രാജേഷ് തില്ലങ്കേരി


ഒടുവിൽ തീരുമാനം വന്നിരിക്കുന്നു. കെ സുധാകരൻ കെ പി സി സി അധ്യക്ഷൻ. ഏറെക്കാലം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് കെ സുധാകരനെ കെ പി സി സി അധ്യക്ഷനായി കെ സുധാകരനെ ഹൈക്കമാന്റ് പ്രഖ്യാപനം.  
കേരളത്തിലെ കോൺഗ്രസിൽ വൻ അഴിച്ചു പണിയുണ്ടാവുമെന്ന പ്രഖ്യാപനത്തെതുടർന്ന് ഹൈക്കമാന്റ് ധീരമായ ഒരു നിലപാട് കൈക്കൊണ്ടു. ഗ്രൂപ്പും, പക്കവും നോക്കാതെ പ്രതിപക്ഷ നേതാവായി വി ഡി സതീശനെ  പ്രഖ്യാപിച്ചുകളഞ്ഞു. പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല തുടരട്ടേയെന്ന തലമുതിർന്ന നേതാക്കളുടെ അഭിപ്രായത്തെ അവഗണിച്ചായിരുന്നു  വി ഡി സതീശന്റെ നിയമനം.

വി ഡി സതീശനെ പ്രതിപക്ഷനേതാവായി പ്രഖ്യാപിച്ചതോടെ അപമാനിതനായി എന്നായിരുന്നു പിന്നീട് രമേശ് ചെന്നിത്തലയുടെ കത്തിലെ വേദനിപ്പിക്കുന്ന ഭാഗം. ഇപ്പോഴിതാ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി കെ സുധാകരനെ കെ പി സി സി അധ്യക്ഷനാക്കാനുള്ള  തീരുമാനവും വന്നിരിക്കുന്നു. സുധാകരൻ കെ പി സി സി അധ്യക്ഷനാവാനുള്ള സാധ്യത മുന്നിൽ കണ്ട് ഏത് വിധേനയും ഇത് തടയാനായി  ഗ്രൂപ്പ് മാനേജർമാരുടെ നീക്കമുണ്ടായി. ഇതിനെയെല്ലാം അട്ടിമറിച്ചാണ് കെ സുധാകരനെ അധ്യക്ഷ പദവിയിലേക്ക് ഹൈക്കമാന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുല്ലപ്പള്ളിയുടെ വേദന കത്തിലൂടെയും അശോക് ചവാനിലൂടെയും കോൺഗ്രസ് നേതൃത്വം നേരത്തെ അറിഞ്ഞിരുന്നു. തൊലിപ്പുറത്തുള്ള ചികിൽസയല്ല ആവശ്യമെന്നും, ബൈപ്പാസ് സർജറിയാണ് വേണ്ടതെന്നുമുള്ള അശോക് ചവാൻ കമ്മിറ്റിയുടെ റിപ്പോർട്ടിനാണ് ഹൈക്കമാന്റ് പരിഗണന നൽകിയത്.

ചെന്നിത്തല ഗ്രൂപ്പും, ഉമ്മൻ ചാണ്ടി ഗ്രൂപ്പും നിയന്ത്രിച്ചിരുന്ന കോൺഗ്രസിന് ഇനിയങ്ങോട്ട്  കേരള രാഷ്ട്രീയത്തിൽ കാര്യമായി ഒന്നും ചെയ്യാനാവില്ല എന്ന ദേശീയ നേതൃത്വത്തിന്റെ തിരിച്ചറിവാണ് ഹൈക്കമാന്റിനെക്കൊണ്ട് ശക്തമായ നിലപാട് സ്വീകരിപ്പിച്ചത്. ഈ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് തന്നെ സ്വീകരിച്ചിരുന്നുവെങ്കിൽ ഇത്രയും പരിതാപകരമാവുമായിരുന്നില്ലെന്ന് വിശ്വസിക്കുന്നവരാണ് കോൺഗ്രസുകാരിൽ ഏറിയ പങ്കും.
 


