കാസർകോട്‌ : മണിചെയിൻ കമ്പനിയുടെ പേരിൽ കോടികൾ തട്ടിയെടുത്ത സംഭവത്തിൽ കോഴിക്കോട്‌ സ്വദേശികളായ രണ്ടുപേരെക്കൂടി പിടികൂടി. ഇതോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം മൂന്നായി. കോഴിക്കോട്‌ കുറുവാട്ടൂർ സ്വദേശി എം കെ ഹൈദരലി (44), കൊറക്കാട്ടേരി സ്വദേശി എം കെ ഷാജി (41) എന്നിവരെയാണ്‌ കാസർകോട്‌ ഡിവൈഎസ്‌പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. കാസർകോട്‌ ജുഡീഷ്യൽ മഡിസ്‌ട്രേട്ട്‌ കോടതി–- 2ൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്‌തു. പ്രതികളിലൊരാളായ എം കെ ഹൈദരലിക്ക്‌ കോവിഡ്‌ പോസിറ്റീവായതിനെ തുടർന്ന്‌ കാഞ്ഞങ്ങാട്‌ ഗുരുവനത്തുള്ള സിഎഫ്‌എൽടിസിയിലേക്ക്‌ മാറ്റി. കഴിഞ്ഞദിവസം മണിചെയിൻ കമ്പനിയുടെ ഏജന്റും പ്രധാന സൂത്രധാരനുമായ മഞ്ചേശ്വരം ഉദ്യാവറിലെ ജാവേദിനെ (28)യും ഡിവെെഎസ്‌പിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തിരുന്നു. ഇയാളും റിമാൻഡിലാണ്‌. കമ്പനിയുടെ മാനേജിങ്‌ ഡയറക്ടറായ മലപ്പുറം സ്വദേശി സി എം ഫൈസലിനെ പിടികിട്ടാനുണ്ട്‌. ഗൾഫിലുള്ള ഇയാളെ പിടികൂടാനായാൽ മാത്രമേ തട്ടിപ്പിന്റെ ആളം കൃത്യമായി മനസിലാക്കാനാകൂവെന്ന്‌ ഡിവൈഎസ്‌പി പറഞ്ഞു.

തട്ടിപ്പിനിരയായ ഹൊസങ്കടി മൊറത്താനയിലെ മുഹമ്മദ് ഷഫീഖിന്റെ പരാതിയിലാണ് അറസ്റ്റ്‌. തട്ടിപ്പിനിരയായ ആയിരത്തോളംപേർ പരാതികളുമായി എത്തിയിട്ടുണ്ട്‌. നിലവിൽ ഒരാളുടെ പരാതിയിലാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌.

മൈ ക്ലബ്‌ ട്രേഡേഴ്‌സ്‌ എന്നപേരിൽ മലേഷ്യൻ കമ്പനി സ്‌കീം എന്ന്‌ വിശ്വസിപ്പിച്ച്‌ കോടിക്കണക്കിന്‌ രൂപയുടെ‌ നിക്ഷേപമാണ്‌ സ്വീകരിച്ചത്. വാർഷിക പ്രതിഫലം 250 ശതമാനംവരെ വർധിക്കുമെന്നാണ്‌ കമ്പനി നൽകയ വാഗ്‌ദാനം. 2018ൽ കമ്പനി തുടങ്ങിയപ്പോൾ ആദ്യം ചേർന്നവർക്ക്‌ ഈ തുക നൽകിയാണ്‌ മറ്റുള്ളവരുടെ വിശ്വാസമാർജിച്ചത്‌. കമ്പനിക്ക്‌ അംഗീകാരമുണ്ടെന്ന്‌ വരുത്താനായി കോഴിക്കോട്‌ ആസ്ഥാനമായി പ്രിൻസ് ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്‌സ്‌ എന്നപേരിൽ രജിസ്ട്രേഷനും സ്വീകരിച്ചു. കോഴിക്കോട്‌ ഓഫീസും തുറന്നു. നിലവിൽ കാസർകോട്‌ ചെർക്കളയിലും വടകര കരിമ്പനപ്പാലത്തും പ്രിൻസ്‌ ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്‌സിന്റെ കെട്ടിനിർമാണം നടന്നുവരുന്നുണ്ട്‌. കോടികൾ മുതൽമുടക്കിയാണ്‌ ഇവയുടെ നിർമാണം.

നിക്ഷേപിക്കുന്ന തുകയ്‌ക്ക്‌ ദിവസം ഒരു ശതമാനം വീതം പലിശ നൽകുമെന്ന വ്യവസ്ഥയാണ്‌ നിക്ഷേപകരെ ആകർഷിച്ചത്‌. മഞ്ചേശ്വരത്ത് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളിൽനിന്നാണ് മണി ചെയിൻ തട്ടിപ്പ് കമ്പനിയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലായി തട്ടിപ്പിന്റെ കണ്ണികളുണ്ട്‌. 47 കോടി രൂപയുടെ തട്ടിപ്പിന്‌ തെളിവുകൾ ലഭിച്ചിട്ടുണ്ട്‌. സമഗ്രമായ അന്വേഷണത്തിലൂടെ മുഴുവൻ പ്രതികളെയും നിയമത്തിന്‌ മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന്‌ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻകൂടിയായ ഡിവൈഎസ്‌ പി പി സദാനന്ദൻ പറഞ്ഞു. പ്രതികളെ പിടികൂടിയ സംഘത്തിൽ ഡിവൈഎസ്‌പിക്ക്‌ പുറമെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ സി കെ ബാലകൃഷ്ണൻ നായർ, എസ്‌ഐ കെ നാരായണൻ, എഎസ്ഐ ലക്ഷ്മിനാരായണൻ, ഓസ്റ്റിൻ തമ്പി, ജെ ഷാജിഷ്, എൻ രാജേഷ്, പി ശശികുമാർ എന്നിവരുമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here