തിരുവനന്തപുരം: ആലത്തൂർ എം.പി രമ്യ ഹരിദാസിനെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രമ്യാ ഹരിദാസിനെ വഴിയിൽ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തിൽ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രമ്യാഹരിദാസിനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരം ധിക്കാരപരമായ നടപടികൾ യു.ഡി.എഫ് കെെയും കെട്ടി നോക്കിയിരിക്കില്ലെന്നും സതീശൻ പറയുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു രമ്യയെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് എട്ടോളം പേർക്കെതിരെ എം.പി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ആലത്തൂരിലൂടെ വാഹനത്തിൽ പോകുകയായിരുന്ന രമ്യ പൊലീസ് സ്‌റ്റേഷന് സമീപത്തുവച്ച് ഹരിതകർമ്മസേനാ പ്രവര്‍ത്തകരുമായി സംസാരിച്ചു. അതിനുശേഷം വാഹനത്തിലേക്ക് കയറുന്ന സമയത്താണ് ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ ഉൾപ്പെടെയുള്ള സി.പി.എമ്മുകാർ തന്നെ തടയാനെത്തിയത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും തന്നോട് മോശമായി സംസാരിച്ചെന്നും എം.പി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ രമ്യ ഹരിദാസ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here