ശാക്തിക ബലാബലത്തിൽ മാറ്റം വരികയാണ്. ആദ്യം വി ഡി സതീശൻ, ഇനി ഇന്ദിരാ ഭവനിൽ കെ സുധാകരനും എത്തുന്നു. ഗ്രൂപ്പ് വീതം വെക്കലാണ് കേരളത്തിലെ തോൽവിക്ക് പ്രധാന കാരണമെന്ന കണ്ടെത്തലാണ് മുതിർന്ന നേതാക്കളുടെ ശക്തമായ ഇടപെടലിലേക്ക് എത്തിയത്.

കേരളത്തിലെ തോൽവി പഠിച്ച്  അശോക് ചവാൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടുകളും, താരിഖ് അൻവറിന്റെ അവലോകന റിപ്പോർട്ടും കേരളത്തിലെ പാർട്ടിക്ക് പുതുജീവൻ നൽകാൻ സുധാകരൻ വരുന്നതാണ് നല്ലതെന്ന് വിധിച്ചു, രാഹുൽ ഗാന്ധിയുടെ  തീരുമാനവും നിർണായകമായത്രേ… .
ഇനി കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുളള ഭാരിച്ച ഉത്തരവാദിത്വമാണ് കെ സുധാകരനും, വി ഡി സതീശനും ഏറ്റെടുക്കുന്നത്. മുറിവേറ്റ സിംഹങ്ങളുമായുള്ള ഏറ്റുമുട്ടലും, എൽ ഡി എഫിനോടുള്ള ഏറ്റുമുട്ടലും ഒരേപോലെ കൊണ്ടുപോവാൻ കഴിയണമെന്ന് ചുരുക്കം.


ഒടുവിൽ കോവിഡ് വാക്സിൻ സൗജന്യമാവുന്നു


പെട്രോൾ വില സെഞ്ച്വറിയടിച്ച ദിനത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന വാർത്ത പുറത്തുവന്നത്. എല്ലാവരും ഭയന്നു, കാരണം പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുമ്പോഴെല്ലാം എന്തെങ്കിലും ദുരിതം അടിച്ചേൽപ്പിക്കുകയെന്നതായിരുന്നുവല്ലോ പതിവു രീതി. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി വൈകിട്ട് 5 ന്  മാധ്യമങ്ങളെ കാണുന്നുവെന്ന വാർത്ത പുറത്തുവന്നപ്പോൾ ഓരോ ഭാരതീയനും ഭയത്തോടെയാണ് പിന്നീടുള്ള ഓരോ സെക്കന്റുകളും പിന്നിട്ടത്. പ്രധാനമന്ത്രിയുടെ ഓരോ പ്രഖ്യാപനവും പൗരന്മാരെ ഞെട്ടിപ്പിച്ച ചരിത്രമാണല്ലോ പറയാനുള്ളത്.
 

ഏഴുവർഷം കൊണ്ട് എട്ടിന്റെ പണിയാണ് മോദി ജനത്തിന് കൊടുത്തത്. വിദേശരാജ്യസഞ്ചാരത്തിൽ മാത്രം താല്പര്യമുള്ള പ്രധാനമന്ത്രിയായ മോദിക്ക് ഒറ്റ ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ,  ലോകനേതാവാകുക, അതിനുള്ള ശ്രമത്തിലായിരുന്നു സാക്ഷാൽ നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്റായിരുന്ന  ട്രംപിനെയാണ് മോദി ഈ ലക്ഷ്യം കൈവരിക്കാനായി ഒക്കചങ്ങാതിയായി കണ്ടിരുന്നത്.  സ്വന്തം സുഹൃത്തെന്നായിരുന്നു മോദി ട്രംപിനെ വിശേഷിപ്പിച്ചിരുന്നത്. കോവിഡ് നയമാണ് ട്രംപിനെ വൈറ്റ് ഹൗസിൽ നിന്നും തെറിപ്പിച്ചത്. ഇതേ വഴിയിലാണ് സുഹൃത്ത് മോദിയും.
 
