തിരുവനന്തപുരം: ലോക്‌ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യത്തിന് പുറത്ത് പോകേണ്ടവര്‍ പൊലീസില്‍ നിന്നും പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി. ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യത്തിന് ഇല്ലാതെ വരുമ്പോള്‍ ആ പ്രയാസം പരിഹരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി സന്നദ്ധ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

18 മുതല്‍ 45 വയസുവരെയുള്ളവരില്‍ മറ്റ് രോഗമുള്ളവര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രോഗമുള്ളവരുടേയും ക്വാറന്റൈന്‍കാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്കും മുന്‍ഗണന നല്‍കും. വാര്‍ഡ് തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. കേരളത്തിന് പുറത്ത് നിന്നുംയാത്ര ചെയ്ത് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലെങ്കില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ലോക്ഡൗണ്‍ കാലത്ത് തട്ടുകടകള്‍ തുറക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

അന്തര്‍ജില്ലാ യാത്രകള്‍ ഒഴിവാക്കണം. ഒഴിവാക്കാന്‍ കഴിയാത്തവര്‍ പേരും മറ്റു വിവരവും എഴുതിയ സത്യവാങ്മൂലം കൈയ്യില്‍ കരുതണം.വിവാഹം, മരണാനന്തര ചടങ്ങുകള്‍, അടുത്ത രോഗിയെ കാണല്‍ എന്നിവയ്‌ക്കേ സത്യവാങ്മൂലത്തോടെ യാത്രചെയ്യാന്‍ അനുവാദമുള്ളൂ.

ഹാര്‍ബറില്‍ ലേല നടപടി ഒഴിവാക്കേണ്ടതാണ്.ബാങ്കുകള്‍ ഒന്നിടവിട്ട ദിവസം പ്രവര്‍ത്തിക്കുന്നതാണ് നല്ലത്.അതിഥി തൊഴിലാളികള്‍ക്ക് നിര്‍മ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസവും കരാറുകാരന്‍ നല്‍കണം. ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യസ്ഥാപന പ്രതിനിധികള്‍ ഗൃഹസന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

 

LEAVE A REPLY

Please enter your comment!
Please enter your name here