തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ കേന്ദ്രമന്ത്രി വി മുരളീധരനോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായി വിവരം. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് അദ്ദേഹത്തോട് കേന്ദ്രനേതാക്കൾ അറിയിച്ചതായും സൂചനയുണ്ട്. തിരുവനന്തപുരത്തെ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നിന്ന് മുരളീധരൻ മത്സരിക്കുമെന്നായിരുന്നു നേരത്തെ പാർട്ടിയ്‌ക്കകത്തെ ധാരണ.2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കടകംപളളി സുരേന്ദ്രനോട് പരാജയപ്പെട്ട ശേഷം കഴിഞ്ഞ അഞ്ച് വർഷമായി മുരളീധരൻ കഴക്കൂട്ടം കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നത്. അതിനിടെയാണ് മുരളീധരൻ മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം പുറത്തു വരുന്നത്.

സിറ്റിംഗ് എം എൽ എ ആയിരുന്ന എം എ വാഹിദിനെ മുന്നാം സ്ഥാനത്തേക്ക് പിന്തളളി മുരളീധരൻ 2016ൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ബി ജെ പിയുടെ എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെട്ട മണ്ഡലമാണ് കഴക്കൂട്ടം.മുരളീധരൻ മാറി നിൽക്കേണ്ട സാഹചര്യമുണ്ടായാൽ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കുമെന്നായിരുന്നു പാർട്ടി നേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കട്ടെയെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന നിർദേശം. മഞ്ചേശ്വരത്ത് വിജയസാദ്ധ്യത കുറവായതിനാൽ സുരേന്ദ്രൻ വടക്കോട്ട് പോകേണ്ടായെന്നാണ് നിലവിലെ ധാരണ.

കേന്ദ്ര പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമായിരിക്കും ബി ജെ പിയുടെ അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവരിക. ഇന്ന് തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്‌ക്ക് ആദ്യപട്ടിക കൈമാറും. ഷായുടെ അനുമതിയോടെ നാളെ തന്നെ പ്രാഥമിക ധാരണയുണ്ടാക്കും. എന്നാൽ സുരേന്ദ്രന്റെയും മുരളീധരന്റെയും കാര്യത്തിൽ കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. അതിലാണ് ഇപ്പോൾ തീരുമാനം വന്നിരിക്കുന്നത്.ഇന്നലെ കെ സുരേന്ദ്രന്റെ വിജയയാത്രയ്ക്കിടെ കൊല്ലം കല്ലുവാതുക്കലിൽ ബി ജെ പി സംസ്ഥാന കോർ കമ്മിറ്റി ചേർന്ന് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. വിജയയാത്രയുടെ സ്വീകരണസമ്മേളനങ്ങൾ നിർത്തിവച്ച് നടത്തിയ കോർ കമ്മിറ്റി, സമയക്കുറവ് മൂലം ചർച്ച പൂർത്തിയാക്കാതെയാണ് പിരിഞ്ഞത്. ശനിയാഴ്‌ച വീണ്ടും കോർ കമ്മിറ്റി യോഗം ചേരുന്നുണ്ട്.ഇ ശ്രീധരൻ തൃശൂരിൽ മത്സരിക്കാനാണ് സാദ്ധ്യത. ഇവിടെ മുതിർന്ന സംസ്ഥാന നേതാവിന് സംഘടനാ ചുമതല നൽകും. കുമ്മനം രാജശേഖരൻ നേമത്തും പി കെ കൃഷ്‌ണദാസ് കാട്ടാക്കടയിലും എം ടി രമേശ് കോഴിക്കോട് നോർത്തിലും മത്സരിക്കും. എ എൻ രാധാകൃഷ്‌ണൻ (മണലൂർ), സി. കൃഷ്‌ണകുമാർ (മലമ്പുഴ), വി വി. രാജേഷ് (വട്ടിയൂർക്കാവ്) എന്നിങ്ങനെയാണ് സാദ്ധ്യത. സുരേഷ് ഗോപിയുടെ കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന്റേതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here