കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ നിര്‍ണായക വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് വ്യക്തമാക്കുന്ന സന്ദീപ് നായരുടെ കത്ത് പുറത്തെത്തി. ജില്ലാ ജഡ്ജിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ് കത്ത്.

മൂന്നുപേജുള്ള കത്താണ് പുറത്തുവന്നിരിക്കുന്നത്. ഉന്നത നേതാവിന്റെ മകന്റെ പേര് കൂടി പറയണമെന്നും ആവശ്യപ്പെട്ടതായി കത്തില്‍ പറയുന്നു. ഇത്തരത്തില്‍ പേരുകള്‍ പറഞ്ഞാല്‍ ജാമ്യം ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസം കസ്റ്റംസ് സംഘം സന്ദീപ് നായരെ ഡോളര്‍ കടത്ത് കേസില്‍ പ്രതി ചേര്‍ത്തിരുന്നു. കേസില്‍ അറസ്റ്റിനുള്ള അനുമതിയും ലഭിച്ചിരുന്നു. നിലവില്‍ കോഫെപോസ വകുപ്പു പ്രകാരം തടവ് അനുഭവിക്കുകയാണ് സന്ദീപ് നായര്‍. അതേസമയം ഈ കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. വിഷയത്തില്‍ പരിശോധന നടത്തുമെന്നും ഇ.ഡി. പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇ.ഡിക്കെതിരെ രണ്ട് വനിതാ പോലീസുകാരും മൊഴി നല്‍കിയിരുന്നു. നിര്‍ബന്ധിച്ച് മൊഴി രേഖപ്പെടുത്തി എന്നത് അടക്കമുള്ള കാര്യങ്ങളാണ് വനിതാ പോലീസുകാരും പറഞ്ഞിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here