ആലപ്പുഴ: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ  നിലപാട് സുവ്യക്തമാണെന്നും മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്തുന്ന നയത്തിൽ നിന്ന് സർക്കാർ ഒരിഞ്ച് വ്യതിചലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി പണികഴിപ്പിച്ച ആലപ്പുഴ ബീച്ചിലെ മാരിടൈം ട്രെയിനിങ് ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലയെയും അഭിവൃദ്ധിപ്പെടുത്തുന്നതിന് മുൻകൈയെടുത്തുകൊണ്ടിരിക്കുന്ന സർക്കാരിനെതിരെ ആരോപണവുമായി വന്നിട്ടുള്ളത്  വികസനരംഗത്ത് കേരളത്തിന്റെ ചുവടുവയ്പ്പുകളെ  എതിർത്തവരാണെന്ന് അദ്ദേഹം പറഞ്ഞു.  ആരോപണങ്ങളുടെ പുറകെ പോകാനല്ല,  വികസനലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ നടക്കുന്നത്.  തുറമുഖവുമായി ബന്ധപ്പെട്ട 34.17  കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന്റെ ചടങ്ങാണ് ഇന്ന്  നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ആലപ്പുഴ തുറമുഖത്തിന്റെ പ്രധാന പ്രവർത്തനമേഖലയായ 2010 ലെ കേരള ഉൾനാടൻ ജല നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജലയാനങ്ങളിൽ വിവിധ വിഭാഗങ്ങൾ ജോലിനോക്കുന്ന വ്യക്തികൾക്കുള്ള പരിശീലനവും ഹാർബർ ക്രാഫ്റ്റ് റൂൾസ് പ്രകാരമുള്ള പരിശീലനവും സംഘടിപ്പിക്കുന്നതിന്  കേരള മാരിടൈം ബോർഡ് 1.21 കോടി രൂപ ചെലവഴിച്ചാണ് ഹാളിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ബോട്ട് ജീവനക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും വിവിധ ലൈസൻസുകൾ നൽകുന്നതിനുള്ള പരിശീലന കേന്ദ്രമായി ഇത് പ്രവർത്തിക്കും. തുറമുഖം-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എംപി ശിലാഫലകം അനാവരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി, കേരള മാരിടൈം ബോർഡ് ചെയർമാൻ വി.ജെ.മാത്യു, ബോർഡ് മെമ്പർമാരായ അഡ്വ. എം കെ ഉത്തമൻ, അഡ്വ.എൻ. പി ഷിബു, വാർഡ് കൗൺസിലർ സിമി ഷാഫി ഖാൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടി.പി.സലിംകുമാർ എന്നിവർ പ്രസംഗിച്ചു.  

LEAVE A REPLY

Please enter your comment!
Please enter your name here