രാജേഷ് തില്ലങ്കേരി

ഇന്ത്യ മുഴുവനായും ഡിജിറ്റലാവണമെന്നായിരുന്നു പൂജനീയ പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ സ്വപ്നം. ഇത് കേവലം മോദിയജിയുടെ മാത്രം സ്വപ്‌നമായിരുന്നില്ല, ഭാരതീയനായ എല്ലാ  ഭാരതീയ ജനതാപാർട്ടിക്കാരുടെയും പ്രഖ്യാപിത നയമായിരുന്നു.
കള്ളപ്പണം പൂർണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണല്ലോ മോദിജി നോട്ട് നിരോധനം നടപ്പാക്കിയത്. 500, 1000 രൂപയുടെ കറൻസികൾ ഒരു ദിവസം രാത്രിയിൽ മോദിജി അങ്ങോട്ട് നിരോധിച്ചു.

വ്യജ കറൻസി, ഹവാല കള്ളപ്പണം എന്നിവ ഇല്ലാതാവും. രേഖകളില്ലാത്ത പണം തിരികെ ബാങ്കിലെത്തുമ്പോൾ പിടികൂടാമല്ലോ… എന്നാൽ സംഭവിച്ചത്, മറ്റൊന്നായിരുന്നു, പ്രിന്റ് ചെയ്ത മിക്കവാറും കറൻസികൾ തിരികെയെത്തിയത്രേ, അപ്പോ പാക്കിസ്ഥാനിൽ പ്രിന്റ് ചെയ്ത കള്ളനോട്ടും, പൂഴ്ത്തിവച്ച ഒറിജിനൽ നോട്ടും എങ്ങോട്ട് പോയി എന്ന ചോദ്യത്തിന് ഇതുവരെ ഒരു സംഘപുത്രനും ഉത്തരം തന്നിട്ടില്ല.
അപ്പോ ഇനിയങ്ങോട്ട് രാജ്യത്ത്  കള്ളനോട്ടില്ല, ബ്ലാക്ക് മണിയെന്ന പേരിലറിയപ്പെടുന്ന കള്ളപ്പണവുമില്ല. മാത്രവുമല്ല, പുതിയ 2000 രൂപയുടെ കറൻസിയിൽ ചിപ്പ് ഘടിപ്പിക്കും, എന്നിട്ട് പൂഴ്ത്തിവച്ച കറൻസികളെല്ലാം ഡിജിറ്റൽ സഹായത്തോടെ പിടിച്ചെടുക്കും…. ഓ എന്റെ ദൈവമേ എന്തെല്ലാം തള്ളായിരുന്നു…
 

ഇടപാടുകളെല്ലാം ഡിജിറ്റലാവുന്നതോടെ കറൻസിയുടെ ഉപയോഗം പോലും ഉണ്ടാവില്ലെന്നായിരുന്നു പ്രധാനമന്ത്രിയും പരിവാരങ്ങളും പ്രചരിപ്പിച്ചിരുന്നത്. കുറേ ഇടപാട് ഡിജിറ്റലായി, അത് നോട്ട് നിരോധനത്തിന്റെ ഫലമായിരുന്നില്ല. അപ്പോ പ്രിന്റ് ചെയ്ത് നോട്ടുകളൊക്കെ എവിടെ പോയി എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരുന്നില്ല.

പ്രിന്റ് ചെയ്ത നോട്ടുകളെല്ലാം കുഴൽ പണമിടപാടിനാണ് ഉപയോഗിക്കുന്നതെന്ന് ഭാരതീയ ജനതാ പാർട്ടി തന്നെ വ്യക്തമാക്കിത്തരികയാണ്.
നോട്ട് നിരോധനത്തിന് ശേഷം നടന്ന വിവിധ സംസ്ഥാന തെരഞ്ഞെടുപ്പുകൾ, അവിടെ നടന്ന കുതിരകച്ചവടങ്ങൾ. കർണ്ണാടകയിലടക്കം നടന്ന എം എൽ എമാരുടെ കച്ചവടത്തിൽ മറിഞ്ഞത് കോടികൾ. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്നും മറ്റും അടർത്തിയെടുത്ത നേതാക്കൾക്ക് നൽകിയ കോടികൾ. ഇതെല്ലാം ഡിജിറ്റലായിരുന്നു വെന്ന് ചിലപ്പോൾ ബി ജെ പി നേതാക്കൾ പറഞ്ഞേക്കും.

