രാജേഷ് തില്ലങ്കേരി 

 

  • വടകര, കൊയിലാണ്ടി, കൊടുവള്ളി  മണ്ഡലങ്ങൾ യു ഡി എഫ് പിടിക്കും.
  • തിരുവമ്പാടിയും കുന്നമംഗലവും പ്രവചിക്കാൻ പറ്റാത്ത നിലയിൽ.
  • അഞ്ച് മുതൽ ഏഴ്‌സീറ്റുകളിൽ വിജയം ഉറപ്പെന്നാണ്  യു ഡി എഫിന്റെ വിലയിരുത്തൽ.
  • കോഴിക്കോട് സൗത്ത് അടക്കം എല്ലാ സീറ്റും പിടിക്കുമെന്നാണ് എൽ ഡി എഫിന്റെ അവകാശവാദം.
  • എന്നാൽ കോഴിക്കോട് ജില്ലയിൽ ലീഗും കോൺഗ്രസും നേട്ടമുണ്ടാക്കുമെന്നുതന്നെയാണ് ലഭിക്കുന്ന സൂചനകൾ.


     ലോകചിത്രത്തിൽ ഇടം പിടിച്ച ദേശമാണ് കോഴിക്കോട്. സാമൂതിരിയുടെ കോഴിക്കോട്, കച്ചവടത്തിനായി വന്ന അറബികൾ, യൂറോപ്പിനെ ഇന്ത്യയുമായി ബന്ധിപ്പിച്ച  വാസ്‌കോഡി ഗാമ കപ്പലിറങ്ങിയ കാപ്പാട്, ഉരുക്കൾ വിദേശത്തേക്ക് കയറ്റിയച്ചതിന്റെ പാരമ്പര്യം നിനിൽക്കുന്ന ബേപ്പൂർ, അറബിക്കടലിലെ കൊള്ളിമീനായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ കോഴിക്കോട്.  
     പിന്നെ സംഗീതത്തെയും നാടകത്തെയും നെഞ്ചിലേറ്റിയ ഒരു സമൂഹം. ഒരു ദേശത്തിന്റെ കഥാകാരനായിരുന്ന എസ് കെ പൊറ്റക്കാടിന്റെ നാട്. എം ടി വാസുദേവൻനായരും, വൈക്കത്തുനിന്നും ബേപ്പൂരെത്തി ബേപ്പൂർ സുൽത്താനായി മാറിയ മുഹമ്മദ് ബഷീർ എന്ന മഹാനായ എഴുത്തുകാർ ജീവിച്ച നാട്.

    രാഷ്ട്രീയ ചരിത്രത്തിലും ഒട്ടേറെ ദേശീയ നേതാക്കളെ സംഭവാന ചെയ്ത ദേശം. കോൺഗ്രസ് പാരമ്പ്യര്യത്തെ നെഞ്ചോട് ചേർത്തപ്പോഴും സംസ്ഥാന തെരഞ്ഞെടുപ്പിൽ കോഴിക്കോട് എന്നും ഇടത്തോട്ട് ചാഞ്ഞ ജില്ലയായിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസിന് ഒറ്റ സീറ്റുപോലും ലഭിക്കാതെ പോയ ജില്ല.  കോഴിക്കോട്, സൗത്തും, കുറ്റ്യാടിയും  കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ലീഗിനും.  

