സ്വന്തം ലേഖകൻ

കോട്ടയം : പാലാ നഗരസഭയിൽ ഭരണ കക്ഷിയായ കേരളാ കോൺഗ്രസ് -സി പി എം കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. സി പി എം കൗൺസിലറായ ബിനു പുളിക്കകണ്ടത്ത്, കേരളാ കോൺഗ്രസ് കൗൺസിലറായ ബൈജു കൊല്ലംപറമ്പിൽ എന്നിവർക്ക് ഗരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. തടയാനായി എത്തിയ കൗൺസിൽമാർക്കും സംഘർഷത്തിൽ പരിക്കേറ്റു. ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന സംഘർഷാവസ്ഥ പൊലീസെത്തിയാണ് നിയന്ത്രിച്ചത്.

ഇടതുമുന്നണിയിൽ അംഗമായ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനാണ് ആദ്യ രണ്ടര വർഷം പാലാ നഗരസഭയിൽ ഭരണം. തുടർ ഭരണം സി പി എമ്മിനുമെന്നായിരുന്നു ധാരണ. എന്നാൽ ഏകപക്ഷീയമായി കേരളാ കോൺഗ്രസ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതായി നേരത്തെ തന്നെ സി പി എമ്മിന് ആരോപണമുണ്ടായിരുന്നു. രാവിലെ കൗൺസിൽ ചേർന്ന സമയത്തു തന്നെ കേരളാ കോൺഗ്രസ് കൗൺസിലർമാരും, സി പി എം കൗൺസിലർമാരും തമ്മിൽ സ്റ്റാന്റിംഗ് കമ്മിറ്റിയോഗം ചേരുന്നതുമായി ബന്ധപ്പെട്ട തർക്കം  വാക്കേറ്റത്തിലേക്ക് വഴിമാറുകയായിരുന്നു. തർക്കം രൂക്ഷമായതിനെ തുടർന്ന് കൗൺസിൽ യോഗം പിരിച്ചുവിട്ടതായി അറിയിച്ചു. കൗൺസിൽ ഹാളിൽ നിന്നും പുറത്തിറങ്ങിയ ബൈജു കൊല്ലംപറമ്പിലിനെ സി പി എം കൗൺസിലറായ ബിനു പുളിക്കകണ്ടത്ത് പിറകിൽ നിന്നും തലയ്ക്കടിക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അക്രമത്തിന് ഉടൻ തിരച്ചടിയുണ്ടായി,
ഇതോടെ പാലാനഗരസഭയിൽ വൻ ബഹളമായി. മർദ്ദനമേറ്റ കൗൺസിലർമാരുടെ നിലവിളി കേട്ട് വനിതാ കൗൺസിലർമാരും ജീവനക്കാരും ഓടിയെത്തിയാണ് കൗൺസിലർ മാരുടെ കയ്യാങ്കളിക്ക് അയവു വന്നത്.
മണിക്കൂറുകളോളം നീണ്ട സംഘർഷമാണ് പാലായിൽ അരങ്ങേറിയത്. മാസങ്ങളായി പാലായിലുണ്ടായിരുന്ന സി പി എം -കേരളാ കോൺഗ്രസ് അനൈക്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നേരത്തെ മുനിസിപ്പിലാറ്റി പണിത കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഇരു പാർട്ടി കൗൺസിലർമാർക്കിടയിൽ ഭിന്നതയുണ്ടാക്കിയിരുന്നു.

ഓട്ടോറിക്ഷയ്ക്ക് പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ചേർന്ന സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തീരുമാനത്തിന് അംഗീകാരമുണ്ടോയെന്ന ചോദ്യത്തിന് കേരളാ കോൺഗ്രസ് കൗൺസിലർ മറുപടി നൽകിയില്ല, ഇതാണ് വാക്കേറ്റത്തിനും സംഘർഷത്തിലേക്കും വഴിവച്ചത്. ഇരുവിഭാഗം കൗൺസിലർമാർ തമ്മിൽ ആക്രമണം അഴിച്ചുവിട്ടത്.

പാലായിൽ ഇടതുമുന്നണിയിലുണ്ടായിരുന്ന പ്രാദേശിക ഭിന്നത നേരത്തെ തന്നെ സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിച്ചിരുന്നതാണ്. എന്നാൽ ഇന്നത്തെ കൗൺസിലർമാർ തമ്മിലുണ്ടായ ഏറ്റുമുട്ടൽ വലിയ പ്രതിസന്ധിയാണ് ഇടതുമുന്നണിയിൽ ഉണ്ടാക്കിയിരിക്കുന്നത്. പാലാസീറ്റ് ഉറപ്പിക്കാൻ കേരളാ കോൺഗ്രസ് ജീവന്മരണ പോരാട്ടം നടക്കവെയാണ് കയ്യാങ്കളിയും അക്രമവും അരങ്ങേറിയത്.
മാണി സി കാപ്പനും, ജോസ് കെ മാണിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പാലായിൽ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here