തിരുവനന്തപുരം: സംഘടനാ തലത്തില്‍ വലിയ പിഴവുകളാണ് ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ കമ്മിറ്റി ഓണ്‍ലൈന്‍ ആയി നടത്തിയ തെളിവെടുപ്പിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഓരോ തെറ്റുകളും കൃത്യമായി ചൂണ്ടിക്കാണിക്കാനായി. അത് തിരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രവർത്തനം താഴേത്തട്ടിലേക്ക് എത്തിയില്ല. പല ബൂത്തുകളും നിര്‍ജീവമായാണ് പ്രവര്‍ത്തിച്ചത്. ഇതെല്ലാം ഭരണകക്ഷിക്ക് അനകൂലമായി മാറി.

സഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിട്ടും അത് താഴേത്തട്ടില്‍ എത്തിക്കുന്നതില്‍ ബൂത്ത് കമ്മിറ്റികള്‍ ഒരുതരത്തിലുള്ള പ്രവര്‍ത്തനവും നടത്തിയില്ല. വീടുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ സ്ലിപ്പുകള്‍ പോലും എത്തിക്കാനുള്ള ശ്രമം ബൂത്ത് കമ്മിറ്റികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

കോവിഡിന്റെയും പ്രളയത്തിന്റെയും സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്നില്‍ ഉണ്ടായിരുന്നു എന്ന പ്രതീതി ഉണ്ടാക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞു. പെന്‍ഷനും കിറ്റും എല്ലാം അവരെ അധികാരത്തിലെത്താന്‍ സഹായിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പ്രചാരണം നടത്താന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

കമ്മിറ്റിയുടെ തെളിവെടുപ്പില്‍ മറ്റു നേതാക്കളും തങ്ങളുടെ ഭാഗം വ്യക്തമാക്കും. തുടര്‍ന്നായിരിക്കും സംഘടനാ തലത്തില്‍ ഏതു തരത്തിലുള്ള അഴിച്ചുപണികളാണ് നടത്തേണ്ടത് എന്ന കാര്യത്തില്‍ കമ്മിറ്റി തീരുമാനം എടുക്കുക. കെപിസിസിയിലും ഡിസിസിയിലും വലിയ അഴിച്ചുപണി ഉണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ കെപിസിസി അധ്യക്ഷനെ വരുംദിവസങ്ങളില്‍ തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here