    എൽ ഡി എഫിന് ഇത്തവണ തിരിച്ചടികിട്ടാൻ സാധ്യതയുള്ള ജില്ലയാണ് കോഴിക്കോട്. വടകരയിൽ എൽ ഡി എഫിന് വലിയ തിരിച്ചടിയുണ്ടാവും. കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ വിധവയും ആർ എം പി നേതാവുമായ കെ കെ രമയാണ് യു ഡി എഫ് സ്ഥാനാർത്ഥി.
    കഴിഞ്ഞ തവണയും കെ കെ രമ മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ ഇത്തവണ രമയെ യു ഡി എഫ് പിന്തുണയ്ക്കുന്നുണ്ട്. സോഷ്യലിസ്റ്റുകൾ തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്ന മണ്ഡലമാണ് വടകര. കളരിയുടെ ആസ്ഥാനമെന്ന് അറിയപ്പെടുന്ന വടകരയിൽ ഇത്തവണ ഇടതുമുന്നണിയുടെ ഏത് അടവും തടുക്കാനുള്ള സർവ്വ സന്നാഹങ്ങളുമായാണ് യു ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
    സിറ്റിംഗ് എം എൽ എയായിരുന്ന സി കെ നാണു ഇത്തവണ മത്സര രംഗത്തില്ല. എൽ ജെ ഡി യുടെ മനയത്ത് ചന്ദ്രനാണ് ഇത്തവണ എൽ ഡി എഫ് സ്ഥാനാർത്ഥി. സോഷ്യലിസ്റ്റ് ജനതയെ അവഗണിച്ച് കഴിഞ്ഞ തവണ യു ഡി എഫ് പക്ഷത്തായിരുന്ന എൽ ജെ ഡിക്ക് സീറ്റ് നൽകിയതിനെ ഉൾക്കൊള്ളാൻ എൽ ഡി എഫിലെ പലർക്കും സാധിച്ചിരുന്നില്ല.  മനയത്ത് ചന്ദ്രനെ എൽ ഡി എഫ് സ്ഥാനാർത്ഥിയാക്കിയതിനെതിരെ സോഷ്യലിസ്റ്റ് പാർട്ടിയിലുണ്ടായ അനൈക്യം, സി പി എമ്മിലെ ഒരു വിഭാഗം കെ കെ രമയുമായി തുടരുന്ന നല്ല ബന്ധം, തുടങ്ങിയവയെല്ലാം രമയുടെ വിജയത്തിന് കാരണമാവും.

    വടകരയിൽ മാത്രമല്ല ഇത്തവണ ജില്ലയിൽ മുന്നണികളുടെ  പ്രതീക്ഷകളും കണക്കുകൂട്ടലുകളുമെല്ലാം മാറിമറിയും. കുറ്റ്യാടി, കോഴിക്കോട് സൗത്ത് എന്നീ സീറ്റുകൾ നിലനിർത്താനും, കൊടുവള്ളി പിടിച്ചെടുക്കാനും ലീഗ് പ്രത്യേകം പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്.

    കൊടുവള്ളിയിൽ കഴിഞ്ഞ തവണ ലീഗ് വിമതനായി രംഗത്തെത്തി ഇടത് സ്വതന്ത്രനായി ജയിച്ച കാരാട്ട് റസാഖിന് തിരിച്ചടിയുണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചന.
     ലീഗിന് വലിയ നാണക്കേടുണ്ടാക്കിയതാണ് കൊടുവള്ളിയിലെ ലീഗിന്റെ തോൽവി, ആ നാണക്കേടിൽ നിന്നും ലീഗിനെ രക്ഷിച്ചെടുക്കുകയെന്ന ദൗത്യമാണ്   കൊടുവള്ളി പിടിക്കാൻ സി എച്ചിന്റെ മകനെ നിയോഗിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ലീഗിന്റെ ഈ നീക്കത്തിന് അനുകൂലതരംഗം ഉണ്ടാവുമെന്നുതന്നെയാണ് മുസ്ലീംലീഗിന്റെ പ്രതീക്ഷകൾ. കഴിഞ്ഞതവണ കാരാട്ട് റസാഖിന് 44.42 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. എം എ റസാഖായിരുന്നു 2016 ൽ യു ഡി എഫ് സ്ഥാനാർത്ഥി.
    കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ലയാണ് യു ഡി എഫ് സ്ഥാനാർത്ഥി. സി പി എമ്മിൽ  കലാപമുണ്ടായ മണ്ഡലമായിരുന്നു കുറ്റ്യാടി. കേരളാ കോൺഗ്രസിന് സീറ്റുനൽകിയതിൽ പ്രതിഷേധിച്ച് സി പി എം പ്രവർത്തകർ നഗരത്തിലിറങ്ങി പ്രതിഷേധിച്ചത് നേതൃത്വത്തെ ഞെട്ടിച്ച സംഭവമായിരുന്നു.
     കെ പി കുഞ്ഞഹമ്മദ് കുട്ടിയാണ് സി പി എം സ്ഥാനാർത്ഥി. ഇതോടെ മത്സരം കട്ടിയായി. 1157 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലീഗ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ല ജയിച്ചു കയറിയത്. ഇത്തവണയും പാറക്കൽ അബ്ദുല്ലക്ക് അനുകൂലമാണ് കുറ്റ്യാടിയിലെ കാറ്റ്.

