സ്വന്തം ലേഖകൻ

കൊച്ചി : എൻ സി പി ഇടതുമുന്നണി വിടുമെന്ന ചർച്ചകൾ സജീവം. ഇടതുമുന്നി വേദനിപ്പിച്ചെന്ന എൻ സി പിയുടെ പരാതിയും, പാലാ സീറ്റ് മാണി സി കാപ്പന് വിട്ടുകൊടുക്കുമെന്നുള്ള കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫിന്റെ പ്രഖ്യാപനവും എൻ സി പി യുടെ തീരുമാനം ഉടനുണ്ടാവുമെന്ന സൂചനകളാണ്.

കുട്ടനാട് സീറ്റിലും പാലാ സീറ്റിലും കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ ഇടതുമുന്നണിയിൽ നിന്നും നീതി കിട്ടില്ലെന്ന തിരിച്ചറിവാണ് എൻ സി പിക്കുള്ളത്.

നിലവിൽ പാലാ എം എൽ എ കൂടിയായ മാണി സി കാപ്പന് അവിടെ തുടർന്ന് മൽസരിക്കണമെങ്കിൽ എൽ ഡി എഫ് വിടുക മാത്രമേ വഴിയുള്ളൂ. ജോസ് കെ മാണിയുടെ വരവോടെ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായതും എൻ സി പിക്കായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹമായ സീറ്റുകൾ നൽകിയിരുന്നില്ലെന്നുള്ള മാണി സി കാപ്പന്റെ പരസ്യപ്രസ്താവന മുന്നണി വിടാനുള്ള തീരുമാനത്തിന്റെ ഭാഗമാണ്.

എൻ സി പിക്ക് പാലാ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറാണെന്ന പ്രഖ്യാപനം പി ജെ ജോസഫ് വീണ്ടും ആവർത്തിച്ചു.
പി ജെ ജോസഫിന്റെ പ്രസ്താവനയിൽ യു ഡി എഫിന്റെ മറ്റ് നേതാക്കൾ പ്രതികരിച്ചിട്ടില്ല.

എൻ സി പി ദേശീയ പാർട്ടിയാണെന്നും അതിനാൽ അന്തിമതീരുമാനം ശരത് പവാറിന്റെതായിരിക്കുമെന്നുമാണ് നേതാക്കളുടെ പ്രതികരണം. ഇപ്പോൾ ഞങ്ങൾ എൽ ഡി എഫിലാണെന്നും നാളെ എവിടെയായിരിക്കുമെന്ന് അറിയില്ലെന്നുമാണ് എൻ സി പി നേതാക്കൾ പറയുന്നത്.


നിലവിൽ എൻ സി പി കേരള മന്ത്രി സഭയിൽ അംഗമാണ്. കുട്ടനാട് എം എൽ എയായിരുന്ന തോമസ് ചാണ്ടിയടക്കം മൂന്ന് എം എൽ എ മാരുണ്ടായിരുന്ന എൻ സി പി  കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടെ വരവോടെ ഇടതുമമുന്നണിയിൽ തഴയപ്പെട്ടുവെന്നാണ് ജനറൽ സെക്രട്ടറി സലിം പി മാത്യുവിന്റെ പ്രതികരണം.

എൻ സി പി മുന്നണി വിടാൻ തീരുമാനമെടുത്താൽ മന്ത്രിയും എലത്തൂർ എം എൽ എയുമായ എ കെ ശശീന്ദ്രൻ മറിച്ചൊരു നിലപാട് സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്. എ കെ ശശീന്ദ്രൻ വിജയിക്കുന്ന സീറ്റ് സി പി എം ശക്തികേന്ദ്രമാണ്. മലബാറിലെ ഏക എൻ സി പി മണ്ഡലമാണ് എലത്തൂർ.

LEAVE A REPLY

Please enter your comment!
Please enter your name here