രാജേഷ് തില്ലങ്കേരി ഒരിക്കലും ഇങ്ങനെയൊരു വർഷമുണ്ടാവരുതെന്ന പ്രാർത്ഥനയോടെയാണ് ലോകം 2020 യെ യാത്രയാക്കുന്നത്. കോവിഡ് എന്ന മഹാമാരി ലോകത്ത് വിതച്ച ദുരന്തങ്ങളുടെയും, ദുരിതങ്ങളുടെയും ആഘാതം എത്രയെന്ന് വിവരിക്കാൻ പറ്റില്ല. അത്രയുമുണ്ട് അതിന്റെ ആഴം.   കോവിഡ് എന്ന മാഹാമാരിയെ തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും ചില രാജ്യങ്ങൾ കോവിഡിന്റെ ജനിതകമാറ്റ ഭീഷണിമൂലം അടച്ചിടേണ്ടിവന്നിരിക്കുന്നു. ഒരു വർഷമായി കൊറോണയെന്ന മഹാമാരിയുടെ പിടിയിൽ പെട്ട് ജീവിതം ശുഷ്‌കമായി. ലക്ഷക്കണക്കിന് മനുഷ്യജീവനുകൾ പൊലിഞ്ഞു. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ജനം ദുരിതക്കയത്തിലേക്ക് ആണ്ടുപോയ വർഷമായിരുന്നു ഇത്.  
നഷ്ടങ്ങളുടെ കണക്കുകൾ ആയിരിക്കും നേട്ടങ്ങളെക്കാൾ 2020 ക്ക് പറയാനുണ്ടാവുക. ലോകത്തെ കണ്ണീരലാഴ്ത്തിയ മരണങ്ങൾ, കായികലോകത്തും സാഹിത്യത്തിലും സിനിമയിലുമെല്ലാം വലിയ നഷ്ടങ്ങളുണ്ടാക്കിയ വർഷമായിരുന്നു 2020. ഓരോമനുഷ്യനെയും പലരീതിയിൽ കണ്ണീരണിയിപ്പിച്ച ഒരു വർഷം. കോവിഡ് എന്ന മഹാമാരി വിതച്ച ദുരന്തത്തിൽ നിന്നും നമുക്കിപ്പോഴും ഉയർത്തെഴുന്നേൽക്കാൻ കഴിഞ്ഞിട്ടില്ല. ലോക് ഡൗൺ കാലത്ത് ലോകം സ്തംഭിച്ചു. യാത്രകളില്ലാതായി. കോടിക്കണക്കിന് പേർ തൊഴിൽ രഹിതരായി. 2020 എന്ന മായിക വർഷത്തെ ജനം വെറുത്തു. നമ്മുടെ ആരധനാ ലോകം ശുഷ്‌കമായിത്തുടങ്ങി.   കാല്പ്പന്തുകളിയുടെ ലോകത്ത് മായിക ലോകം സൃഷ്ടിച്ചിരുന്ന ഫുട്‌ബോൾ ദൈവം  ഡീഗോ മറഡോണ ലോകത്തെ ലക്ഷക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തി കടന്നു പോയതും ഈയടുത്ത ദിവസങ്ങളിലായിരുന്നു.  ആധുനിക സിനിമയുടെ പ്രയോക്താവായ കിംകി ഡുക്കും കടന്നു പോയത് ഈ 2020 ൽ ആയിരുന്നു.   രാജ്യം ഏറെ ആരാധനയോടെ നെഞ്ചിലേറ്റിയ ഗാനങ്ങളായിരുന്നു എസ് പി ബാലസുബ്രഹ്മണ്യത്തിന്റേത്. സംഗതലോകത്തിന് ഒരിക്കലും പകരക്കാരനില്ലാത്ത അതുല്യ പ്രതിഭ. കോവിഡ് എന്ന മഹാമാരി അദ്ദേഹത്തെയും കൊണ്ടുപോയി.  സംഗീതപ്രേമികളുടെ പ്രാർത്ഥനകളെയെല്ലാം വിഫലമാക്കിക്കൊണ്ടാണ് സെപ്റ്റംബർ 25 ന് എസ് പി ബാലസുബ്രഹ്മണ്യം കടന്നു പോയത്.   ഹിന്ദി സിനിമയിലെ പ്രണയ നായകനായിരുന്ന ഋഷികൂപൂർ ഏപ്രിൽ 30 ന് ഈ ലോകത്തുനിന്നും വിടവാങ്ങി. സൗമിത്ര ചാറ്റർജിയും 2020യുടെ നഷ്ടമായി. പോരാട്ടവീര്യത്തിന്റെ മുഖമായിരുന്ന ബോളിവുഡ് താരം ഇർഫാൻ ഖാനും ഏപ്രിലിന്റെ നഷ്ടമായി. വിവാദമായ ഒരു മരണവും ഹിന്ദി സിനിമാ ലോകത്തുണ്ടായി. അത് യുവതാരം സുശാന്ത് സിംഗ് രജപുത്തിന്റേതായിരുന്നു.
കേരളത്തിനും  വലിയ നഷ്ടത്തിന്റെ വർഷമായിരുന്നു കടന്നുപോവുന്ന 2020. അതിപ്രഗൽരായ രണ്ട് കാവ്യപാരമ്പര്യങ്ങളാണ് മലയാളത്തിന് ഈ വർഷം നഷ്ടമായത്. മഹാകവി അക്കിത്തത്തെയും, സുഗതകുമാരിയെയും. മനുഷ്യസ്‌നേഹത്തിന്റെ കാവ്യഭംഗിയെ അക്ഷരങ്ങളിലേക്ക് ആവാഹിച്ച കവിയായിരുന്നു അക്കിത്തം. മലയാളികൾക്ക് ഭക്തിയുടെയും പ്രണയത്തിന്റെയും പ്രകൃതിയുടെയും ഒട്ടേറെ ഓർമ്മകളാണ് സുഗതകുമാരി ടീച്ചറുടെ കവിതകൾ.
 
