കോവളം: അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ചിംഗ് ഹബ്ബായി വിഴിഞ്ഞം മാറിയതോടെ കരാറുമായി കൂടുതൽ ഏജൻസികൾ രംഗത്ത്. നിലവിൽ 4 ഷിപ്പിംഗ് ഏജൻസികളാണ് വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് നടത്തി വരുന്നത്. ഇതിൽ മൂന്ന് കമ്പനികൾ തലസ്ഥാനത്ത് ഓഫീസും ആരംഭിച്ചു. അഞ്ച് കമ്പനികൾ കൂടി താത്പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂലായ് മുതലാണ് വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് ആരംഭിച്ചത്. ഇതുവരെ 125 കപ്പലുകൾ ക്രൂ ചെയ്ഞ്ചിംഗ് നടത്തിയതിൽ ഒരു കോടി പതിനെട്ട്ലക്ഷം രൂപയാണ് സർക്കാരിന് വരുമാനമായി ലഭിച്ചത്. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂടുതൽ ഏജൻസികൾ ഏപ്രിൽ ആദ്യവാരത്തോടെ എത്തുമെന്നാണ് കരുതുന്നത്. ഇതോടെ സർക്കാരിന് പ്രതിമാസം ഒരു കോടിയോളം രൂപ വരുമാനം ലഭിക്കുമെന്നാണ് കേരള മാരിടൈം ബോർഡ് അധികൃതരുടെ പ്രതീക്ഷ.

ആദ്യഘട്ടത്തിൽ ടഗ് ഇല്ലാതെ മത്സ്യബന്ധന ബോട്ടുകളിലായിരുന്നു ക്രൂ ചെയ്ഞ്ച് നടത്തിയത്. എന്നിട്ടും അന്താരാഷ്ട്ര തലത്തിലെ വമ്പൻ ഷിപ്പിംഗ് കമ്പനികൾ വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് തുടരാൻ താത്പര്യം കാണിച്ചു. എന്നാൽ ഭാവിയിൽ കൂടുതൽ വികസനമെത്തണമെങ്കിൽ ബങ്കറിംഗ് ടെർമിനൽ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകണം.

കൂറ്റൻ കപ്പലുകളും വരുന്നു
കൊവിഡ് വ്യാപനത്തെ തുടർന്ന് ക്രൂ ചെയ്ഞ്ചിംഗിന് കഴിയാതെപോയ ഭീമൻ എണ്ണക്കപ്പൽ കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെത്തിയിരുന്നു. നോർവീജിയൻ കമ്പനിയായ ഫ്രോണ്ട് ലൈൻ ടാങ്കേഴ്സിന്റെ ഉടമസ്ഥതയിലുള്ള എം.ടി ഫ്രോണ്ട് ലയൺ എന്ന കപ്പലാണ് തിങ്കളാഴ്ച പുറംകടലിൽ ക്രൂ ചെയ്ഞ്ചിംഗിനായി നങ്കൂരമിട്ടത്. ചൈനയിൽ നിന്ന് യു.എ.ഇയിലെ റുവായിസിലേക്ക് പോകുന്ന വഴിയാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. കഴിഞ്ഞ ഡിസംബറിൽ ഗ്രീസിൽ നിന്ന് നാഫ്ത്തയുമായാണ് കപ്പൽ പുറപ്പെട്ടത്. ഈ കപ്പലിലെ ജീവനക്കാരെ കരയിലേക്കും പകരമുള്ളവരെ തിരികെ കയറ്റുന്നതിനുമായി പല രാജ്യങ്ങളിലെയും തുറമുഖ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കൊവിഡ് ഭീതികാരണം അനുമതി ലഭിച്ചില്ല. ഇതാണ് വിഴിഞ്ഞം തീരത്ത് യാഥാർത്ഥ്യമായത്.

സാദ്ധ്യതകളുടെ തിരയേറ്റം
ക്രൂ ചെയ്ഞ്ചിംഗ് കൂടാതെ ചരക്കുകപ്പലിലേക്ക് ഭക്ഷണസാധനങ്ങളും കുടിവെള്ളവുമെത്തിക്കുക, അറ്റകുറ്റപ്പണി നടത്തുക, സ്‌പെയർ പാർട്സ് എത്തിക്കുക, ഇന്ധനം നിറയ്ക്കുക, ടാങ്കറുകൾ വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കുമുള്ള കേന്ദ്രമായി മാറാനുള്ള സാദ്ധ്യതയാണ് വിഴിഞ്ഞത്തിന് ലഭിച്ചിരിക്കുന്നത്. ഒരു കപ്പൽ എത്ര ദിവസമാണോ തീരക്കടലിൽ തങ്ങുക അത്രയും വരുമാനം സംസ്ഥാനത്തിനുണ്ട്. ഒരു ദിവസം ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും കപ്പലുകൾ ഫീസായി സർക്കാരിന് നൽകണം.ക്രൂ ചെയ്ഞ്ചിംഗ് നടക്കുമ്പോൾ ഇന്ത്യക്കാരും വിദേശീയരുമായ നാവികർ ഇവിടെയെത്തുകയും തങ്ങുകയും ചെയ്യും. വിനോദസഞ്ചാര സാദ്ധ്യതകളും ഇതിലൂടെ പ്രയോജനപ്പെടുത്താൻ സാധിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ബർത്തിൽ തന്നെയെത്തി ക്രൂ ചെയ്ഞ്ചിംഗ് ഉൾപ്പെടെ നടത്താൻ ആകുമെന്നതും വിഴിഞ്ഞത്തിന്റെ സാദ്ധ്യതയെ വർദ്ധിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here