ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഉറച്ച നിലപാടില്‍ കര്‍ഷകര്‍ സമരം തുടരവെ ഡല്‍ഹിയില്‍ അഞ്ചാം വട്ട ചര്‍ച്ച ആരംഭിച്ചു. സമരം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയമഭേദഗതി എന്ന ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും കര്‍ഷകരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ തമ്പടിച്ചിട്ടുള്ള ആയിരക്കണക്കിന് കര്‍ഷകരുള്ളത്.

സര്‍ക്കാര്‍ തങ്ങളുടെ നിലപാട് അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് വളയുമെന്നടക്കമുള്ള ഭീഷണി കര്‍ഷകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒപ്പം ദേശീയ പാത എട്ടില്‍ മാര്‍ച്ച് നടത്തുമെന്നും പ്രക്ഷോഭം ജന്തര്‍ മന്തറിലേക്ക് മാറ്റുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

കര്‍ഷകര്‍ പോസിറ്റീവായി ചിന്തിക്കുകയും പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here