ആല്‍ഫാ പാലിയേറ്റീവിന്റെ മറ്റ് സേവനങ്ങള്‍ പോലെ തന്നെ ഡയാലിലിസ് സെന്ററിലെ സേവനങ്ങളും പൂര്‍ണമായും സൗജന്യമായിരിക്കും

തൃശൂര്‍: എടമുട്ടം ആസ്ഥാനമായി സംസ്ഥാനത്തെ നാല് ജില്ലയിലെ 17 ലിങ്ക് സെന്ററുകളോടെ പ്രവര്‍ത്തിച്ചു വരുന്ന കേരളത്തിലെ ആദ്യത്തെ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളിലൊന്നായ ആല്‍ഫാ പാലിയേറ്റീവ് കെയര്‍ എടമുട്ടത്ത് 15 മെഷീനുള്ള ഡയാലിസിസ് സെന്റര്‍ തുറന്നു. സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം തിങ്കളാഴ്ച ആല്‍ഫ ട്രസ്റ്റ് ചെയര്‍മാന്‍ കെ എം നൂര്‍ദ്ദീന്‍ അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ സുഷമ ഭട്‌നഗര്‍ ഉദ്ഘാടനം ചെയ്തു. ആല്‍ഫാ പാലിയേറ്റീവിന്റെ മറ്റ് സേവനങ്ങള്‍ പോലെ തന്നെ ഡയാലിലിസ് സെന്ററിലെ സേവനങ്ങളും പൂര്‍ണമായും സൗജന്യമായാണ് നല്‍കുകയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കെ എം നൂര്‍ദീന്‍ പറഞ്ഞു. ദിവസേന മൂന്ന് ഷിഫ്റ്റിലായി മാസം തോറും ആയിരത്തിലേറെ ഡയാലിസിസുകള്‍ ചെയ്തു നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ നിര്‍വഹണത്തിനായുള്ള വളണ്ടിയര്‍ സേവനം ലഭ്യമാക്കുന്നതിനായി സന്നദ്ധരായവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിഡ്‌നിരോഗം മൂര്‍ച്ഛിച്ചവരില്‍ ഭൂരിപക്ഷം പേരും വിവിധ കാരണങ്ങളാല്‍ കിഡ്‌നിമാറ്റിവെയ്ക്കാന്‍ സാധിക്കാത്തവരാണെന്ന് നൂര്‍ദീന്‍ ചൂണ്ടിക്കാണിച്ചു.
ഇവരുടെ എണ്ണമാകട്ടെ കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. ഇത്തരക്കാര്‍ക്ക് ഡയാലിസ് കൂടാതെ ജീവന്‍ നിലനിര്‍ത്താനാവില്ല. ചികിത്സാച്ചെലവുകളും അനുബന്ധ മരുന്നുകളും ഇവരെ കൂടുതല്‍ നിര്‍ധനരാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സൗജന്യമായി ഡയാലിസിസ് നല്‍കാന്‍ പതിനഞ്ച് ജര്‍മന്‍ നിര്‍മിത ഫ്രെസേനിയ്‌സ മെഷീനുകളുള്‍പ്പെടെയുള്ള വിപുലമമായ സൗകര്യങ്ങളോടെ ഡയാലിസിസ് സെന്റര്‍ തുറന്നതെന്നും അദ്ദേഹം പറഞ്ഞു. പാലിയേറ്റീവ് കെയറിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് ഡയാലിസിസ് സെന്ററുകള്‍ എന്ന തിരിച്ചറിവും ആവശ്യത്തിന് ഡയാലിസിസ് മെഷീനുകള്‍ ലഭ്യമല്ലാതിരുന്നതും ഈ തീരുമാനത്തിന് പ്രേരണയായി.