കോവിഡ് നിയന്ത്രിക്കുന്നതിൽ വൻപരാജയം നേരിട്ട പ്രധാനമന്ത്രിയായി ലോകം വിശേഷിപ്പിക്കുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് നരേന്ദ്രമോദി. ലോകരാജ്യങ്ങൾക്കിടയിൽ ഇത്രയേറെ അപഹാസ്യനായ മറ്റൊരു നേതാവും വേറെയില്ല. ചാണകം കൊണ്ടും, ഗംഗാജലം കുടിച്ചുമൊക്കെ കോവിഡിനെ തടയാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് കോവിഡ് നിയന്ത്രിക്കാൻ വാക്സിനേഷനാണ് പോംവഴിയെന്ന് മോദി തിരിച്ചറിഞ്ഞത്.

തകർന്ന് തരിപ്പണമായ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ അടിയന്തിരമായി എന്തെങ്കിലും ചെയ്യണെന്ന് മോദിക്ക് തോന്നതലുണ്ടായതൊന്നുമായിരുന്നില്ല,  സുപ്രിംകോടതി വരെ സർക്കാരിനെതിരെ തിരിഞ്ഞതോടെയാണ്  രാജ്യത്തെ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് പ്രഖ്യാപനം നടത്താൻ മോദി നിർബന്ധിതനായത്.

 പാട്ടകൊട്ടിയും, വിളക്ക് കത്തിച്ചും കോവിഡിനെ ഓടിക്കാനുള്ള ശ്രമം പരാജയമാണെന്ന് തിരിച്ചറിയാൻ ഒരുവർഷവും, രണ്ടു മാസവും വേണ്ടിവന്നു മോദിജിക്ക്.  

കോവിഡ് വാക്സിന്റെ കാര്യത്തിൽ തണുപ്പൻ നയമായിരുന്നു ഇതുവരെ കേന്ദ്രം കൈക്കൊണ്ടിരുന്നത്. വാക്സിൻ നയം കഴിഞ്ഞ മാസം പ്രഖ്യാപിച്ചപ്പോൾ 45 വയസിന് മുകളിലുള്ളവർക്ക് പരിഗണന എന്നായിരുന്നു മോദി നയം. മറ്റുള്ളവർ പണം കൊടുത്ത് വാക്സിൻ വാങ്ങിക്കണമെന്നായിരുന്നു കേന്ദ്രനയം.

കോവിഡ്  രണ്ടാം തരംഗം ഉണ്ടാവുമെന്നുള്ള റിപ്പോർട്ടുകളൊന്നും മോദി കണ്ടിരുന്നില്ല, നമ്മൾ കോവിഡിനെ അതിജീവിച്ചു എന്നായിരുന്നു മോദി വിശ്വസിച്ചിരുന്നത്. അല്ലെങ്കിൽ വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നത്. കേരളം കോവിഡിനെ പിടിച്ചുകെട്ടിയെന്നും, ലോകത്തിന് കേരളം മാതൃകയാണ് എന്നൊക്കെ തള്ളുന്നതുപോലെയുള്ള ഒരു തള്ളുമാത്രമായിരുന്നു മോദിയും നടത്തിയിരുന്നത്.

പെട്രോൾ വില 100 ൽ

രാജ്യത്ത് ഒരു വിസനവും നടന്നില്ലെങ്കിലും ജാഗ്രതയോടെ നടപ്പാക്കുന്ന ഒരു പരിപാടിയാണ് പെട്രോൾ വില വർധന. അത് മുടങ്ങാതെ എല്ലാദിവസവും കൃത്യമായി നടപ്പാക്കുന്നുണ്ട്. 26 പൈസ, 17 പൈസയൊക്കെയാണ് വർധിപ്പിക്കുന്നത് എന്നത് നമ്മളെ വല്ലാതെ നാണം കെടുത്തുന്നുണ്ട്. നമ്മുടെ നിലവാരം വർധിച്ചതൊന്നും പെട്രോൾ കമ്പനി അറിഞ്ഞില്ലെന്നാണോ…
 

