തൃശൂർ: കുതിരാന് സമീപം ദേശീയപാതയിൽ വാഹനാപകടം തുടർക്കഥയായതോടെ രോഷമടങ്ങാതെ പ്രദേശവാസികൾ. 2019 ജനുവരി മുതൽ 2020 സെപ്​റ്റംബർ വരെ 220 വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 31 ജീവനാണ്. ഇക്കഴിഞ്ഞ നവംബർ ആദ്യ ദിവസങ്ങളിൽ ചരക്കുലോറികൾ അപകടത്തിൽപെട്ട് രണ്ടുപേർ മരിച്ചിരുന്നു. പ്രശ്നപരിഹാരമായി തുരങ്കം തുറക്കുമെന്ന പ്രതീക്ഷയും എങ്ങുമെത്തിയില്ല. ഒടുവിൽ കഴിഞ്ഞദിവസം േകരള പര്യടനത്തി​െൻറ ഭാഗമായി എത്തിയ മുഖ്യമന്ത്രി ജനുവരിയിൽ തുരങ്കം തുറക്കുമെന്ന് അറിയിച്ച പ്രതീക്ഷയിലാണ് ജില്ല.

അപകടങ്ങള്‍ നിരന്തരമായി ഉണ്ടാകുമ്പോഴും അധികൃതര്‍ മൗനത്തിലാണ്. ദേശീയപാത അതോറിറ്റിയും റോഡ് നിര്‍മാണ കരാര്‍ കമ്പനിയും അപകടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. വ്യാഴാഴ്ച അപകടം നടന്ന പ്രദേശമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ റോഡി​െൻറ വീതിക്കുറവാണ് പ്രശ്നം. ഗർത്തങ്ങൾ, അശാസ്ത്രീയ റോഡ് നിർമാണം, ദിശാസൂചിക ബോർഡുകളുടെ കുറവ്, അമിത വേഗത തുടങ്ങി അപകട കാരണങ്ങൾ ഏറെയുണ്ട്. ഹൈകോടതി തന്നെ നിയോഗിച്ച കമീഷൻ ദേശീയപാത നിർമാണത്തിലെ അപാകതകൾ അക്കമിട്ട് നിരത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഇടയ്ക്കിടെ പുനരാരംഭിക്കുന്ന റോഡ് നിർമാണം പെട്ടെന്നൊരുനാൾ ഫലം കാണാതെ നിലക്കും. വീണ്ടും അപകടവും പ്രതിഷേധവുമുയരുമ്പോൾ വീണ്ടും തുടങ്ങും. ഗതാഗതക്കുരുക്ക് തുടർക്കഥയാണ്. ഇരട്ടത്തുരങ്കങ്ങളിൽ ഒന്ന് തുറന്നാൽ പ്രശ്നപരിഹാരമാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. തുരങ്കത്തിന് മുന്നിലെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടക്കുന്നുണ്ട്. പക്ഷേ, തുരങ്കത്തിനകത്ത് ബ്ലോവറുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പണികൾ പൂർത്തിയായിട്ടില്ല.

മണ്ണുത്തി-വടക്കുഞ്ചേരി ആറുവരിപ്പാതയുടെ 70 ശതമാനം പ്രവൃത്തി പൂർത്തീകരിച്ചുവെന്നാണ് ദേശീയപാത അതോറിറ്റി അവകാശപ്പെടുന്നത്. 2018 ജനുവരി ഒന്നു മുതൽ ഈ വർഷം സെപ്​റ്റംബർ എട്ടുവരെ പീച്ചി പൊലീസ് സ്​റ്റേഷൻ പരിധിയിലും 2019 ജനുവരി ഒന്നുമുതൽ ഈ വർഷം സെപ്​റ്റംബർ 19 വരെ മണ്ണുത്തി പൊലീസ് സ്​റ്റേഷൻ പരിധിയിലും ഉൾപ്പെടുന്ന മണ്ണുത്തി മുതൽ വാണിയമ്പാറ വരെ 17 കിലോമീറ്ററിൽ 220 അപകടങ്ങളിലായി 244 പേർക്ക് പരിക്കേൽക്കുകയും 31 പേർ മരിക്കുകയും ചെയ്​തതായി മനുഷ്യാവകാശ സംഘടനയായ നേർക്കാഴ്ച ചെയർമാൻ പി.ബി. സതീഷിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. അപകടം തുടരുന്നതിനാൽ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here