കൊച്ചി: വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്.മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്ര നടത്തും. പൂർണമായും കിഫ്ബിയുടെ ധനസഹായത്തിലായിരുന്നു നിർമ്മാണം.മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലർ കുത്തിതിരിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ ഇക്കൂട്ടരെ കണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അരാജകത്വത്തിന് കുട പിടിക്കണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെ പിണറായി വിജയൻ അഭിനന്ദിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടിഎം തോമസ് ഐസക്കായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

സന്തോഷം തോന്നുന്ന മുഹൂ‌‌ർത്തമെന്ന് സുധാകരൻ
വളരെ സന്തോഷം തോന്നുന്ന മുഹൂർത്തമാണെന്നും, സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അനുവദിച്ച തുകയേക്കാള്‍ കുറഞ്ഞ ചിലവില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും , വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയത്‌നമാണെന്നും അദ്ദേഹം പറഞ്ഞു.പതിനൊന്ന് മണിക്ക് കുണ്ടന്നൂർ പാലം ഉദ്ഘാടനം ചെയ്യും. കുണ്ടന്നൂർ ഫ്ളൈ ഓവറിന് സമീപം നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ എം. സ്വരാജ്, പി.ടി. തോമസ്, എസ്. ശർമ, ജോൺ ഫെർണാണ്ടസ്, മുൻ എം.പിമാരായ പി. രാജീവ്, കെ.വി. തോമസ്, മരട് മുൻസിപ്പൽ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, കളക്ടർ എസ്. സുഹാസ്,​ കൗൺസിലർമാരായ സി.വി. സന്തോഷ്, സി.ആർ. ഷാനവാസ്, സിബി, ആർ.ബി.ഡി.സി.കെ എം.ഡി ജാഫർ മാലിക് എന്നിവർ പങ്കെടുക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here