ലിറ്ററിന് 100 രൂപ വീതം കൊടുത്ത് പെട്രോളടിക്കുന്നതിലുള്ള ഗമയൊന്നു വേറെയാണെന്ന് മനസിലാവാത്തവരൊന്നുമല്ല കേന്ദ്രം ഭരിക്കുന്നത്. നമ്മുടെ നിലവാരം ഉയർത്തിയ സർക്കാരിനെയോർത്ത് നാം അഭിമാനിക്കണം.   പിന്നെ നമ്മുടെ രാജ്യത്തെ കള്ളപ്പണം മുഴുവൻ ഇല്ലാതാക്കുമെന്നായിരുന്നല്ലോ 2016 ൽ നോട്ട് നിരോധന കാലത്ത് പ്രധാനമന്ത്രി പറഞ്ഞിരുന്നത്.  പെട്രോളിന്റെ വില  അമ്പത് രൂപയാക്കി കുറയ്ക്കാനുള്ള മോദിയുടെ ശ്രമം ഫലിച്ചിരിക്കുന്നു. പെട്രോളിന്റെ വില അരലിറ്ററിന് അമ്പത് രൂപയായി, പിന്നെ… കള്ളപ്പണം മുഴുവൻ ഒരു പ്രത്യേക കക്ഷികളുടെ കൈകളിലായി. അത് ഒരിക്കലും രാഷ്ട്രവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താനും മോദിക്ക് കഴിഞ്ഞിരിക്കുന്നു.
ആനന്ദിപ്പിൽ, അഭിമാനിക്കുവിൻ, ഇതിൽ പരം നേട്ടങ്ങൾ കൈവരിക്കാൻ മോദിക്കല്ലാതെ വേറെ ആർക്കാണ് കഴിയുക.


മുട്ടിൽ മരംമുറിവിവാദം: മുട്ടിടിക്കുന്ന സി പി ഐ മുൻമന്ത്രിമാർ


ഈട്ടിത്തടി വെട്ടിക്കടത്താനുള്ള നീക്കം പാളിയതിന്റെ ജാള്യതയിലാണ് ഇടതുമുന്നണി സർക്കാർ. ഒന്നാം പിണറായി സർക്കാർ ഏറെ വിവാദത്തിൽ പെടാൻ സാധ്യതയുണ്ടായിരുന്ന തട്ടിപ്പാണ് വയനാട് മുട്ടിൽ തടിവെട്ട് കേസ്.
റവന്യൂ വകുപ്പും, വനം വകുപ്പും ഒരുപോലെ വെട്ടിലായിരിക്കുന്ന വിവാദമാണ് ഈട്ടി വെട്ടിക്കടത്താനുള്ള ശ്രമം. ഈട്ടിയും, തേക്കും, ചന്ദനവും സംരക്ഷിത വിഭാഗത്തിൽ വരുന്ന തടിയാണ്. സ്വകാര്യ ഭൂമിയിൽ നിന്നുപോലും ഇവ വെട്ടിമാറ്റാൻ പ്രത്യേക അനുമതി വേണം.

ഈ നിയമങ്ങളിൽ വെള്ളം ചേർത്താണ് കോടികൾ വിലമതിക്കുന്ന ഈട്ടി വെട്ടിമാറ്റിയത്. ആദിവാസികളുടെയും മറ്റും താമസ സ്ഥലത്തുനിന്നും വൻകിട ഗ്രൂപ്പുകൾ തടിവെട്ടി മാറ്റിയ സംഭവം, മാസങ്ങൾക്കിപ്പുറമാണ് വാർത്തയാവുന്നത്.
 

