തിരുവനന്തപുരം :പാളിച്ചകൾ തിരുത്തി നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുവരവ് സാധിക്കുമെന്ന് യുഡിഎഫ് നേതൃയോഗം വിലയിരുത്തി. ഭരണ മാറ്റത്തിനായി ജനങ്ങൾ വോട്ടു ചെയ്യുന്നതു നിയമസഭാ തിരഞ്ഞെടുപ്പിലാണ് എന്നതിനാൽ സർക്കാരിനെതിരെയുള്ള വികാരം അടുത്ത തിരഞ്ഞെടുപ്പിൽ ഉയരുമെന്നും വിശ്വാസം പ്രകടിപ്പിച്ചു. മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കോൺഗ്രസിന്റെ ഉഭയകക്ഷി ചർച്ചകൾക്കു ശേഷമായിരുന്നു യുഡിഎഫ് യോഗം.

വിവാദങ്ങൾ സൃഷ്ടിച്ച അനുകൂല അന്തരീക്ഷം മുതലാക്കാൻ സാധിക്കാത്തതിന്റെ കാരണം പരിശോധിക്കണമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. കോൺഗ്രസിന്റെ പാളിച്ചകൾ വിമർശന വിധേയമായി. സർക്കാർ വിരുദ്ധ വികാരം വോട്ടാക്കാൻ കഴിയുന്ന രാഷ്ട്രീയവും സംഘടനാപരവുമായ ഒരുക്കങ്ങളിലേക്ക് കടക്കാൻ തീരുമാനിച്ചു. ഫലം വിശദമായി വിലയിരുത്താനും ഭാവി നടപടികൾക്കുമായി ജനുവരി 9ന് മുഴുവൻദിന യുഡിഎഫ് യോഗം ചേരും. ജില്ലാതല സമിതികളും വിളിക്കും. കർഷക പ്രക്ഷോഭത്തിനു പിന്തുണയായി 22ന് രാജ്ഭവൻ മാർച്ച് നടത്തും.

തദ്ദേശ ഫലം വന്നതോടെ യുഡിഎഫിന്റെ നിയന്ത്രണം ലീഗ് ഏറ്റെടുക്കുകയാണെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണം ഉയർത്തിയതിനെ സംയുക്ത വാർത്താ സമ്മേളനത്തിൽ കോൺഗ്രസ്, ലീഗ് നേതാക്കൾ വിമർശിച്ചു. സന്ദർഭത്തിന് അനുസരിച്ചു മുഖ്യമന്ത്രി വർഗീയ കാർഡ് ഇറക്കുകയാണെന്നു പി.കെ.കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. യുഡിഎഫിനു പോരായ്മകളുണ്ടായതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോവിഡ് കാല പരിമിതികൾ പ്രതിപക്ഷത്തിനു തടസ്സങ്ങൾ ഉണ്ടാക്കിയപ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ എല്ലാ സന്നാഹങ്ങളും എൽഡിഎഫും ബിജെപിയും ഉപയോഗിച്ചു. തെറ്റുകൾ തിരുത്തി വർധിത വീര്യത്തോടെ യുഡിഎഫ് തിരിച്ചുവരുമെന്നു രമേശ് പറ‍ഞ്ഞു.

മധ്യകേരളത്തിൽ ജോസ് കെ.മാണി വിഭാഗത്തിനു മുന്നേറ്റവും ജോസഫ് പക്ഷത്തിനു തിരിച്ചടിയും എന്ന പ്രചാരണം തെറ്റാണെന്ന് കണക്കുകൾ ഉദ്ധരിച്ച് പി. ജെ. ജോസഫ് വിഭാഗം യുഡിഎഫ് യോഗത്തിൽ അവകാശപ്പെട്ടു. രാവിലെ കെപിസിസി ഭാരവാഹികളുടെ യോഗം ചേർന്ന ‘ഇന്ദിരാ ഭവന്റെ’ മുന്നിൽ ‘കെ.സുധാകരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ’ എന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.

യുഡിഎഫ് തിരിച്ചുവരും: അനൂപ് ജേക്കബ്

തിരുവനന്തപുരം: കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘടനാ പാളിച്ചകൾ തിരുത്തി തിരഞ്ഞെടുപ്പിലുണ്ടായ വീഴ്ചകൾ തുറന്ന സമീപനത്തോടെ ചർച്ച ചെയ്തു പരിഹരിച്ച് ഒറ്റക്കെട്ടായി യുഡിഎഫ് തിരിച്ചു വരുമെന്നും തിരഞ്ഞെടുപ്പിലുണ്ടായ പരാജയം അഴിമതിയിൽ മുങ്ങിക്കുളിച്ച ഇ‌ടതു സർക്കാരിനുള്ള ഗുഡ് സർട്ടിഫിക്കറ്റ് അല്ലെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here