കൊച്ചി: അമ്മയാകാന്‍ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നില്ലെന്നും അമ്മമനസ്സോടുകൂടി സ്‌നേഹം പകര്‍ന്നുകൊടുക്കാന്‍ ആര്‍ക്കും കഴിയുമെന്നും സമൂഹത്തിലെ ദുര്‍ബലരായ ആളുകളെയും കുട്ടികളേയും സ്‌നേഹപൂര്‍വം സംരക്ഷിക്കുന്നതിലാണ് അമ്മമനസ്സുള്ളതെന്നും സംസ്ഥാന ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി കെ കെ ശൈലജ ടീച്ചര്‍. മാതൃദിനം പ്രമാണിച്ച് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ച മാതൃവന്ദനം പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും പരസ്പരം സ്‌നേഹിക്കുകയും വിശ്വസിക്കുകയും മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം കാണിക്കുകയും ചെയ്യുമ്പോള്‍ അതും മാതൃസമാനമായ സ്‌നഹേമായിത്തന്നെ കരുതണം. ഇന്ന് ലോകജനത വലിയ പരിഗണന ആഗ്രഹിക്കുന്ന സമയമാണ്. മനുഷ്യരാശിയെ ആകെ വിറപ്പിച്ചുകൊണ്ട് പടര്‍ന്നു പിടിക്കുന്ന സാര്‍സ് കൊറോണാ വൈറസ് 2 പെട്ടെന്ന് പിന്‍വാങ്ങുന്ന ലക്ഷണം കാണുന്നില്ല. കേരളമാണ് ആദ്യമായി ബ്രേക്ക് ദ ചെയ്ന്‍ ആശയം മുന്നോടുവെച്ച് സോപ്പ്, മാസ്‌ക്ക്, സാമൂഹിക അകലം എന്ന മുദ്രാവാക്യം ജനങ്ങളിലേയ്ക്ക് എത്തിച്ചത്. പ്രായം ചെന്നവരെ പുറത്തിറങ്ങാന്‍ വിടാതെ കുറെക്കാലം വീട്ടിലിരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് റിവേഴ്‌സ് ക്വാറന്‍ന്റൈന്‍ നടത്തിക്കൊണ്ടും നമ്മള്‍ ഈ വൈറസിന്റെ വ്യാപനത്തെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ കോവിഡിന്റെ രണ്ടാം വരവ് കൂടുതല്‍ ഗൗരവമുള്ളതാണ്. ജനിതക ഘടനയില്‍ മാറ്റം വന്ന വൈറസുകള്‍ കേരളത്തിലും പരക്കുന്നു. മരണം കുറച്ചുനിര്‍ത്തുക തന്നെയാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പ്രത്യേക സമിതികളുണ്ടാക്കി, കോവിഡ് രോഗികള്‍ക്ക് രോഗം കൂടുന്നുണ്ടെങ്കില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത്, ആശുപത്രിയിലെ സൗകര്യങ്ങള്‍ പടിപടിയായി വര്‍ദ്ധിപ്പിച്ച് എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു രീതിയുണ്ടാക്കി നമ്മള്‍ പോരാട്ടം നടത്തുകയാണ്. കോവിഡ് ബാധിതരായിട്ടുള്ള ആളുകള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമുണ്ട്. ശാരീരികമായി മാത്രമല്ല, ചിലര്‍ മാനസികമായും തകര്‍ന്നുപോകുന്നു. അതുകൊണ്ടാണ് കൗണ്‍സിലിംഗ് സെന്ററുകളും കോള്‍ സെന്ററുകളും ഒക്കെ സ്ഥാപിച്ചുകൊണ്ട് കോവിഡ് ബാധിതരെ വിളിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നത്. ഓരോ രോഗിയേയും വിളിച്ച് വിവരമറിയാന്‍ ശ്രമിക്കുന്നുണ്ട്. ആയിരക്കണക്കിനാളുകള്‍ വൈറസ് ബാധയുള്ളവരാകുമ്പോള്‍, അപൂര്‍വം എവിടെയെങ്കിലും ഒറ്റപ്പെട്ട് പോയിട്ടുണ്ടോന്നറിയില്ല, എന്നാലും എല്ലാവരേയും വിളിക്കാന്‍ നമ്മള്‍ പ്രത്യേക പരിശീലനം നല്‍കിയ ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഇത്തരം സ്‌നേഹപ്രകടനങ്ങളും ഈ സമയത്ത് ഏറെ ആശ്വാസമാണ്. കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. ഒരുപാട് കുഞ്ഞുങ്ങള്‍ സ്വന്തം വീട്ടിനകത്തുവച്ചും ഉപദ്രവിക്കപ്പെടുന്നു. മാതാപിതാക്കളുടെ കിടമത്സരത്തിനിടയില്‍ കുഞ്ഞുങ്ങളുടെ മനസാണ് പിടഞ്ഞുപോകുന്നത്. മോശം സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ ഒരിയ്ക്കലും നല്ല പൗരന്മാരാകില്ല. പ്രായം ചെന്ന മാതാപിതാക്കളെ പെരുവഴിയില്‍ ഉപേക്ഷിക്കുന്ന പ്രവണതയും ഇന്ന് കാണുന്നുണ്ട്. അപൂര്‍വം കേസുകളില്‍ പെറ്റമ്മമാര്‍ തന്നെയും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നു. ഈ ക്രൂരത അനുവദിയ്ക്കാനാവില്ല. ഇത്തരം ആളുകളെ നേര്‍വഴിയ്ക്കു നയിക്കാന്‍ നിയമ നടപടികള്‍ പ്രയോഗിക്കുക തന്നെ വേണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