വൻകിട കച്ചവടങ്ങൾ നടത്താനുള്ള പണം ഇന്ന് കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ കൈയ്യിൽ മാത്രമേയുള്ളൂ എന്ന് മനസിലാക്കിയ വൻകിടക്കാർ ബി ജെ പിയോട് സന്ധിചെയ്തു. അല്ലാത്തവരെയെല്ലാം ഇ ഡി യെന്ന ഏജൻസിയെ ഉപയോഗിച്ച് നിരന്തരമായി വേട്ടയാടി.
തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുൻപ് പോണ്ടിച്ചേരിയിൽ അരങ്ങേരിയ രാഷ്ട്രീയ നാടകമാണ് ഇതിലെ അവസാന  ഇടപാട്. അതും ഡിജിറ്റലായിരിക്കുമെന്നാണ് നാമെല്ലാം വിശ്വസിച്ചത്. എന്നാൽ എല്ലാ ഇടപാടും കുഴലിലൂടെയായിരുന്നു എന്ന് ചില നേതാക്കൾക്ക് മാത്രം അറിയാവുന്ന രഹസ്യം.

 
കോടികൾ മറിയുന്നത് തെരഞ്ഞെടുപ്പിലാണ്… ഇതൊക്കെ ആരാണ് നൽകുന്നതെന്നാണ് കഴുതകളായ പൊതുജനത്തിന് അറിയാത്തത്.

കേരളത്തിൽ ഇക്കഴിഞ്ഞ  ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിൽ ഒഴുകിയത് കോടികളായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത് 30 ലക്ഷം രൂപ ഒരു മണ്ഡലത്തിൽ ചിലവഴിക്കാനായിരുന്നു. 30 ലക്ഷമൊക്കെ മൂക്കിൽ വലിക്കാൻപോലും തികയില്ലെന്ന് എല്ലാവർക്കും അറിയാം. സി കെ ജാനു ചിലവിനുള്ള കാശായി ചോദിച്ചത് പോലും കോടികളാണ്. പോക്കറ്റുമണിയായി കെ സുരേന്ദ്രൻ 10 ലക്ഷം നൽകിയെന്നാണ് പ്രസീത അഴീക്കോട് വെളിപ്പെടുത്തുന്നത്. ഇതെല്ലാം കറൻസിയായാണ് എന്നും നാം ഓർക്കണം. ഒരു ലക്ഷം രൂപയുടെ കറൻസി കയ്യിൽ സൂക്ഷിക്കുന്നത് കുറ്റകരമായ ഒരു രാജ്യത്താണ് കോടികളുടെ നോട്ടുകെട്ടുകളുമായി ഈ നേതാക്കൾ പരക്കം പാഞ്ഞത്.  

 ബി ജെ പി വലിയ വെല്ലുവിളികളാണ് സംസ്ഥാനത്ത് നടത്തിയത്. 35 സീറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്ത് മന്ത്രിസഭയുണ്ടാക്കുമെന്നുവരെ പറഞ്ഞുകളഞ്ഞു സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പണം ഉപയോഗിച്ച് ഭാരതത്തിൽ പുതിയൊരു ജനാധിപത്യ സംവിധാനം ആരംഭിച്ച പാർട്ടിക്ക് കേരളത്തിലും അത് നടപ്പാക്കാൻ പറ്റുമെന്നും, അതിനുള്ള പണം പാർട്ടിയുടെ കയ്യിലുണ്ട് എന്നുമായിരുന്നു സുരേന്ദ്രൻ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാണ് ബി ജെ പി തെരഞ്ഞെടുപ്പിനായി ഇറങ്ങിയത്. പാവം മെട്രോമാനും സംഘവും ഇതെല്ലാം ശരിയാണെന്ന് തെറ്റിദ്ധരിച്ചു. ‘എ’ ക്ലാസ് എന്ന പേരിട്ട് കുറേ മണ്ഡലങ്ങൾ. ബി ക്ലാസ് വേറെ , സി ക്ലാസും ഉണ്ടായി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

