ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്കെത്തുന്നു. കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളത്തിൽ പ്രതിരോധ നടപടികളിൽ പാളിച്ചയുണ്ടായി എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. കേരളത്തിനൊപ്പം മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്ദ്ധസംഘത്തെ അയയ്ക്കുന്നുണ്ട്.രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണത്തിൽ നാൽപത്ത് മൂന്ന് ശതമാനം പേരും കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ അഞ്ചിരിട്ടിയും..രോഗ നിയന്ത്രണത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു കേരളം ഇപ്പോൾ രോഗവ്യാപനത്തിലാണ് മുന്നിൽ.

ലോക്ക് ഡൗൺ ഇളവുകൾ കേരളത്തിൽ പാളിയെന്ന വിലയിരുത്തലാണ് ആരോഗ്യമന്ത്രാലയത്തിന്റേത്.ഓണാഘോഷത്തിന് പിന്നാലെ തുടങ്ങിയ രോഗവ്യാപന തോത് തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പതിന്മടങ്ങായെന്നാണ് കണക്ക് കൂട്ടൽ. നേരത്തെ രണ്ട് തവണ കേന്ദ്രസംഘം ഇതുമായി ബന്ധപ്പട്ട വിലയിരുത്തലുകൾക്കായി കേരളത്തിലെത്തിയിരുന്നെങ്കിലും സ്ഥിതി ഇത്രത്തോളം ഗുരുതരമായിരുന്നില്ല. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ഡൽഹി ലേഡി ഹാർഡിംഗം ആശുപത്രിയിലെ വിദഗ്ദ്ധരും കേന്ദ്രസംഘത്തിലുണ്ടാകും.ഒരാഴ്ചക്കുള്ളിൽ സംഘം സംസ്ഥാനത്തെത്തും.നേരത്തെ രോഗ വ്യാപനത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മഹാരാഷ്ട്ര ആക്ടീവ് കേസുകളിൽ ഇപ്പോൾ കേരളത്തിന് പിന്നിലാണ്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 25 ശതമാനമാണ് മഹാരാഷ്ട്രയിലുള്ളത്. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ രോഗവ്യാപന പട്ടികയിൽ മുന്നിലുണ്ടായിരുന്ന ഉത്തർപ്രദേശിൽ 3.67 ശതമാനം കേസുകളും, കർണാടകത്തിൽ 3.64 ശതമാനം കേസുകളും,പശ്ചിമബംഗാളിൽ 3.38 ശതമാനം കേസുകളേ നിലവിലുള്ളൂ. കേന്ദ്രസംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കേരളത്തിൽ ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് കൂട്ടൽ.

LEAVE A REPLY

Please enter your comment!
Please enter your name here