സ്വന്തം ലേഖകൻ

കവരത്തി: സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നും ബിജെപിയെ ഒഴിവാക്കി. കോർ കമ്മിറ്റി യോഗം ആണ് തീരുമാനം എടുത്തത്. ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി നടത്തിയ ദ്വീപ് വിരുദ്ധ പരാമർശത്തിലും ചലച്ചിത്രപ്രവർത്തക ഐഷ സുൽത്താനയ്ക്ക് എതിരെ കേസ് നൽകിയതിലും പ്രതിഷേധിച്ചാണ് നടപടി.

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻറെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിൻറെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഈ കൂട്ടായ്മയിൽ നിന്ന് ബിജെപിയെ ഒഴിവാക്കിയെന്ന തീരുമാനമാണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ഐഷ സുൽത്താനയ്‌ക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിരവധി ബിജെപി നേതാക്കൾ പാർട്ടി വിടുകയും ചെയ്തിരുന്നു.

പ്രഫുൽ പട്ടേലിനെ ‘ബയോവെപ്പൺ’ എന്ന് ചാനൽ ചർച്ചയ്ക്കിടെ വിശേഷിപ്പിച്ചതിനെതിരെ ലക്ഷദ്വീപിലെ ബിജെപി നേതാവ് നൽകിയ പരാതിയിലാണ് ഐഷക്കെതിരെ കേസെടുത്തത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. കേസ് പിൻവലിക്കണമന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്ത് വന്നിരുന്നു.

അതേസമയം ‘ബയോ വെപ്പൺ’ പരാമർശം നടത്തിയെന്നതിൻറെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഈ മാസം 20ന് ഹാജരാകാനാണ് പോലീസ് നിർദേശം നൽകിയിരിക്കുന്നതെന്നും പോലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നും ഹർജിക്കാരി ആവശ്യപ്പെടുകയായിരുന്നു.

രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽ ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടിയിട്ടുണ്ട്. വ്യാഴാഴ്ച കേസ് പരിഗണിക്കണമെന്ന ഐഷ സുൽത്താനയുടെ ആവശ്യവും കോടതി അംഗീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here