മഞ്ചേശ്വരം, കോന്നി, തൃശ്ശൂർ, പാലക്കാട് തുടങ്ങിയവയായിരുന്നു എ ക്ലാസ് മണ്ഡലങ്ങൾ. ക്ലാസിഫിക്കേഷനിൽ നേമം സൂപ്പർ ക്ലാസിലും. മഞ്ചേശ്വരത്ത് എന്തായാലും വിജയിക്കുമെന്നാണ് കെ സുരേന്ദ്രൻ കരുതിയിരുന്നത്. പണം യഥേഷ്ടം ഒഴുക്കിയാൽ വിജയിക്കുമെന്ന് കരുതിയ സുരേന്ദ്രൻ മഞ്ചേശ്വരത്തെ അപരനെ രണ്ടര ലക്ഷം കൊടുത്ത് ഒതുക്കി. വിജയിച്ചാൽ കർണാടകയിൽ വൈൻ ഷോപ്പ്, വീട് തുടങ്ങിയവ വാഗ്ദാനം, ഹോ… എന്തൊരു സുന്ദരമായ സ്വപ്‌നം. ബി ജെ പി സമ്പൂജ്യരായി, കേരളത്തിലെ ഗുജറാത്തായിരുന്ന നേമത്ത് കുമ്മനം ജി മൂക്കുകുത്തിവീണു. നിയുക്ത മുഖ്യമന്ത്രി പാലക്കാട്ടും തകർന്നടിഞ്ഞു. ശോഭാജിയും സുരേന്ദ്രാജിയും, സുരേഷ് ഗോപിമാരും തോറ്റമ്പി.

ആകാശത്തുകൂടി പറന്ന് നടന്നായിരുന്നു കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചരണം നിയന്ത്രിച്ചിരുന്നത്.  ആകാശുത്തുകൂടി സുരേന്ദ്രൻ പറന്നത് കോടികളുമായിട്ടാണെന്നാണ് ദോഷൈകതൃക്കായ കെ മുരളീധരൻ പറയുന്നത്, അസൂയ അല്ലാതെ മറ്റെന്ത് പറയാൻ…. തോറ്റപ്പോൾ തന്നെ പറഞ്ഞതാണ് ഇവിടെ ബി ജെ പിയെ തകർക്കാൻ വലിയൊരു മാഫിയ വർക്കു ചെയ്യുന്നുണ്ടെന്ന്. ഇതാ ഇപ്പോൾ എല്ലാം തെളിവ് സഹിതം പുറത്തുവരികയാണ്.
കൊടകര കുഴൽ പണം, ബത്തേരിയിൽ ആദിവാസി നേതാവ് സി കെ ജാനുവിന് കൊടുത്ത ലക്ഷങ്ങൾ, മഞ്ചേശ്വരത്ത് കെ സുന്ദരക്ക് കൊടുത്ത പണം…. എല്ലാം സുരേന്ദ്രനെ തിരിഞ്ഞു കൊത്തുകയാണ്. ഇടപാടെല്ലാം ഡിജിറ്റലായി മാത്രമാണ് നടത്തിയതെന്ന് ആണയിടുന്ന സുരേന്ദ്രൻ. പണം എല്ലാം കറൻസിയായി നേരിട്ട് കൊടുത്തുവെന്ന് പയുന്ന എതിരാളികൾ… ശബരിമല അയ്യപ്പാ… ഇതെല്ലാം കാണുന്നുണ്ടല്ലോ…..

