രാജേഷ് തില്ലങ്കേരി

നിയമസഭാ സമ്മേളനത്തിന് മുൻപായി സംസ്ഥാന കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ചില നിർണ്ണായക നീക്കവുമായി നേതാക്കൾ ഡൽഹിയിലെത്തി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരടങ്ങുന്ന മൂവർ സംഘമാണ് ഹൈക്കമാന്റുമായി ചർച്ച നടത്തുന്നത്. സ്ഥാനാർത്ഥി നിർണയത്തിലാണ് പ്രധാന ചർച്ചകൾ. രണ്ട് തവണ മൽസരിച്ച് തോറ്റവരും, എം പി മാരും മൽസരിക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ട് വച്ചിരിക്കുന്നത്.

തിരുവന്തപുരം, പത്തനംതിട്ട, വയനാട്, പാലക്കാട്, എറണാകുളം ജില്ലാ അധ്യക്ഷൻമാരെ മാറ്റാനുള്ള തീരുമാനവും ചർച്ചയായവും. ജില്ലാ അധ്യക്ഷൻമാരെ മാറ്റാൻ തീരുമാനമെടുത്തുവെങ്കലും തീരുമാനം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഭാഗീകമായ പുനസംഘടന അംഗീകരിക്കില്ലെന്ന് നിലപാടിലാണ് എല്ലാ അധ്യക്ഷൻമാരും. എല്ലാ അധ്യക്ഷൻമാരെയും മാറ്റണമെന്ന നിർദ്ദേശമാണ് ഹൈക്കമാന്റുമായി ചർച്ച നടത്തുക.

കെ പി സി സി അധ്യക്ഷൻ കോഴിക്കോട് ജില്ലയിൽ മൽസരിക്കാനുള്ള സാധ്യതയും ചർച്ചയിലുണ്ട്. കെ പി സി സി അധ്യക്ഷസ്ഥാനം ഉമ്മൻചാണ്ടിക്ക് നൽകി തെരഞ്ഞെടുപ്പിന്റെ മുഖ്യചുമതലയിലേക്ക് ഉമ്മൻചാണ്ടി വരണമെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി കെ പി സി സി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ തയ്യാറാവില്ല.
മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിച്ചുള്ള തെരഞ്ഞെടുപ്പ് രീതി കോൺഗ്രസിനില്ലെന്നാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നത്.

മുഖ്യമന്ത്രി പദവി ടേം അനുസരിച്ച് കയ്യാളാൻ ഒരുക്കമല്ലെന്നരീതിയിൽ രമേശ് ചെന്നിത്തല പ്രതികരിച്ചതായുള്ള വാർത്ത ചെന്നിത്തല തന്നെ തള്ളിയിരിക്കയാണ്.


മുഖ്യമന്ത്രി പദവി ആർക്കെന്ന് മുൻകൂട്ടി തീരുമാനിച്ചല്ലെന്നും,  ഉമ്മൻ ചാണ്ടിക്ക് ഏത് സ്ഥാനം നൽകുന്നതിലും സന്തോഷിക്കുന്നയാളാണ് ഞാനെന്നുമാണ്  രമേശ് ചെന്നിത്തലയുടെ പ്രതികരണം. ധാരാളം ഓൺലൈൻ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളുമുള്ള വാർത്തകൾ ശൂന്യതയിൽ നിന്നും സൃഷ്ടിക്കുന്ന രീതി അവസാനിപ്പിക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഒരു തരത്തിലുമുള്ള ചർച്ചകൾ നടന്നിട്ടില്ല. ഉമ്മൻ ചാണ്ടിയുമായി അധികാരം പങ്കിടുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായി കഴിഞ്ഞദിവസം രമേശ് ചെന്നിത്തലയുടെ പ്രതികരണം എന്ന നിലയിലാണ് വാർത്തകൾ പുറത്തു വന്നിരുന്നത്.

കോൺഗ്രസ് പട്ടിക ഹൈക്കമാന്റിന് സമർപ്പിച്ചിട്ടുണ്ടെന്നും ഇന്ന് നിർണായക ചർച്ച നടക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

കെ പി സി സി ഹൈക്കമാന്റിന് ഗ്രൂപ്പടിസ്ഥാനത്തിലാണ്  പട്ടിക നൽകിയിരിക്കുന്നത്. 87 സീറ്റുകളിലിലെ പ്രാഥമിക പട്ടികയാണ് തയ്യാറാക്കി നൽകിയിരിക്കുന്നത്.ഹൈക്കമാന്റിന് നൽകിയ സാധ്യതാ പട്ടികയിൽ  പട്ടികയിൽ സിറ്റിംഗ് എം എൽ എമാരും പുതുമുഖങ്ങളുമുണ്ട്. ചിലരെ മണ്ഡലം മാറ്റിയുള്ള പരീക്ഷണങ്ങളുമുണ്ട്.

ഹൈക്കമാന്റ് പ്രതിനിധികൾ ഘടകകക്ഷികളുമായി നടത്തിയ ചർച്ചയുടെകൂടി അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുക.

ഇതിനിടയിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോ, അതോ കെ പി സി സി അധ്യക്ഷനായി വരുമോ എന്നാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഉറ്റുനോക്കുന്നത്. എനിക്ക് ധാരാളം അവസരം ലഭിച്ചയാളാണെന്നും,  ഞാൻ അതിൽ തൃപ്തനാണെന്നുമാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം. ഉമ്മൻ ചാണ്ടി മാറിനിന്നുകൊണ്ട് പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മൻ മൽസരിക്കുമെന്ന പ്രചാരണവും ഉമ്മൻ ചാണ്ടി തള്ളുകയാണ്.

മക്കൾ രാഷ്ട്രീയത്തിലേക്ക് വരുന്നതിന് ഞാൻ തടസം നിന്നിട്ടില്ല, എന്നാൽ എന്റെ പിന്തുണയോടെ വരാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മകൾ അച്ചുവിന് രാഷ്ട്രീയത്തിൽ താല്പര്യമുണ്ടായിരുന്നു. എന്നാൽ അച്ചുവിനോടും ഞാൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടില്ലെന്ന് പറയാൻ ധൈര്യക്കുറവില്ല. കോൺഗ്രസിന്റെ പാരമ്പര്യം അതാണ് , നേതൃത്വം സംബന്ധിച്ച്  ഒരു തർക്കവുമില്ല. കോൺഗ്രസിന് നല്ല ആത്മവിശ്വാസമുണ്ട്. കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കമായിരിക്കും കേരളത്തിലെ വിജയമെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here