കൊച്ചി: വെല്ലുവിളി ഏറ്റെടുത്ത് യു ഡി എഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശൻ. പരമ്പരാഗത പ്രതിപക്ഷമായി പ്രവർത്തിക്കാൻ സാധിക്കില്ല. എന്തൊക്കെ മാറ്റം കൊണ്ടുവരണമെന്ന് സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സതീശൻ പറഞ്ഞു.

യു ഡി എഫിനെ തിരികെകൊണ്ടുവരുന്നിടത്ത് ഗ്രൂപ്പുകൾക്ക് പ്രസക്‌തിയില്ല. ഗ്രൂപ്പ് പ്രവർത്തനം മെരിറ്റിനെ ബാധിക്കരുത്. ജനങ്ങളോട് ഭയം വേണം. പ്രതിപക്ഷ നേതൃസ്ഥാനം പുഷ്‌പകിരീടമല്ലെന്ന ഉറച്ച ബോദ്ധ്യമുണ്ട്. കേരളത്തിൽ നിന്ന് വർഗീയതയെ കുഴിച്ചുമൂടുക എന്നതാണ് യു ഡി എഫിന്‍റെ പ്രഥമപരിഗണന. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും മതേതര വിശ്വാസികളാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ പ്രീണനങ്ങൾക്കെതിരെ ഒരുപോലെ നിലപാടെടുക്കുമെന്നും സതീശൻ വ്യക്തമാക്കി.

തലമുറമാറ്റം എല്ലാ മേഖലയിലും വേണം. രാഷ്‌ട്രീയ പ്രവർത്തനം തിരഞ്ഞെടുപ്പ് പ്രവർത്തനം മാത്രമാണെന്ന് കരുതുന്നില്ല. എല്ലാവരേയും യോജിപ്പിച്ച് മുന്നോട്ടുപോകും.രമേശ് ചെന്നിത്തലയും താനും സഹോദര തുല്യരാണെന്നും സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷമായി പ്രവര്‍ത്തിക്കും. നല്ല കാര്യങ്ങളിലെല്ലാം സര്‍ക്കാരിനൊപ്പം നില്‍ക്കും. എല്ലാത്തിനെയും എതിര്‍ക്കുക എന്ന നിലപാട് സ്വീകരിക്കില്ല. എന്നാല്‍ തെറ്റായ കാര്യങ്ങളെ നിയമസഭയ്ക്കകത്തും പുറത്തും എതിര്‍ക്കും. ജനങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും സതീശന്‍ പറഞ്ഞു.

കരുണാകരന്‍റെ ശൈലയില്ല ഇപ്പോഴത്തേത്. ഈ മാറ്റം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇതു കാലത്തിന് അനുസരിച്ച് ശൈലിയിലുണ്ടായ മാറ്റമാണ്. വലിയ പരാജയത്തെ നേരിട്ട് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം മങ്ങിയ സമയമാണ്. അതു വീണ്ടെടുക്കുക പ്രധാനമാണ്. ഒപ്പം കേരളത്തിലെ ജനാധിപത്യ സമൂഹത്തിന്‍റെ വികാരവും കണക്കിലെടുക്കും. ശക്തിയായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്‍റെ മനോഹാരിത. ഭരിക്കുന്നവര്‍ ഏകാധിപത്യത്തിലേക്കു പോവാതെ തടയുക എന്നതാണ് പ്രതിപക്ഷ ധര്‍മ്മമെന്നും സതീശൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here