തൃശ്ശൂർ കൊടകര ദേശീയപാതയിൽ വണ്ടിയിൽ കൊണ്ടുപോവുകയായിരുന്ന കാറിൽ നിന്നും മൂന്നര കോടി അടിച്ചു മാറ്റിയെന്ന കേസ് എന്തിനാണ് അന്വേഷിക്കുന്നതെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ ഇപ്പോഴത്തെ സംശയം. ആരോ കൊണ്ടു പോയ പണം, ആരോ അടിച്ചു മാറ്റി. ഇതിൽ എന്തിനാണ് തന്നെയും ബി ജെ പിയെയും പഴിചാരുന്നതെന്നാണ് സുരേന്ദ്രന്റെ ചോദ്യം. പിണറായിയുടെ സർക്കാർ ബി ജെ പിയെ തകർക്കാൻ നടത്തുന്ന നീക്കമാണിതെന്നാണ് സുരേന്ദ്രന്റെ ആരോപണം.
കൊടകരയിൽ പണം അടിച്ചു മാറ്റിയ സംഭവം ഒരു കൊള്ളയാണ്. ആ കൊള്ളയിൽ പ്രതികളെ പിടിച്ചു. മൂന്നര കോടിയിൽ നിന്നും ഒന്നര കോടി തിരികെ കിട്ടി, പരാതിക്കാരനായ ധർമ്മരാജന്റെ പരാതിയിൽ കേവലം 25 ലക്ഷം രൂപയാണ് നഷ്ടമായത്. കോഴിക്കൂട്ടിൽ നിന്നും മെറ്റലിനടിയിൽ നിന്നും മറ്റുമായി ലക്ഷങ്ങൾ പിടികൂടി.
ഇത്രയും രൂപ എങ്ങിനെ എത്തി, കുഴൽ പണം എത്തിച്ചതിൽ ബി ജെ പി നേതാക്കൾക്ക് പങ്കുണ്ടോ, എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. 400 കോടി രൂപ കേരളത്തിൽ ഹവാലയായി എത്തിയെന്നാണ് ആരോപണം. ഇതൊക്കെ അന്വേഷിക്കേണ്ട ഇ ഡി ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല.
തൃശ്ശൂർ ഇങ്ങ് എടുക്കാൻ പോയ സുരേഷ് ഗോപിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വാർത്തകൾ. ഡിജിറ്റൽ ഇന്ത്യയിൽ ആരെവേണമെങ്കിലും ചോദ്യം ചെയ്യാമല്ലോ….
പക്ഷേ, ബി ജെ പിക്ക് എവിടുന്നാണ് ഇത്രയും രൂപ കറൻസിയായി ലഭിച്ചതെന്ന് അറിയാനുള്ള താല്പര്യം സാധാരണ പൗരനുണ്ട്. കാരണം കള്ളപ്പണം നിയന്ത്രിച്ച് രാജ്യത്തെ സമ്പത്ത് ഘടനയെ ശക്തിപ്പെടുത്താനായി ഇറങ്ങിപ്പുറപ്പെട്ട മോദി ശിഷ്യരുടെ തനിനിറം കാണാൻ കഴിഞ്ഞല്ലോ….
ഇനി ഉടൻ കെ സുരേന്ദ്രനെ അന്വേഷണ സംഘം  ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ കുരുക്കിലേക്ക് നീങ്ങുകയാണ് സുരേന്ദ്രൻ. കർണാടകയിൽ വൈൻ പാലർ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് കോഴ വാഗ്ധാനം ചെയ്യണമെങ്കിൽ ഹവാലയുടെ വ്യാപ്തി എത്രയെന്ന് ഏവർക്കും വ്യക്തം….
സ്വമിയേ ശരണമയ്യപ്പാ…..


ഹൈക്കമാന്റ് ഭഗവാനേ ….കേരളത്തിൽ നല്ലൊരു പ്രസിഡന്റിനെ തരണേ…..

കോൺഗ്രസിന് കേരളത്തിൽ ഒരു സ്ഥിരം അധ്യക്ഷനെ കണ്ടെത്താനുള്ള പോരാട്ടത്തിലാണ് ഹൈക്കമാന്റ്. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കാൻ തീരുമാനമായി, പ്രതിപക്ഷ സ്ഥാനത്തു നിന്നും ചെന്നിത്തലയെ നീക്കിയതിന്റെ അലയൊലികൾ നിലനിൽക്കെയാണ് കെ പി സിസി അധ്യക്ഷനെയും മാറ്റാനുള്ള നീക്കം ആരംഭിച്ചത്. രാജി സന്നദ്ധത അറിയിച്ചു മുല്ലപ്പള്ളി കസേര ഒഴിഞ്ഞ് വടകരയിലേക്ക് തിരിക്കാനായി തീരുമാനിച്ചിട്ട് ദിവസങ്ങളായി. രമേശ് ചെന്നിത്തലയെ അപമാനിച്ച് പുറത്താക്കിയെന്ന പരാതി ഒരു ഭാഗത്തുണ്ട്. മുല്ലപ്പള്ളിക്കുമുണ്ട് പരാതികൾ. എന്നാൽ സ്ഥാനം ഉടൻ ഒഴിഞ്ഞ് സ്വസ്ഥമായി ജീവിക്കണമെന്ന ആഗ്രഹത്തിലാണ് മുല്ലപ്പള്ളി.
 