    ബേപ്പൂർ സി പി എമ്മിന്റെ സിറ്റിംഗ് സീറ്റാണ്. വി കെ സി മമ്മദ് കോയ രണ്ടുതവണ വിജയിച്ച മണ്ഡലം. ഇത്തവണ മുഹമ്മദ് റിയാസാണ് ഇടത് സ്ഥാനാർത്ഥി. പി എം റിയാസാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ബി ജെ പി സ്ഥാനാർത്ഥിയായി കെ പി പ്രകാശ് ബാബുവും മത്സരിച്ചു. ഇതിൽ ബി ജെ പി വോട്ടുകൾ നിർണായകമായ മണ്ഡലമാണ് ബേപ്പൂർ.
    വ്യവസായിയായികൂടിയായ വി കെ സി മമ്മദ് കോയ 2016 ൽ നേടിയത് 14363 വോട്ടുകളുടെ ഭൂരിപക്ഷമാണ്. ഡി വൈ എഫ് ഐ അഖിലേന്ത്യാ നേതാവായ മുഹമ്മദ് റിയാസിന്റെ വിജയം മാത്രമല്ല, മികച്ച ഭൂരിപക്ഷമാണ് സി പി എം ലക്ഷ്യമിടുന്നത്. മുഹമ്മദ് റിയാസ് നല്ല ഭൂരിപക്ഷത്തിൽ ജയിച്ചുവരാനുള്ള സാഹചര്യം തന്നെയാണ് ബേപ്പൂരിൽ നിലവിലുള്ളത്. അടിയൊഴുക്കുകളൊന്നും നടന്നില്ലെങ്കിൽ മുഹമ്മദ് റിയാസിന് മികച്ച ഭൂരിപക്ഷവും ലഭിക്കും.