സംഭവം വിവാദമാവുമെന്ന് വ്യക്തമായി അറിയാവുന്നതിനാലാവണം, വനം വകുപ്പ് വിട്ടുകൊടുക്കാൻ സി പി ഐ തയ്യാറായതെന്നാണ് ആരോപണം. സി പി ഐ നേതാവ് ബിനോയ് വിശ്വം വനം മന്ത്രിയായിരുന്ന വേളയിൽ പേരിയ വനഭൂമിയിൽ നിന്നും മരം വെട്ടിക്കടത്തിയ സംഭവം ഏറെ വിവാദമായിരുന്നു.

കൺസർവേറ്ററുടെ സഹായത്തോടെയാണ് മരം വെട്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ തന്റെ കാലത്തല്ല ഇതൊന്നും നടന്നതെന്നും, മെയ് 20 നുമാത്രമാണ് താൻ മന്ത്രിയായതെന്നുമാണ് നിലവിൽ വനം വകുപ്പിന്റെ ചുമതലയുള്ള എ കെ ശശീന്ദ്രൻ സഭയിൽ പറഞ്ഞിരിക്കുന്നത്.

റവന്യൂ വകുപ്പും, വനം വകുപ്പും സി പി ഐ യാണ് കൈകാര്യം ചെയ്തിരുന്നതെന്നും, തനിക്ക് ഈവക കുഴപ്പങ്ങളൊന്നും ഏറ്റെടുക്കാൻ ആവില്ലെന്നും മന്ത്രി ശശീന്ദ്രന്റെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാമായിരുന്നു.
ഉന്നത ബന്ധമുള്ളവരാണ് വയനാട്ടിലെ ഈട്ടി കൊള്ളയ്ക്ക് പിറകിലെന്നാണ് കരാറുകാരൻ പറയുന്നത്. വനം മന്ത്രിയായിരുന്ന അഡ്വ കെ രാജുവിന് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാൻ കഴിയില്ലെന്നിരിക്കെ വരും ദിവസങ്ങളിൽ സി പി ഐ കൂടുതൽ പ്രതിരോധത്തിലാവും.

 

ഭരണ പരിഷ്‌ക്കാരത്തിന് ചിലവായത് 10 കോടി, ഫലം വട്ടപൂജ്യം

കേരളത്തിലെ ഭരണ പരിഷ്‌ക്കാര കമ്മീഷൻ ചെയർമാനായി വി എസ് അച്ചുതാനന്ദൻ സേവനമനുഷ്ഠിച്ചത് നാല് വർഷം. അദ്ദേഹം ഭരണ പരിഷ്‌ക്കാരം നടപ്പാക്കാനായി നൽകിയ നിർദ്ദേശങ്ങൾ 16 എണ്ണം. ഇവയേതെങ്കിലും നടപ്പാക്കിയോ എന്നു ചോദിച്ചാൽ സോറി, ഇല്ല എന്ന് ഉത്തരം. അപ്പോ ചിലവായ പണമോ എന്നു ചോദിച്ചാൽ പത്തു കോടി ചിലവായി എന്ന് ഉത്തരം, പിന്നെ എന്തിനാണ് ഈ ഭരണ പരിഷ്‌ക്കാര കമ്മീഷൻ രൂപീകരിച്ചതെന്ന് ചോദിച്ചാൽ ഗൂഢമായോരു ചിരി.
 

മുൻ മുഖ്യമന്ത്രിയും രാജ്യത്തെ സമുന്നതനായ കമ്യൂണിസ്റ്റു നേതാവായ വി എസ് അച്ചുതാനന്ദനായിരുന്നു ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ. വി എസിന് ഒരു ക്യാബിനറ്റ് റാങ്ക് നൽകി സന്തോഷിപ്പിച്ച് ഇരുത്താൻ സർക്കാർ ചിലവഴിച്ചത് 10 കോടിയെന്ന് അർത്ഥം.