കെ സുധാകരനെ കെ പി സി സി അധ്യക്ഷനായി ഉടൻ പ്രഖ്യാപിക്കുമെന്നായിരുന്നു മാധ്യമങ്ങളുടെ വെളിപ്പെടുത്തൽ. എന്നാൽ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചതുപോലെ അത്രയെളുപ്പമായിരുന്നില്ല കെ സുധാകരനെ പ്രതിഷ്ഠിക്കൽ. കാരണം സുധാകരൻ വേണ്ടെന്നാണ് ഭൂരപക്ഷം കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം. തീവ്രവാദിയാണ് കെ സുധാകരനെന്നാണ് പ്രധാന ആരോപണം. 
 
കോൺഗ്രസിന്റെ പ്രകടന പത്രിക തയാറാക്കിയ ഡോ . ശശി തരൂർ  കെ. സുധാകരനെ പിന്തുണച്ചുകൊണ്ട് ഹൈക്കമാണ്ടിനു  ശിപാർശ ചെയ്തതായും അറിയുന്നു. കെ. സുധാകരനെ കെ.പി.സി.സി പ്രസിഡണ്ട് ആകണമെന്ന്  സാധരണ പ്രവർത്തകരുടെ വികാരം എന്നാണ് .ഡോ. ശശി തരൂർ ഹൈക്കമാൻഡിൽ ശിപാർശ ചെയ്തിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ  ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മൗനത്തിലാണ്. ഹൈക്കമാന്റ് പ്രതിനിധി കെ സി വേണുഗോപാലും മൗനത്തിലാണത്രേ….കൊടിക്കുന്നിൽ സുരേന്ദ്രൻ വരുന്നതിനോടാണ് നേതാക്കന്മാരിൽ പലർക്കും താല്പര്യം. തീരുമാനം ഉടൻ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്റ്. അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ചതോടെ ഉടൻ തീരുമാനം എന്നു പറഞ്ഞിരുന്ന നേതാക്കളും   ഇപ്പോൾ മൗനത്തിലാണത്രേ…

ആരെയും വേദനിപ്പിക്കാതെ കെ പി സി സി അധ്യക്ഷനെ തീരുമാനിക്കണമെന്നാണ് പുതിയ നിർദ്ദേശം. രണ്ടാം തവണയും ഭരണം നഷ്ടപ്പെട്ട സാഹചര്യത്തിൽ നിന്നും പാർട്ടിയെ ഉയർത്തിയെടുക്കാുൻ കെൽപ്പുളള നേതാവായിരിക്കണം കെ പി സി സി യെ നയിക്കേണ്ടതെന്നാണ് ഹൈക്കമാന്റിന്റെ അഭിപ്രായം. രാഹുൽ ഗാന്ധി കെ സുധാകരനെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും കാര്യം അത്ര എളുപ്പമായില്ല.

കെ സുധാകരനും, കൊടുക്കുന്നിൽ സുരേന്ദ്രനുമല്ലാത്ത ഒരാളെ കണ്ടെത്താനുള്ള നീക്കവും ഹൈക്കമാന്റ് നടത്തുന്നുണ്ടത്രേ…
കെ പി സി സി അധ്യക്ഷനെ കണ്ടെത്തിയിട്ടുവേണം, ഒരു യു ഡി എഫ് കൺവീനറെ കണ്ടെത്താൻ , അപ്പോഴേക്കും പാർലമെന്റ് തെരഞ്ഞെടുപ്പ് ഇങ്ങ് എത്തും.


സ്മാരകത്തിലും  വിവേചനം

ഈയിടെ അന്തരിച്ച രണ്ട് പ്രമുഖരായിരുന്നു കെ ആർ ഗൗരിയമ്മയും, ആർ ബാലകൃഷ്ണ പിള്ളയും. ഗൗരിയമ്മ കേരളത്തിലെ ഏറ്റവും ത്യാഗനിർഭരമായ രാഷ്ട്രീയ ജീവിതം നയിച്ച അപൂർവ്വങ്ങളിൽ അപൂർവം വനിതാ നേതാവ്. അവർ ചില അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ സി പിഎമ്മിനോട് വിടപറഞ്ഞു. പിന്നീട് നടത്തിയ പോരാട്ടങ്ങൾ സി പി എം നേതാക്കളോടായിരുന്നു.
ഗൗരിയമ്മ പിന്നീട് സി പി എമ്മിനോട് സന്ധിയായി.
 

