ന്യൂഡൽഹി: ദേശീയ ഹരിത ട്രിബ്യൂണലിന്റെയും സംസ്ഥാന സർക്കാരിന്റെയും പടക്ക നിരോധനം ലംഘിച്ച് ഡൽഹിയിൽ ദീപാവലി ആഘോഷം പൊടിപൊടിച്ചതോടെ വിഷപ്പുക നിറഞ്ഞ് അന്തരീക്ഷം.ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി (ഡി.പി.സി.സി) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇൻകം ടാക്‌സ് ഓഫീസ് മേഖല, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ആർ.കെ. പുരം എന്നിവിടങ്ങളിൽ വായു നിലവാര സൂചിക (എ.ക്യു.ഐ) യഥാക്രമം 337,368, 400 ആണ് രേഖപ്പെടുത്തിയത്.’വളരെ മോശം ‘ വിഭാഗത്തിലാണ് എൻ.സി.ആർ മേഖലയിലെ വായു.

ഈ അളവിൽ മലിനീകരണമുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നത് ആരോഗ്യമുള്ളവർക്കുപോലും അപകടകരമാണ്.കഴിഞ്ഞ അഞ്ച് വർഷമായി ദീപാവലിക്ക് ശേഷമാണ് എ.ക്യു.ഐ ക്രമാതീതമായി ഉയർന്നതെങ്കിൽ ഈ വർഷം ദീപാവലിക്ക് മുമ്പേ ഈ അളവിലേക്ക് വായു മലിനീകരണം ഉയർന്നിരുന്നു.എല്ലാ വർഷവും പടക്കങ്ങളുടെ ഉപയോഗം നിയന്ത്രിക്കാറുണ്ടെങ്കിലും പ്രയോഗികമാവാറില്ല. നിയന്ത്രണം ശക്തമാക്കിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാവുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. ഒപ്പം ശൈത്യം ശക്തിപ്രാപിക്കാൻ തുടങ്ങിയതോടെ വായുസഞ്ചാരം കുറഞ്ഞതും ഹരിയാന – പഞ്ചാബ് സംസ്ഥാനങ്ങളിലും വയലിലെ അവശിഷ്ടങ്ങൾ കത്തിക്കുന്നത് വർദ്ധിച്ചതും വായുനിലവാരത്തെ കൂടുതൽ മോശമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here