പ്രമേഹ രോഗികളുടേയും വയോജനങ്ങളുടേയും എണ്ണം വര്‍ധിക്കുന്നതു മൂലം ഡയാലിസിസിനും പാലിയേറ്റീവ് സേവനങ്ങള്‍ക്കും രാജ്യത്ത് ആവശ്യക്കാരേറുകയാണ്. 1951-ല്‍ രാജ്യത്തെ ജനങ്ങളുടെ ശരാശരി ആയുസ്സ് 42 ആയിരുന്നത് ഇപ്പോള്‍ 69 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 60-ന് മേല്‍ പ്രായമുള്ള 8.3 കോടി ആളുകള്‍ രാജ്യത്തുണ്ട്. 2050-ഓടെ ഇത് 33 കോടിയാകുമെന്നാണ് കണക്കാക്കുന്നത്.

2020 ഡിസംബറില്‍ മാത്രം ആല്‍ഫയുടെ 17 ലിങ്ക് സെന്ററുകളില്‍ നിന്ന് 3417 ഹോം കെയര്‍ സന്ദര്‍ശനങ്ങളാണ് പൂര്‍ത്തിയാക്കിയത്. ഇതിനായി മാത്രം വിനിയോഗിക്കുന്ന 31 വാഹനങ്ങളാണ് ആല്‍ഫയ്ക്കുള്ളത്. ഇവയ്ക്കു പുറമെയാണ് 2020 ഡിസംബറില്‍ 3242 കിടപ്പുരോഗികളും ആല്‍ഫാ പുനര്‍ജനി കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു,

ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ഗവേണിംഗ് കൗണ്‍സില്‍ സിഇഒയും അംഗവുമായ കെ എ കദീജാബി, എസ്എപിസി ദേശീയ ബോര്‍ഡ് അംഗം ഡോ. കേണല്‍ യശ്വന്ത് ജോഷി, അഹമ്മദാബാദ് കമ്യൂണിറ്റി ഓങ്കോളജി സിഇഒ ഡോ ഗീതാ ജോഷി, ഒഡീഷയില്‍ നിന്നുള്ള പാലിയേറ്റീവ് പ്രവര്‍ത്തക ഡോ മാമി പാരിജ, എസ്എപിസി ദേശീയ ബോര്‍ഡ് അംഗവും എല്‍എപിസി മുന്‍ പ്രസിഡന്റുമായ ഡോ സുഖ്‌ദേവ് നായക്, യുപിയിലെ കാന്‍സര്‍ എയ്ഡ് സൊസൈറ്റി സെക്രട്ടറി ഡോ പീയുഷ് ഗുപ്ത, ആല്‍ഫാ പാലിയേറ്റീവ് ട്രസ്റ്റീ രവി കണ്ണമ്പിള്ളില്‍, ആല്‍ഫാ പാലിയേറ്റീവ് യുഎഇ കൗണ്‍സില്‍ പ്രസിഡന്റ് ഗിരീഷ് മേനോന്‍, ജനറല്‍ സെക്രട്ടറി രമേശ് വാര്യര്‍, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


ഫോട്ടോ ക്യാപ്ഷന്‍: ന്യൂഡല്‍ഹി എയിംസ് പാലിയേറ്റീവ് മെഡിസിന്‍ ഹെഡും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ പ്രസിഡന്റുമായ ഡോ. സുഷമ ഭട്‌നാഗര്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത എടമുട്ടം ആല്‍ഫ പാലിയേറ്റീവ് കെയറിലെ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ആദ്യ സേവനം സ്വീകരിക്കുന്ന പെരിഞ്ഞനം സ്വദേശി സതീശന്‍ മാസ്റ്റര്‍ നിലവിളക്കുകൊളുത്തി ആരംഭിക്കുന്നു. പി.ആര്‍.ഒ. താഹിറ മുജീബ്, സി.പി.ഒ. ഇ.വി.രമേശന്‍, ഡയാലിസിസ് സൂപ്പര്‍വൈസര്‍ ജിതിന്‍ ജോര്‍ജ്, സി.ഇ.ഒ. കെ.എ.കദീജാബി, ഗവേണിംഗ് കൗണ്‍സില്‍ അംഗം വി.ജെ.തോംസണ്‍, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ തുടങ്ങിയവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here