ന്യൂനപക്ഷ കമ്മീഷൻ ചെയർമാന് ചിലവായത് എത്രയെന്ന് ഇപ്പോഴും നിശ്ചയമില്ല.
എന്തിനാണ് ഇത്തരം ദുർവ്യയം എന്ന് സർക്കാർ ആലോചിക്കേണ്ട സമയമാണിത്. കോടികൾ കടമെടുത്ത് കടക്കെണിയിലായ സംസ്ഥാന സർക്കാരിന് എന്തിനാണ് ഇത്തരം കമ്മീഷനുകളെന്ന് ഇനിയെങ്കിലും സർക്കാർ ആലോക്കേണ്ടിയിരിക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കേണ്ടതുണ്ടോ എന്ന് പി ടി തോമസ്


സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ലക്ഷങ്ങൾ ചിലവഴിച്ച് ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കേണ്ടതുണ്ടോ എന്ന് കോൺഗ്രസ് നേതാവ് പി ടി തോമസ് . പി ടി തോമസ് നിയമസഭയിൽ ചോദ്യോത്തരവേളയിലായിരുന്നു ചോദ്യം ഉന്നയിച്ചത്. എന്നാൽ ക്ലിഫ് ഹൗസ് എന്ന് പേരെടുത്തുപറയാതെയായിരുന്നു ധനമന്ത്രിയുട മറുപടി.  നൂറുവർഷം പഴക്കമുള്ള ചില മന്ത്രിഭവനങ്ങൾ അറ്റകുറ്റപണി നടത്തേണ്ടതുണ്ടെന്നായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ മറുപടി.
 

എല്ലാ വർഷവും ലക്ഷക്കണക്കിന് രൂപയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെതടക്കം മന്ത്രിമന്ദിരങ്ങളുട അറ്റകുറ്റപണിക്കായി ചിലവഴിക്കുന്നത്. എന്തുകൊണ്ടാണ് പഴകി താമസ യോഗ്യമല്ലാതായ ക്ലിഫ് ഹൗസ് അടക്കമുള്ള മന്ത്രിഭവനങ്ങൾ മാറ്റിപ്പണിയാത്തത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഒരു കോടിയോളം രൂപയാണ് ഇത്തവണ ക്ലിഫ് ഹൗസിന് മാത്രം ചിലവഴിക്കുന്നത്.   പുതിയ കെട്ടിടം പണിയാൻ ഇത്രയും തുക ചിലവഴിച്ചാൽ മതിയാവുമെന്നിരിക്കെ, എന്തിനാണ് ഈ അറ്റകുറ്റപ്പണിയെന്നാണ് ആർക്കും വ്യക്തമാവാത്തത്.
എന്തായാലും ചിലവ് ചുരുക്കും എന്നുതന്നെയാണ് സർക്കാർ പറയുന്നത്. ജനക്ഷേമ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കും എന്നാണ് അർത്ഥമെന്ന് തിരിച്ചറിയാൻ വൈകരുത്.

ഒന്നിനു പുറകെ മറ്റൊന്ന്, കെ സുരേന്ദ്രൻ കൂടുതൽ കുരുക്കിലേക്ക്….

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പെട്ടിരിക്കുന്ന കുരുക്ക് കണ്ടാൽ ശത്രുക്കൾക്ക് പോലും ഹൃദയവേദനവരും. തെരഞ്ഞെടുപ്പിന് മുൻപ് ഒരു ദേശീയ നേതാവിന്റെ തലയെടുപ്പുണ്ടായിരുന്നു കെ സുരേന്ദ്രന്. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു, ഫോൺവിളിച്ചപ്പോൾ തന്നെ മഞ്ചേശ്വരത്ത്  അപരനായിരുന്ന കെ സുന്ദര നാമനിർദ്ദേശ പത്രിക പിൻവലിച്ച് ബി ജെ പിക്ക് ഒപ്പം ചേരുന്നു. അടിസ്ഥാന വർഗത്തിന്റെ മോചന നേതാവായിരുന്ന സി കെ ജാനുവിന്റെ പാർട്ടി എൻ ഡി എയിലേക്ക് തിരിച്ചെത്തിയതും കെ സുരേന്ദ്രന്റെ ഇടപെടലിലൂടെയായിരുന്നു. എന്നാൽ ഇതെല്ലാം പണത്തിന്റെ ശക്തിയിലായിരുന്നു വെന്ന് പുറത്തുവരുന്നത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. ‘കൊടകര കള്ളപ്പണ’  വിവാദത്തിൽ ആകെ നാണം കെട്ടിരിക്കയാണ് സുരേന്ദ്രൻ. കേസിൽ ചോദ്യം ചെയ്യാനായി സുരേന്ദ്രന്റെ മകനെ വരെ ചോദ്യം ചെയ്യാൻ അന്വേഷ ഉദ്യോഗസ്ഥർ തീരുമാനിച്ചതോടെ ബി ജെ പി അൽപമൊന്നു ഭയന്നു എന്നതാണ് സത്യം. അതോടെയാണ് സുരേന്ദ്രന്റെ രക്ഷയ്ക്കായി കുമ്മനം രാജശേഖരൻ അടക്കം രംഗത്തെത്തിയത്.
 

