തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്കു പിന്തുണയുമായി എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാൽക്കൽ വീണ് സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ വിലാപം. സർക്കാർ കൈവിട്ടതോടെ ‌ദയനീയാവസ്ഥയിലായ തങ്ങളുടെ വേദനകൾ കരഞ്ഞു പറഞ്ഞുകൊണ്ടാണ് ഉദ്യോഗാർഥികൾ കാൽക്കൽ വീണ് സഹായം അഭ്യർഥിച്ചത്. പിന്തിരിപ്പിക്കാൻ ഉമ്മൻചാണ്ടിയും ഒപ്പമുള്ളവരും ശ്രമിച്ചെങ്കിലും അദ്ദേഹം മടങ്ങും വരെ തറയിൽ തന്നെ കിടക്കുകയായിരുന്നു അവർ.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഉമ്മൻചാണ്ടി സമരനിരകൾക്കു മുന്നിലേക്ക് എത്തിയത്. ഉദ്യോഗാർഥികൾക്കു പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥനും നിരാഹാര സമരം നടത്തുന്ന പന്തലിലേക്കാണ് ആദ്യം പോയത്. അര മണിക്കൂറോളം ഇവിടെ ചെലവഴിച്ച് വിവിധ സമരങ്ങളെക്കുറിച്ചു ചോദിച്ചറിഞ്ഞു.

പിന്നീട് 21 ദിവസമായി സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ പന്തലിൽ എത്തി അവരോട് സംസാരിച്ചു. ഉന്നയിച്ച എല്ലാ ന്യായമായ ആവശ്യങ്ങൾക്കും പിന്തുണ വാഗ്ദാനം ചെയ്ത ശേഷം സിവിൽ പൊലീസ് ഓഫിസർ ലിസ്റ്റിലുള്ളവരുടെ പന്തലിലേക്ക് എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. എല്ലാ ജില്ലകളിലുമുള്ളവർ ഒരാഴ്ചയിലേറെയായി ഇവിടെ സമരത്തിനുണ്ടെന്നും വീട്ടുകാരുടെ സങ്കടമോർത്ത് വീട്ടിലേക്ക് ഫോൺ ചെയ്യാൻ പോലും പ്രയാസമാണെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here