 മലയാള നോവൽ സാഹിത്യത്തിന് അതുല്യമായ സംഭാവനകൾ നൽകിയ പ്രിയ എഴുത്തുകാരൻ യു എ ഖാദർ എന്നിവരാണ് ഈ 2020 ൽ നമ്മെ വിട്ടുപോയത്. സിനിമാ, സീരിയൽ നടൻ രവി വള്ളത്തോൾ വിടപറഞ്ഞതും 2020യിലായിരുന്നു. കണ്ണെഴുതിപ്പൊട്ടുംതൊട്ട്, സാഗരം സാക്ഷി തുടങ്ങിയ നിരവധി സിനിമകളിൽ രവി വള്ളത്തോൾ വേഷമിട്ടിരുന്നു രവി വള്ളത്തോൾ.
മലയാള സിനിമാ ലോകത്തും വലിയ നഷ്ടങ്ങളുടെ വർഷമായിരുന്നു 2020. സംവിധായകൻ സച്ചിയുടെ മരണമാണ് മലയാളികളെ സങ്കടകടലിലേക്ക് വലിച്ചിട്ടത്. മലയാള സിനിമയുടെ എക്കാലത്തെയും നഷ്ടമായി സച്ചിയുടെ വിടവാങ്ങൽ. അയ്യപ്പനും കോശിയുമടക്കം ഒട്ടേറെ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് നൽകിയ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി വരും കാലസിനിമയ്ക്ക് നിരവധി സംഭാവനകൾ നൽകേണ്ട പ്രതിഭയായിരുന്നു.     സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെയും മരണം 2020 യുടെ വലിയ നഷ്ടങ്ങളിൽ അവസാനത്തേതാണ്. സൂഫിയും സുജാതയുമെന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച സംവിധായകനായിരുന്നു ഷാനവാസ്. ഡിസംബറിൽ അനിൽ നെടുമങ്ങാടും നമ്മെ വിട്ടുപിരിഞ്ഞു. മലങ്കര ഡാമിൽ മുങ്ങിമരിച്ച അനിൽ മലയാള സിനിമയിൽ ഏറെ പ്രതീക്ഷയുള്ള യുവനടനായിരുന്നു. നാടക പ്രസ്ഥാനത്തിൽ നിന്നും സിനിമയിലെത്തിയ ശശികലിങ്ക, അനിൽ മുരളി എന്നിവരുടെ വിടവാങ്ങലും 2020 യിലുണ്ടായ നഷ്ടങ്ങളാണ്.   ഹിന്ദുസ്ഥാനി സംഗീതലോകത്തെ ചക്രവർത്തിയായിരുന്ന ജസ് രാജും 2020 ന്റെ ദുഖസ്മരണകളായിമാറി. നെഞ്ചോട് ചേർക്കാനായി ഒരുപിടി നല്ല ഗാനങ്ങൾക്ക് ഈണം നൽകിയ സംഗീതസംവിധായകൻ,  എം കെ അർജ്ജുനനൻ മാസ്റ്റർ. 2020 ഏപ്രിൽ മാസമാണ് അദ്ദേഹം നമ്മോട് വിടപറഞ്ഞത്.   മുൻരാഷ്ട്രപതി പ്രണബ് മുഖർജി, രാജ്യസഭാ അംഗവും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായിരുന്ന എം പി വീരേന്ദ്രകുമാർ, കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പസ്വാൻ, അഹമ്മദ് പട്ടേൽ അമർ സിംഗ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും വിടപറഞ്ഞ വർഷമായിരുന്നു 2020.
 

LEAVE A REPLY

Please enter your comment!
Please enter your name here