഹർ ലോഹ്യ സർവകലാശാല വിദ്യാർത്ഥികളും ചേർന്ന് 8000 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് കൊവിഡ് നിയന്ത്രണങ്ങളുള‌ളതിനാൽ പങ്കെടുക്കാൻ നിയന്ത്രണങ്ങളുണ്ട്.

300ഓളം ക്ഷേത്രങ്ങളിലെയും മഠങ്ങളിലെയും പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുക്കും. രാമക്ഷേത്ര നിർമ്മാണ സ്ഥലത്ത് 21,000 വിളക്കുകൾ തെളിയിക്കും.കരിമരുന്ന് പ്രയോഗങ്ങൾക്ക് പകരം അവയുടെ ലേസർ പ്രദർശനമാകും ഉണ്ടാകുകയെന്നും യു.പി അഡീഷണൽ ചീഫ് സെക്രട്ടറി നവ്നീത് സെഹ്‌ഗാൾ അറിയിച്ചു. ഭരതനാട്യം,കുച്ചിപ്പുടി,മണിപ്പൂരി, ഒഡീസി,കഥക് എന്നിവയും അരങ്ങേറും. ട്വി‌റ്ററിലൂടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രദർശനവും ഉണ്ടാകും. അയോദ്ധ്യ വിധിക്ക് ശേഷമുള‌ള ആദ്യ ദീപാവലി കേമമാക്കാൻ തന്നെയാണ് യോഗി സർക്കാരിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here