    കോഴിക്കോട് നോർത്തിൽ കടുന്ന മത്സരമാണ് അരങ്ങേറുന്നത്. എ പ്രദീപ് കുമാർ മാറുകയും തോട്ടത്തിൽ രവീന്ദ്രൻ സിപിഎം സ്ഥാനാർത്ഥിയാവുകയും ചെയ്തതോടെ കോഴികകോട് നോർത്തിലെ വിജയം അത്ര എളുപ്പമാവില്ല എൽ ഡി എഫിന്.ശക്തമായ ത്രികോണ മത്സരം അരങ്ങേറിയ മണ്ഡലമാണിത്.
    ബി ജെ പി സംസ്ഥാന നേതാവായ എം ടി രമേഷിന്റെ സാന്നിദ്ധ്യം കടുത്ത വെല്ലുവിളിയാണ് ഇരുമുന്നണിക്കെതിരെയും ഉയർത്തിയിരുന്നത്. 2016 ൽ സി പി എമ്മിലെ എ പ്രദീപ്കുമാർ 27873 വോട്ടുകൾക്ക്  വിജയിച്ചമണ്ഡലമാണ് കോഴിക്കോട് നോർത്ത്. ഇത്തവണ കെ എസ് യു നേതാവായ കെ എം അഭിജിത്താണ് യു ഡി എഫ് സ്ഥാനാർത്ഥി. ഭൂരിപക്ഷം കുറഞ്ഞാലും തോട്ടത്തിൽ രവീന്ദ്രൻ വിജയിക്കുമെന്നാണ് സൂചനകൾ.
    രണ്ടാം സ്ഥാനത്തേക്ക് എം ടി രമേഷ് എത്താനും സാധ്യതയുണ്ട്.
    ഇടത് തരംഗത്തിലും മുസ്ലിംലീഗിനെ തുണച്ച മണ്ഡലമാണ് കോഴിക്കോട് സൗത്ത്. ഇത്തവണ  മുസ്ലിംലീഗിന്റെ ഏക വനിതാ സ്ഥാനാർത്ഥിയായ നൂർബിനാ റഷീദ് മത്സരിച്ച മണ്ഡലമാണിത്. ഐ എൻ എൽ സ്ഥാനാർത്ഥിയായ അഹമ്മദ് ദേവർ കോവിലായിരുന്നു എതിരാളി.
    2016 ൽ ഡോ എം കെ മുനീർ 6327 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രൊഫ എ. പി അബ്ദുൽ വഹാബിനെ തോൽപ്പിച്ചത്. ഇത്തവണ മികച്ച വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കോഴിക്കോട് സൗത്ത്. മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ നൂർബിനാ റഷീദിന് അനുകൂലമാണ്.

    മുസ്ലിംലീഗ് വിമതനായി എത്തി, ഇടത് സ്വതന്ത്രനായി വിജയിച്ച പി ടി എ റഹിം വീണ്ടും ജനവിധി തേടുന്ന മണ്ഡലമാണ് കുന്നമംഗലം. കഴിഞ്ഞതവണ 11205 വോട്ടുകൾക്ക് കോൺഗ്രസിലെ ടി സിദ്ദിഖിനെ പരാജയപ്പെടുത്തിയാണ് പി ടി എ റഹിം നിയമസഭയിലെത്തിയത്. ഇത്തവണ പി ടി എ റഹിമിനെ നേരിടാൻ ലീഗ് കോൺഗ്രസ് നേതാവ് ദിനേഷ് പെരുവണ്ണയെ സ്വതന്ത്രനായി അവതരിപ്പിച്ചു. എന്നാൽ പി ടി എ റഹിമിന് അനുകൂലമാണ് മണ്ഡലത്തിലെ രാഷ്ട്രീയ കാലാവസ്ഥ.

    കുടിയേറ്റ, തോട്ടം തൊഴിലാളി മേഖലയാണ് തിരുവമ്പാടി.
    പരമ്പരാഗതമായി യു ഡി എഫ് അനുകൂല രാഷ്ട്രീയനിലപാട് സ്വീകരിച്ചിരുന്ന മണ്ഡലമായിരുന്നു തിരുവമ്പാടി. എന്നാൽ ചില നിർണായക ഘട്ടങ്ങളിൽ എൽ ഡി എഫിനെ വിജയിപ്പിച്ച പാരമ്പര്യവും തിരുവമ്പാടിക്കുണ്ട്. 2016 ൽ ജോർജ് എം തോമസിനെ 3008 വോട്ടുകൾക്ക് വിജയിപ്പിച്ച മണ്ഡലമാണിത്. ഇത്തവണ സി പി ചെറിയ മുഹമ്മദാണ് യു ഡി എഫ് സ്ഥാനാർത്ഥി. സി പി എമ്മിലെ  യുവനേതാവ് ലിന്റോ ജോസഫാണ് എതിരാളി. ശക്തമായ മത്സരം നടന്ന തിരുമ്പാടിയിലെ രാഷ്ട്രീയ സാഹചര്യം എൽ ഡി എഫിന് അനുകൂലമാണ് . അടിയൊഴുക്കുകളുണ്ടായാൽ അത് യു ഡി എഫിന് അനുകൂലമാവാനും സാധ്യതയുണ്ട്. മുസ്ലിം,  ക്രിസ്ത്യൻ വോട്ടുകൾ നിർണായകമാണ് തിരുവമ്പാടിയിൽ.