രണ്ടു മൂന്നു വര്‍ഷം കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ അമ്മയായിത്തീര്‍ന്ന ശൈലജ ടീച്ചര്‍ക്കൊപ്പം മാതൃവന്ദനം പരിപാടിയില്‍ പങ്കെടുക്കാനായതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത ചലച്ചിത്രതാരവും ലോകകേരളസഭാംഗവും അസറ്റ് ഹോംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരിലൊരാളുമായ ആശാ ശരത് പറഞ്ഞു. ജന്മം കൊണ്ട് മാത്രമല്ല കര്‍മം കൊണ്ടും അമ്മായാകാമെന്ന് ശൈലജ ടീച്ചര്‍ തെളിയിച്ചു. നൃത്തത്തിന്റെ ആദ്യചുവടുകള്‍ അഭ്യസിപ്പിച്ചതു മുതല്‍ ജീവിതത്തിലെ എല്ലാ ചുവടുകളിലും കൂടെയുള്ള അമ്മ കലാമണ്ഡലം സുമതിയേയും ആശാ ശരത് ഓര്‍മിച്ചു. ഇന്നും എന്ത് സന്തോഷമുണ്ടായാലും സങ്കടമുണ്ടായാലും ആദ്യം പറയുന്നത് അമ്മയോടാണ്.

ഇക്കുറി പത്താമത് വര്‍ഷമാണ് അസറ്റ് ഹോംസ് മാതൃവന്ദനം പരിപാടി സംഘടിപ്പിച്ചുതെന്നും കഴിഞ്ഞ വര്‍ഷം വരെ കമ്പനിയിലെ ജീവനക്കാരുടെ അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചിരുന്നതെന്നും അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. കോവിഡ് പരിമിതി മൂലം സൂം വഴി സംഘടിപ്പിച്ച ഈ വര്‍ഷത്തെ പരിപാടിയില്‍ അസറ്റ് ഹോംസ് അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളുമുള്‍പ്പെട്ട 64 ഭവനസമുച്ചയങ്ങളില്‍ താമസിക്കുന്ന 5000-ത്തിലേറെ വരുന്ന അമ്മമാരെയും അസറ്റ് ജീവനക്കാരുടെ അമ്മമാരെയും പങ്കെടുപ്പിക്കാനായത് കൂടുതല്‍ സന്തോഷകരമായി. അസറ്റ് ഹോംസ് ഡയറക്ടര്‍മാരായ എന്‍. മോഹനന്‍, ഡോ എം പി ഹസ്സന്‍ കുഞ്ഞി, സി വി റപ്പായി തുടങ്ങിയവരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് തത്സമയം ചടങ്ങില്‍ പങ്കെടുത്തു.


ഫോട്ടോ ക്യാപ്ഷന്‍: Shailaja Teacher speaking at Asset Homes’ organized Maathruvandanam

 

LEAVE A REPLY

Please enter your comment!
Please enter your name here