ബാലകൃഷ്ണ പിള്ളിയുടെ പൊതു ജീവിതം ആരംഭിച്ചത് വിപ്ലവിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു. പിന്നീട് കോൺഗ്രസ് നേതായി, എൻ എസ് എസ് നേതാവായി, കേരളാ കോൺഗ്രസുണ്ടാക്കി. ഐക്യമുന്നണിയുണ്ടാക്കി. കമ്യൂണിസ്റ്റുകളായിരുന്നു മുഖ്യശത്രു.
വർഷങ്ങളോളം സി പി എമ്മും കേരളാ കോൺഗ്രസും തമ്മിൽ പോരാടി. വി എസ് അച്ചുതാനന്ദനുമായുള്ള പോരാട്ടത്തിൽ ബാലകൃഷ്ണപിള്ള ജയിൽ വാസവും അനുഷ്ഠിച്ചു. അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന മുൻമന്ത്രിയായി പിള്ള അറിയപ്പെട്ടു. എന്നിട്ടോ, അവസാന റീച്ചിൽ കേരളാ കോൺഗ്രസ് ബി യെന്ന പാർട്ടിയിലൂടെ ബാലകൃഷ്ണപിള്ളയും മകനും  ഇടതുമുന്നണിയിലെത്തി.

ഈ രണ്ടു നേതാക്കൾക്ക് സ്മാരകം പണിയാനാണ് സർക്കാർ രണ്ട് കോടി രൂപാവീതം ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ വിടപറഞ്ഞ കേരളാ കോൺഗ്രസ് നേതാവ് കെ എം മാണിയുടെ സ്മാരകത്തിനും എം പി  വീരേന്ദ്രകുമാറിന്റെ സ്മാരകത്തിനും  അഞ്ച് കോടിയായിരുന്നു ബജറ്റുവിഹിതമെന്ന് ഇവിടെ സ്മരിക്കുക.

ജോസ് കെ മാണിക്ക് ആദ്യമായി ഇടത് പ്രേമമുണ്ടായത് ഈ ബജറ്റുനിർദ്ദേശമായിരുന്നു. ബാർകോഴ വിവാദങ്ങളിൽ മുങ്ങി, നിയമസഭയിൽ അക്രമങ്ങൾ നടന്നതൊക്കെ ഈ കെ എം മാണിയുടെ പേരിലായിരുന്നു.

സംസ്ഥാനത്തിന് വലിയ സംഭാവനകൾ നൽകിയവരാണ് ഈ നേതാക്കൾ എന്ന് അംഗീകരിക്കുന്നു.  എന്നാൽ എന്തിനാണ് ഈ നേതാക്കൾക്കൊക്കെ കോടികൾ ചിലവഴിച്ച് സ്മാരകം പണിയുന്നതെന്ന് ഇതുവരെയും മനസിലായിട്ടില്ല.
ബാലകൃഷ്ണ പിള്ള കേവലം പൊതുപ്രവർത്തകൻ മാത്രമായിരുന്നില്ല. കോടികൾ ആസ്തിയുള്ള വ്യക്തി കൂടിയായിരുന്നു. സ്മാരകം പണിയാനുള്ള പണമൊക്കെ അവരുടെ കൈയ്യിലുണ്ട്. വീരേന്ദ്രകുമാറും, കെ എം മാണിയും സമ്പന്നരായിരുന്നു. ഗൗരിയമ്മയ്ക്കുമുണ്ട് നല്ല സമ്പത്ത്. അപ്പോൾ എന്തിനാണ് സാർ ഈ നികുതി പണം ദുർവ്യയയം ചെയ്യുന്നതെന്ന് ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ടാവില്ല.

ചെലവ് ചുരുക്കുക  
 
ചെലവ് ചുരുക്കുകയാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാലൻ സാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അദ്ദേഹം തന്നെയാണ് ഈ സ്മാരകഫണ്ടും പ്രഖ്യാപിച്ചത്.
 