    എലത്തൂർ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ പ്രധാന മണ്ഡലമാണ് എലത്തൂർ. എൽ ഡി എഫ് സ്ഥാനാർത്ഥി എ കെ ശശീന്ദ്രന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ.
    മന്ത്രി എ കെ ശശീന്ദ്രന്റെ  സിറ്റിംഗ് സീറ്റാണ് എത്തൂർ.  എലത്തൂരിൽ ഇത്തവണയും എൽ ഡി എഫിന്റെ സ്ഥാനാർത്ഥിയായത് ഏറെ പരിശ്രമിച്ചാണ്.  എൻ സി പിയിലെ പടലക്കിണക്കവും ശേഷം വഴിപിരിയലും ഒക്കെകഴിഞ്ഞാണ് ശശീന്ദ്രൻ എലത്തൂരിൽ വീണ്ടും എത്തിയത്. ശശീന്ദ്രനെ എതിരിടാനായി എത്തിയത് പഴയ സഹപ്രവർത്തകനായ സുൽഫിക്കർ മയൂരിയായിരുന്നു. എന്നാൽ എൻ സി പി കെയ്ക്ക് സീറ്റു നൽകിയതിൽ കോൺഗ്രസിൽ ശക്തതമായ പ്രതിഷേധം ഉടലെടുത്തു. സംസ്ഥാനത്ത് ഇത്രയേറെ പ്രതിഷേധം അരങ്ങേറിയ മറ്റൊരു മണ്ഡലവും ഉണ്ടായിരുന്നില്ല.
    ഇതോടെ എലത്തൂരിൽ എ കെ ശശീന്ദ്രന്റെ വിജയം അരക്കിട്ടുറപ്പിക്കുകയായിരുന്നു. 29057 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2016 ൽ എ കെ ശശീന്ദ്രൻ , ജനതാദളിലെ കിഷൻ ചന്ദിനെ തോൽപ്പിച്ചത്. നിരവധി ആരോപണങ്ങളിൽ അകപ്പെട്ട മന്ത്രിയായിരുന്നു എ കെ ശശീന്ദ്രൻ. എന്നിട്ടും ശശീന്ദ്രൻ വിമകച്ച വിജയം നേടുമെന്നാണ് എലത്തൂരിലെ കാഴ്ചകൾ. ബി ജെ പിയുടെ ടി പി ജയചന്ദ്രൻ മികച്ച പ്രകടനം നടത്താനും സാധ്യതയുണ്ട്.

    നമുക്ക് ബാലുശ്ശേരിയിലേക്ക് പോവാം, ബാലുശ്ശേരിയി ഒരു കനത്ത മത്സരം നടന്നില്ല. തെരഞ്ഞെടുപ്പ് പ്രചരണം മിക്കയിടങ്ങളിലും ഷോയായി മാറി.  സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിക്ക് മണ്ഡലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. എന്നാൽ അതൊന്നും വോട്ടായി മാറിയില്ല. ജില്ലയിലെ സംവരണ മണ്ഡലത്തിൽ ഓളം ഉണ്ടാക്കിയെടുക്കാൻ ധർമ്മജന് സാധിച്ചുവെന്നത് ഒഴിച്ചാൽ മറ്റൊന്നും ബാലുശേരിയിൽ ഉണ്ടായില്ല.

    സി പി എമ്മിലെ യുവനേതാവ് കെ എം സച്ചിൻദേവാണ് എൽ ഡി എഫിനായി രംഗത്തിറങ്ങിയത്. സച്ചിൻ ദേവ് ബാലുശേരിയിൽ മികച്ച വിജയം നേടും. കഴിഞ്ഞ തവണ പുരുഷൻ കടലുണ്ടി 15464 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബാലുശേരിയിൽ കരസ്ഥമാക്കിയിരുന്നത്.