ജാനുവിന് പത്ത് ലക്ഷം നൽകിയെന്ന് പറഞ്ഞ പാർട്ടി ട്രഷറർ പ്രസീദയെ കഴിഞ്ഞ ദിവസം സുരേന്ദ്രൻ വെല്ലുവിളിച്ചു.
മഞ്ചേശ്വരത്ത് കെ സുന്ദരയുടെ വെളിപ്പെടുത്തൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ  ഇതാ പ്രസീദ വീണ്ടും കൂടുതൽ ശബ്ദരേഖയുമായി എത്തിയിരിക്കുന്നു. ജാനുവിന് പണം കൊടുത്തതിന്റെ കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്.
ശബ്ദരേഖ ഒറിജിനൽ അല്ലെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. അതും പൊളിഞ്ഞിരിക്കയാണ്. ഇനി അറിയേണ്ടത് കുഴൽപണം, എവിടെ നിന്നും വന്നു, ആർക്കുവേണ്ടി വന്നു എന്നൊക്കയാണ്.
 കുഴൽ പണക്കേസ് സുരേന്ദ്രനിൽ എത്തില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതൊക്കെ ഒത്തു തീർക്കുമെന്നും പ്രതിപക്ഷം ആരോപിക്കുമ്പോൾ, കുറ്റക്കാർ ആരായാലും നിയമത്തിന് മുന്നിലെത്തിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

 സ്വർണകേസും, ഡോളർ കേസും, ശിവശങ്കരനും, സി എം രവീന്ദ്രനും ഒക്കെ എന്തായി എന്നാണ് ആളുകൾ ചോദിക്കുന്നത്. മറ്റൊരു കേസ് കിട്ടി, ഇനിയെന്ത് ഡോളർ കേസ്, എന്ത് സ്വർണകേസ്…ആർക്ക് വേണം, ഇതൊക്കെ….

എന്തായാലും വിശ്വാസം സംരക്ഷിക്കാനായി എല്ലാം മറന്ന് പ്രക്ഷോഭത്തിനിറങ്ങി അറസ്റ്റിലാവുകയും ജയിൽവാസമനുഷ്ഠിക്കുകയും ചെയ്ത ഭക്തകവി കെ സുരേന്ദ്രനെ ശബരിമല ശ്രീ അയ്യൻ രക്ഷിക്കട്ടെ. സ്വാമിയേ ശരണമയ്യപ്പാ….


വാൽകഷണം :


കൊടകരയിൽ രണ്ട് മാസം മുൻപ് ഗുണ്ടകൾ ചേർന്ന് തട്ടിയെടുത്ത പണത്തിന് ഉറവിടമുണ്ടെന്ന് പരാതിക്കാരനായ ധർമ്മരാജൻ. ഒരു കോടി രൂപ ബിസിനസ് ആവശ്യത്തിനായി ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവത്രേ… ഇഡി കേസ് അന്വേഷണം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ധർമ്മ രാജന്റെ പുതിയ വെളിപ്പെടുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here