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വാസയോഗ്യമാക്കാൻ 90 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. ഇതുവരെ ഇവിടെ താമസിച്ചുവന്നിരുന്നതും ഇതേ മുഖ്യനാണെന്നത് തൽക്കാലം മറക്കാം.
റവന്യൂ മന്ത്രി രാജൻ മാത്രമാണ് ഔദ്യോഗിക വസതിയിൽ അറ്റകുറ്റപണിയൊന്നും നടത്തേണ്ടെന്ന് തീരുമാനിച്ച മന്ത്രി. ഇതൊന്നും ധൂർത്തായി കാണരുത്… ഭരണാധികാരികൾ സുഖമായി ജീവിക്കട്ടെ , അവർ ഈ ദുരിതമെല്ലാം പേറുന്നത് രാജ്യത്തിന് വേണ്ടിയാണ്….സാർ..

സ്പീക്കറെ എന്ത് വിളിക്കണമെന്ന് അറിയാത്ത ഷംസീർ….

സ്പീക്കറെ സാർ എന്നു വിളിക്കണോ, അതോ അങ്ങ്  എന്നു വിളിക്കണോ എന്നൊക്കെയുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത് സ്പീക്കർ എം ബി രാജേഷാണ്. ബഹുമാനപ്പെട്ട സ്പീക്കർ എന്നു വിളിക്കാം, എന്നും സ്പീക്കർ എന്നുള്ള വിളി ഒഴിവാക്കാമെന്നുമൊക്കെ പറഞ്ഞുവെങ്കിലും നിയമസഭയിൽ തലതൊട്ടപ്പൻമാരടക്കം സാർ, എന്നു വിളിച്ചാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്.
 

ഇതിനിടയിലാണ് തലശേരി എം എൽ എയായ എ എൻ ഷംസീറിന്റെ നിങ്ങൾ പ്രയോഗം നടന്നത്. ചട്ടപ്രകാരം സാർ എന്നു മാത്രമേ സ്പീക്കറെ സംബോധന ചെയ്യാൻ പാടുള്ളൂവെന്നകാര്യം ഷംസീർ എം എൽ എ മറന്നു. പോരാട്ട ഭൂമിയിൽ തലതെന്നി വീണപ്പോളുണ്ടായ ഓർമ്മക്കുറവായിരുന്നു ഷംസീറിനെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാൽ അതൊന്നുമല്ല കാരണമെന്നാണ് ശത്രുക്കൾ പറയുന്നത്. മന്ത്രികസേര സ്വപ്‌നം കണ്ട ഷംസീറിനുണ്ടായ മോഹഭംഗമാണ് നിയമസഭയിലുണ്ടായ പ്രസംഗത്തിൽ നിങ്ങൾ പ്രയോഗത്തിന് കാരണമെന്നാണ് ആരോപണം.


സാർ എന്നതിന് പകരം വിളി നിങ്ങളെന്ന്, തലശേരി എം എൽ എക്ക് പറ്റിയ അമളിയെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.
എ എൻ ഷംസീർ എം എൽ എ ടെലിവിഷൻ ചർച്ചയിലെ പ്രധാന താരമാണ്. എൽ ഡി എഫിനെ ഡിഫന്റ് ചെയ്യാൻ എന്നും മുന്നിൽ നിന്ന സഖാവ്. പക്ഷേ, രണ്ടാം തവണയും തലശേരിയിൽ നിന്നും ജയിച്ചുവന്നപ്പോൾ എന്തെങ്കിലും പരിഗണന ലഭിക്കുമെന്നായിരുന്നുവല്ലോ പ്രതീക്ഷിച്ചിരുന്നത്. പാവം വിറകുവെട്ടലും വെള്ളം കോരലുമാത്രമായിരുന്നു ഷംസീറിനുള്ള ചുമല.

വാൽകഷണം :

പഞ്ചാബ് കോൺഗ്രസിലും കുഴപ്പമാണത്രേ, കേരളത്തിലെ കോൺഗ്രസ് അധ്യക്ഷനെ പഞ്ചാബിലെ കോൺഗ്രസ് കലാപത്തിനു ശേഷമേ പ്രഖ്യാപിക്കൂ….കോൺഗ്രസ് ഭരണത്തിലിരിക്കുന്ന അപൂർവ്വ സ്ഥലങ്ങളിൽ ഒന്നാണ് പഞ്ചാബ്.

LEAVE A REPLY

Please enter your comment!
Please enter your name here