    പേരാമ്പ്രയിൽ മന്ത്രിയും സിറ്റിംഗ് എം എൽ എയുമായ ടി പി രാമകൃഷ്ണനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. കോൺഗ്രസിലെ സി എച്ച് ഇബ്രാഹിംകുട്ടിയായിരുന്നു ടി പി രാമകൃഷ്ണനെ നേരിട്ടത്. 2016 ൽ 4101 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഇത്തവണയും ടി പി രാമകൃഷ്ണൻ ജയിക്കാനുള്ള രാഷ്ട്രീയ സാഹചര്യം തന്നെയാണ് പേരാമ്പ്രയിലുള്ളത്.

    വർഷങ്ങളോളം യു ഡി എഫിന്റെ ശക്തി കേന്ദ്രമായിരുന്നു കൊയിലാണ്ടി. എന്നാൽ കഴിഞ്ഞ 15 വർഷമായി കൊയിലാണ്ടി ചുവന്നാണ് കിടക്കുന്നത്. ഇത്തവണ കൊയിലാണ്ടി നിലനിർത്താനുള്ള ചുമതല കാനത്തിൽ ജമീലയ്ക്കാണ് നൽകിയിരിക്കുന്നത്.
    എൻ സുബ്രണ്യനാണ്  യു ഡി എഫ് സ്ഥാനാർത്ഥി. രണ്ട് തവണ കൊയിലാണ്ടിയെ കൂടെ നിർത്തിയ കെ ദാസൻ ഇത്തവണ മത്സര രംഗത്തില്ലാത്തത് എൽ ഡി എഫിന് തിരിച്ചടിയാവുമെന്ന ഭയമുണ്ട്.  കാനത്തിൽ ജമീല ജില്ലാ പഞ്ചായത്ത് അധ്യക്ഷയാണ്. എം ടി പത്മ മാത്രമാണ് കൊയിലാണ്ടിയിൽ നിന്നും ജയിച്ച ഏക വനിതാ സ്ഥാനാർത്ഥി.

    1970 മുതൽ 91 വരെ തുടർച്ചയായി കോൺഗ്രസ് വിജയിച്ച മണ്ഡലം. പിന്നീട് മാറിയും മറഞ്ഞും കൊയിലാണ്ടിയിലെ രാഷ്ട്രീയം മുന്നോട്ട് പോയി. കൈവിട്ടുപോയ മണ്ഡലം ഇത്തവണ യു ഡി എഫിന് തിരികെ പിടിക്കുമെന്നാണ് കൊയിലാണ്ടിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

    നാദാപുരത്ത് സിറ്റിംഗ് എം എൽ എ ഇ കെ വിജയനാണ് എൽ ഡി എഫിനായി ഇത്തവണയും മത്സരിച്ചിരുന്നത്. കോൺഗ്രസിലെ കെ പ്രവീൺകുമാർ യു ഡി എഫ് സ്ഥാനാർത്ഥിയുമായിരുന്നു. സി പി ഐയുടെ സിറ്റിംഗ് സീറ്റായാണ് നാദാപുരം അറിയപ്പെടുന്നത്. ഇത്തവണയും നാദാപുരത്ത് മാറ്റങ്ങളൊന്നും ഉണ്ടാവാനുള്ള സാധ്യത കുറവാണ്. ഇ കെ വിജയന് 2016 ൽ 4759 വോട്ടുകൾ ലഭിച്ചിരുന്നു.

    കോഴിക്കോട് ജില്ലയിൽ ലീഗും കോൺഗ്രസും നേട്ടമുണ്ടാക്കുമെന്നുതന്നെയാണ് ലഭിക്കുന്ന സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here