തിരുവനന്തപുരം: 2018-ലെ പ്രളയം മനുഷ്യനിർമിതമെന്ന് വിദഗ്ധസമിതി റിപ്പോർട്ട്. ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ വിദഗ്ധർ അക്കൗണ്ടന്‍റ് ജനറലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് 2018-ലെ പ്രളയം സംബന്ധിച്ചുള്ള വിശദമായ പഠനറിപ്പോർട്ടുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്ന ഈ റിപ്പോർട്ട് രാഷ്ട്രീയായുധമാക്കി സർക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങുകയാണ് യുഡിഎഫ്.

പ്രളയബാധിത മേഖലകൾ സന്ദര്‍ശിച്ചും പരമാവധി രേഖകള്‍ സമാഹരിച്ചുമാണ് ഐഐഎസ്‍സിയുടെ വിദഗ്ധ സംഘം അക്കൗണ്ടന്‍റ് ജനറലിന് റിപ്പോര്‍ട്ട് നല്‍കിയത്. ഒരു വർഷത്തെ വിവിധ സമയങ്ങളിൽ ഡാമുകളിൽ എത്ര വെള്ളം സംഭരിക്കണം, എത്ര ശൂന്യമാക്കി സൂക്ഷിക്കണം എന്ന് വ്യക്തമാക്കുന്ന റൂൾ കർവ് ഡാം മാനേജ്മെന്‍റിൽ വളരെ പ്രധാനമാണ്. 2018-ലെ പ്രളയകാലത്ത് റൂൾ കർവ് അടിസ്ഥാനമാക്കിയല്ല ഡാമുകളുടെ പ്രവർത്തനമോ, വെള്ളം സൂക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളോ കൈകാര്യം ചെയ്തത്.

മഴക്കാലത്ത് അധികമായെത്തുന്ന വെള്ളം ഡാമുകളിലെ ഫ്ളഡ് കുഷ് എന്ന ഭാഗത്താണ് സംഭരിക്കുന്നത്. ഇടുക്കി ഡാമില്‍ പ്രളയകാലത്ത് ഇത് ഉപയോഗിച്ചിരുന്നില്ല. വെളളപ്പൊക്കത്തിന് മുന്നോടിയായി വേണ്ടത്ര മുന്നറിയിപ്പുകൾ ജനങ്ങൾക്ക് നല്‍കിയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ട് തന്നെയാണ് 2018-ലെ പ്രളയം മനുഷ്യനിർമിതമാണെന്ന് ഐഐഎസ്സിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അണക്കെട്ടുകൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് 2018-ലെ പ്രളയത്തിന്‍റെ കെടുതികള്‍ വർദ്ധിപ്പിച്ചതെന്ന് കേരള ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയും കണ്ടെത്തിയിരുന്നു. എന്നാല്‍ അണക്കെട്ട് ഇല്ലാത്ത പ്രദേശങ്ങളിലും പ്രളയം ഉണ്ടായെന്ന് ന്യായീകരിച്ച് ഇടത് സര്‍ക്കാര്‍ ഈ ആക്ഷേപം തള്ളുകയായിരുന്നു. 433 ജീവനുകള്‍ പൊലിഞ്ഞ, 54 ലക്ഷം പേരെ നേരിട്ട് ബാധിച്ച 2018-ലെ പ്രളയം അങ്ങനെ 2021-ലെ തെരഞ്ഞെടുപ്പ് കാലത്തും വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്.

പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന ശാസ്ത്രീയ കണ്ടെത്തല്‍ അതീവ ഗൗരവതരമെന്ന് യുഡിഎഫ് പറയുന്നു. അധികാരത്തിലെത്തിയാല്‍ വിദഗ്ധരുടെ അഭിപ്രായം തേടി, ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here