തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോവിഡ് സാഹചര്യം പരിഗണിച്ചു തപാൽ വോട്ട് നടത്താവുന്നതു 3 വിഭാഗങ്ങൾക്ക്. ഇവർക്ക് ഇഷ്ടാനുസരണമാണു തപാൽ വോട്ട്.

മുതിർന്ന പൗരന്മാർ (80 വയസ്സിനു മുകളിൽ), തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ അടയാളപ്പെടുത്തിയിട്ടുള്ള ഭിന്നശേഷിക്കാർ, കോവിഡ് പോസിറ്റീവായവരോ അപ്രകാരം സംശയിക്കുന്ന വ്യക്തികളോ എന്നിവരാണ് ഈ വിഭാഗങ്ങൾ.

ബൂത്ത് അടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) ബന്ധപ്പെട്ട വോട്ടറുടെ വീടു സന്ദർശിച്ചു ഫോം 12 ഡി കൈമാറും. വോട്ടർ തപാൽ ബാലറ്റാണു തിരഞ്ഞെടുക്കുന്നതെങ്കിൽ പൂരിപ്പിച്ച ഫോം 12 ഡി, ബന്ധപ്പെട്ട വോട്ടറുടെ വീട്ടിൽ നിന്ന് അറിയിപ്പു ലഭിച്ച് 5 ദിവസത്തിനകം ബിഎൽഒ കൈപ്പറ്റി റിട്ടേണിങ് ഉദ്യോഗസ്ഥർക്കു സമർപ്പിക്കണം.

വീട്ടിലോ സ്ഥാപനത്തിലോ ക്വാറന്റീനിൽ ഉള്ള സമ്മതിദായകൻ ഫോം 12 ഡി റിട്ടേണിങ് ഓഫിസർക്ക് ക്വാറന്റീൻ സർട്ടിഫിക്കറ്റ് സഹിതമാണു സമർപ്പിക്കേണ്ടത്. തപാൽ വോട്ടിന്റെ അപേക്ഷ സ്വീകരിച്ചാൽ വോട്ടർക്ക് അതു മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ. തിരഞ്ഞെടുപ്പു ദിനം ബൂത്തിൽ പോയി വോട്ടു ചെയ്യാൻ പറ്റില്ല.

തിരഞ്ഞെടുപ്പ് ദിനം 2 തവണ ശരീരതാപനില പരിശോധന

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പു ദിനം വോട്ടു ചെയ്യാൻ എത്തുന്ന സമ്മതിദായകന്റെ ശരീരതാപനില 2 തവണ പരിശോധിക്കും. സാധാരണയിൽ കൂടുതലാണെങ്കിൽ വോട്ടർക്ക് അവസാന മണിക്കൂറിൽ വോട്ടു ചെയ്യാൻ ടോക്കൺ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോവിഡ് മാർഗനിർദേശപ്രകാരം ലഭിക്കും. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു വേണ്ടി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഇറക്കിയ മാർനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ബൂത്ത് അറിയാൻ എസ്എംഎസും ആപ്പും

തിരുവനന്തപുരം∙ പോളിങ് സ്റ്റേഷൻ കണ്ടെത്താൻ എസ്എംഎസ് സൗകര്യവും പോർട്ടലും.voterportal.eci.gov.in എന്ന പോർട്ടലിൽ തിരഞ്ഞു വോട്ടർക്കു സ്വന്തം പോളിങ് സ്റ്റേഷൻ കണ്ടെത്താം. അല്ലെങ്കിൽ 1950 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യാം. ECIPS space EPIC NO എന്നതാണു ഫോർമാറ്റ്. പ്ലേ സ്റ്റോറിൽ നിന്നു വോട്ടർ ഹെൽപ് ലൈൻ ആപ് ഇൻസ്റ്റാൾ ചെയ്തും പോളിങ് ബൂത്ത് കണ്ടെത്താം.

ഈ ആപ്പിലൂടെ വോട്ടർ സ്ലിപ്പും കരസ്ഥമാക്കാം. തിരിച്ചറിയൽ കാർഡിനൊപ്പം ബൂത്തിൽ കൊണ്ടുപോകാൻ ഈ സ്ലിപ്പ് മതിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here